Sorry, you need to enable JavaScript to visit this website.

പൊന്നാനിയിലെ ജില്ലാ ഭരണകൂടം; അയോധ്യയിലും പണി തുടങ്ങിയത് ജില്ലാ ഭരണകൂടമാണ്

അയോധ്യയിലും ജില്ലാ ഭരണകൂടമാണ് പണി തുടങ്ങിയത്, സ്ഥലത്തെ ചില ഹിന്ദു വർഗീയവാദികൾ ബാബരീ മസ്ജിദിനകത്ത് വിഗ്രഹങ്ങൾ സ്ഥാപിക്കുകയും സ്വയം ഭൂവായി എന്ന് പ്രചരിപ്പിക്കുകയും ചെയ്തപ്പോൾ പള്ളി പൂട്ടാൻ ഉത്തരവിട്ടത് ജില്ലാ മജിസ്‌ട്രേറ്റ് കെകെ നായരായിരുന്നു, ഒന്നും കാണാതെ മജിസ്‌ട്രേറ്റ് പള്ളി പൂട്ടാൻ പറയില്ലലോ എന്ന പൊതുബോധ പ്രചരണം അന്നുമുണ്ടായി, ശേഷം നടന്നത് ചരിത്രം.

പൊന്നാനി കേരളാ മുസ്ലിംകളുടെ വൈജ്ഞാനിക കേന്ദ്രമായിരുന്നു, മഖ്ദൂമുമാരുടെ നേതൃത്വത്തിൽ നടന്ന പൊന്നാനിയിലെ പള്ളി ദർസിൽ നിന്നാണ് കേരളത്തിന് അകത്തേക്കും വിദേശ രാജ്യങ്ങളിലേക്ക് വരെ ഇസ്ലാമീക വിശ്വാസ കർമ്മശാസ്ത്ര വിജ്ഞാനങ്ങൾ പകർന്നു നൽകപ്പെട്ടത്, പൊന്നാനി പള്ളിയിലെ വിളക്കത്തിരിക്കലായിരുന്നു അന്നത്തെ ബിരുദം. സൈനുദ്ധീൻ മഖ്ദൂം രണ്ടാമൻ കുറത്തുൽ അയ്‌നും, ഫത്ഹുൽ മുഈനും തുഹ്ഫത്തുൽ മുജാഹിദീനുമുൾപ്പടെയുള്ള വിഖ്യാത ഗ്രന്ഥങ്ങൾ രചിച്ചത് പൊന്നാനിയിലാണ്.  ഇസ്ലാമിലേക്ക് ആകൃഷ്ടരായ നിരവധി പേർക്ക് വിശ്വാസത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകാനായി ഒന്നേകാൽ നൂറ്റാണ്ട് മുമ്പ് സ്ഥാപിക്കപ്പെട്ടതാണ് മൗനത്തുൽ ഇസ്ലാം സഭ, റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയേക്കാൾ പ്രായമുണ്ട് ആ സ്ഥാപനത്തിന്.

ഉത്തരേന്ത്യയിൽ നടന്നുവരുന്ന മുസ്ലിം വിശ്വാസ-വിഭവങ്ങളുടെ മേലുള്ള കടന്നു കയറ്റത്തിന്റെ ഭാഗമാണ് പൊന്നാനിയിൽ കഴിഞ്ഞ ദിവസം നടന്നത്. സംഘിയുടെ പരാതിയിൽ വർഷങ്ങളായി നടന്നു വരുന്ന ഒരു സ്ഥാപനം നടത്തുന്ന നിർമ്മാണ പ്രവർത്തനം നിർത്തിവെക്കാൻ ജില്ലാ ഭരണകൂടമാണ് ഉത്തരവിടുന്നത്.
അയോധ്യയിൽ പള്ളിപൂട്ടാൻ ഉത്തരവിട്ട കെകെ നായർ തന്നെയായിരുന്നു പള്ളിയിൽ വിഗ്രഹം വെക്കാൻ ആളുകളെ ചട്ടം കെട്ടിയത് എന്ന യാഥാർഥ്യം പിന്നീട് പുറത്ത് വന്നതാണ്, കെകെ നായർ പിന്നീട് സംഘി എംപിയായി.   പൊന്നാനിയിലും പരാതിക്ക് പിന്നിൽ ഏതൊക്കെ കെകെ മാരുണ്ടെന്ന് കൃത്യമായി അന്വേഷിക്കേണ്ടതുണ്ട്. പരാതി കൊടുത്ത വക്കീൽ പിണറായിയുടെ ആഭ്യന്തരവകുപ്പിൽ നല്ല പിടിപാടുള്ളയാളാണ്. കോഴിക്കോട് ഐഐടിയിലെ അദ്ധ്യാപിക ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫെയ്‌സ്ബുക്കിൽ ഒരു കമ്മന്റിട്ടതിന് പോലീസ് കേസെടുത്ത വാർത്ത അറിഞ്ഞിരിക്കുമല്ലോ, ആ സംഘിണി കമ്മന്റിട്ടത്  ഗോഡ്‌സെയെ മഹാനാക്കി ചിത്രീകരിച്ച ഈ വക്കീലിന്റെ പോസ്റ്റിലാണ്. പോസ്റ്റിന് കേസില്ല കമന്റിന് കേസുണ്ട്..! ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന ഡീപ് സ്റ്റേറ്റിൽ പിടിപാടുള്ളവർ ചേർന്നാണ് മൗനത്തുൽ ഇസ്ലാം സഭക്കെതിരെ നീങ്ങുന്നത് എന്ന് വ്യക്തം.

