Sorry, you need to enable JavaScript to visit this website.

പഞ്ചസാരയുടെ ബദല്‍ ഉപയോഗിക്കാറുണ്ടോ; ഇതു കൂടി വായിച്ചിട്ടുമതി

ന്യൂയോർക്ക്- പഞ്ചസാരയുടെ ബദലായി വ്യാപകമായി ഉപയോഗിക്കുന്ന കൃത്രിമ മധുരം അത്ര സുരക്ഷിതമാണെന്ന് വിചാരിക്കേണ്ടെന്ന് പഠനം. ഭക്ഷണങ്ങളിലും പഞ്ചസാര രഹിത ഉല്‍പ്പന്നങ്ങളിലും ഡയറ്റ് പാനീയങ്ങളിലും  സാധാരണയായി ഉപയോഗിക്കുന്ന കൃത്രിമ മധുരം ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.
പല പച്ചക്കറികളിലും പഴങ്ങളിലും കാണപ്പെടുന്ന പ്രകൃതിദത്ത പഞ്ചസാര ആല്‍ക്കഹോളായ എറിത്രിറ്റോളാണ് കൃത്രിമ മധുരമായി ചേര്‍ക്കുന്നത്. മനുഷ്യശരീരവും ഇത് ചെറിയ അളവില്‍  ഉത്പാദിപ്പിക്കുന്നുണ്ട്.
ഭക്ഷണപാനീയങ്ങളില്‍ മധുരമായി ചേര്‍ക്കുന്ന ഇത് പഞ്ചസാരയ്ക്ക് പകരം ദോഷം കുറഞ്ഞ ബദലായാണ്  കണക്കാക്കപ്പെടുന്നത്. പഞ്ചസാരയുടെ 70 ശതമാനം മധുരമുള്ളതാണ് എറിത്രിറ്റോള്‍. അതേസമയം വെറും ആറ് ശതമാനം മാത്രം കലോറി അടങ്ങിയതിനാല്‍ സീറോ കലോറി എനര്‍ജി ഡ്രിങ്കുകള്‍ പോലുള്ള ഡയറ്റ് ഉല്‍പന്നങ്ങളെ ഇത് ജനപ്രിയമാക്കുന്നു. പഞ്ചസാരക്ക് ബദലെന്നു മാത്രമല്ല, ആരോഗ്യത്തിനു നല്ലതാണെന്നും ഇത് ഉപയോഗിക്കുന്നവര്‍ വിശ്വസിക്കുന്നു.   
എന്നാല്‍ സംസ്‌കരിച്ച ഭക്ഷണങ്ങളിലോ പാനീയങ്ങളിലോ ചേര്‍ക്കുന്ന ഉയര്‍ന്ന തോതിലുള്ള കൃത്രിമ മധുരം രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് നേച്ചര്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഗവേഷകര്‍ പറയുന്നു.
യു.എസിലെ ക്ലീവ്‌ലാന്‍ഡ് ക്ലിനിക്കില്‍ നിന്നുള്ള സംഘം ഹൃദയസംബന്ധമായ അപകടസാധ്യതയുള്ള ആയിരത്തിലധികം പേരുടെ രക്തം വിശകലനം ചെയ്താണ് പഠനം തയാറാക്കിയത്. ഉയര്‍ന്ന അളവില്‍ എറത്രിറ്റോള്‍ ഉള്ളവര്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് അവര്‍ കണ്ടെത്തി.
രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളില്‍ മധുരം ചേര്‍ത്തപ്പോള്‍  രക്തസ്രാവം തടയാന്‍ ഒന്നിച്ചുചേരുന്ന കോശ ശകലങ്ങളെ എറിത്രിറ്റോള്‍ വേഗത്തില്‍ കട്ടപിടിപ്പിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. പഠനത്തിന്റെ അവസാന ഘട്ടത്തില്‍ ഗവേഷകര്‍ ആരോഗ്യമുള്ള എട്ട് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് 30 ഗ്രാം എറിത്രിറ്റോള്‍ മധുരം ചേര്‍ത്ത പാനീയം നല്‍കി.
രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന പരിധിക്ക് മുകളില്‍ എറിത്രിറ്റോളിന്റെ അളവ് രക്തത്തില്‍ ഉണ്ടെന്നു കണ്ടെത്തി.
എറിത്രിറ്റോള്‍ കൃത്രിമ മധുരം അടങ്ങിയ പാനീയം കഴിച്ചവരില്‍ ദിവസങ്ങളോളം രക്തത്തില്‍ ഉയര്‍ന്ന അളവില്‍ അത് കാണപ്പെട്ടുവെന്ന് ഗവേഷണ പ്രബന്ധം തയാറാക്കിയ ഡോ.സ്റ്റാന്‍ലി ഹാസന്‍ പറഞ്ഞു. രക്തം കട്ടപിടിക്കുന്നതിനുള്ള അപകടസാധ്യത നിരീക്ഷിച്ചതിനേക്കാള്‍ വളരെ കൂടുതലാണ്. കൃത്രിമ മധുരപലഹാരങ്ങളുടെ ദീര്‍ഘകാല ