എണ്ണക്കമ്പനികളുടെ ലാഭക്കൊതി; അനുഭവിക്കുന്നത് പ്രവാസികള്‍

പാചകവാതകവില നിരന്തരം വര്‍ധിപ്പിക്കുന്നതിന്റെ ആഘാതം പ്രവാസികള്‍ കൂടിയാണ് അനുഭവിക്കുന്നത്. ഗള്‍ഫില്‍ ജോലി ചെയ്ത് നാട്ടിലേക്കയക്കുന്ന തുക കുടുബത്തിന് മതിയാകാതെ വരികയാണ്. പൊതുവെ വില വര്‍ധന കൊണ്ട് പൊറുതി മുട്ടുമ്പോഴാണ് ഇപ്പോള്‍ പാചക വാതക വിലയും കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നത്.
 ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 351 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ 1060 ആയിരുന്ന ഗാര്‍ഹിക സിലിണ്ടറിന്റെ വില കൊച്ചിയില്‍ 1110 രൂപയായി. നേരത്തെ 1,773 ആയിരുന്ന വാണിജ്യ സിലിണ്ടറിന്റെ വില ഇപ്പോള്‍ 2124 രൂപയായി വര്‍ധിച്ചു. സമീപകാലത്ത് പാചക വാതക വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്.   കഴിഞ്ഞ ജനുവരി ഒന്നിനാണ്  എല്‍ പി ജി സിലിണ്ടര്‍ വില കൂട്ടിയത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ അന്ന് 25 രൂപയുടെ വര്‍ധനവാണുണ്ടായത്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഗാര്‍ഹിക സിലിണ്ടറിന് ഇതിന് മുമ്പ് വില കൂട്ടിയത്. മേയ് മാസത്തില്‍ രണ്ട് തവണയായി 54 രൂപയോളം കൂട്ടിയിരുന്നു.ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുകയും റഷ്യയില്‍ നിന്ന് എണ്ണക്കമ്പനികള്‍ കുറഞ്ഞ വിലക്ക് ക്രൂഡോയില്‍ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന നിലവിലെ സാഹചര്യത്തിലാണ് കാരണമൊന്നുമില്ലാതെ വില കൂട്ടിയത്. ഇത് എണ്ണക്കമ്പനികളുടെ ലാഭക്കൊതിയല്ലാതെ മറ്റൊന്നുമല്ല.
 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News