കേരളത്തിൽ സംഘപരിവാർ വളരാത്തതിന് കാരണം ഇവിടത്തെ ഡെമോഗ്രഫിയാണ്, മുസ്ലിംകളും ക്രിസ്തനികളും ചേർന്നാൽ 58 ശതമാനം വരും. ഉത്തരേന്ത്യയിൽ പലയിടങ്ങളിലും മുസ്ലിംകൾ വളരെ ചെറിയ വിഭാഗമാണ്, ചിലയിടങ്ങളിൽ ഒട്ടുമില്ല. അവിടെ മുസ്ലിംകളെക്കുറിച്ച് ഭീതി പരത്താൻ എളുപ്പമാണ്. കേരളത്തിൽ മുസ്ലികൾ എല്ലായിടത്തുമുണ്ട്, ദൈനംദിന ജീവിതത്തിൽ പരസ്പരം കാണുകയും ഇടപഴകുകയും ചെയ്യുന്ന മുസ്ലിംകളെക്കുറിച്ചും ക്രിസ്ത്യാനികളെക്കുറിച്ചും നുണപറഞ്ഞു പിടിപ്പിക്കുന്നതിന് പരിമിതിയുണ്ട്, എന്നിട്ടും നാലിലൊന്ന് ഹിന്ദുക്കൾ സംഘികളാകാൻ കാരണം ശാഖകൾ വഴിയുള്ള നിരന്തരമായ പ്രവർത്തനമാണ്. ഇന്ത്യയിൽ യുപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആർഎസ്എസ് ശാഖകളുള്ളത് ചെറിയ സംസ്ഥാനമായ കേരളത്തിലാണ്. ഭരണകൂടത്തെ ഉപയോഗിച്ച് മുസ്ലിം ജീവിതം അശാന്തമാക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെയാണ് സംഘപരിവാർ നീങ്ങുന്നത്, മുസ്ലിം സമുദായവും കേരളത്തിൽ സൗഹാർദ്ധ അന്തരീക്ഷം നിലനിന്ന് കാണണം എന്നാഗ്രഹിക്കുന്നവരും അടിയന്തിരമായി ഇടപെടേണ്ടതുണ്ട്. മറ്റു മതക്കാരുടെ ആരാധനാലയങ്ങൾക്ക് മേൽ അവകാശം ഉന്നയിക്കുന്നതിനെ തടയുന്ന നിയമം നിലനിൽക്കുന്ന രാജ്യത്താണ് ഭരണകൂടത്തിന്റെ ബുൾഡോസറുകൾ പള്ളികൾ പൊളിക്കുന്നത്, 600 വർഷം മുമ്പ് നിർമിച്ച പള്ളി 50 കൊല്ലം മുമ്പ് സ്ഥാപിതമായ മുനിസിപ്പാലിറ്റിയിൽ നിന്ന് പെർമിഷൻ വാങ്ങാതെയാണ് നിർമിച്ചത് എന്നാരോപിച്ച് തകർക്കുന്നത്.

കേരളത്തിൽ ഇതൊന്നും നടക്കില്ല എന്ന തെറ്റിദ്ധാരണ വേണ്ടെന്നാണ്  പൊന്നാനി നമ്മോട് പറയുന്നത്.  എംവി ഗോവിന്ദനും പി രാജീവും കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞത് ഓർമ്മയുണ്ടോ..? "പാർട്ടി ഭരിക്കുന്നു എന്നേയുള്ളൂ, ഭരണകൂടം പാർട്ടി നിയന്ത്രണത്തിലല്ല". ഭരണത്തിൽ ചില മതേതര താല്പര്യങ്ങളുള്ളവർ ഉണ്ടെന്നേയുള്ളൂ, ഭരണകൂടത്തിന് അങ്ങനെയൊരു താല്പര്യം ഉണ്ടാവണമെന്നില്ല. ഭരിക്കുന്ന പാർട്ടിയെയും ഭരണകൂടത്തെയും വേർതിരിച്ചു കണ്ടുകൊണ്ട് വേണം ബിജെപിയുടെ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തെ നേരിടാൻ.

 

Latest News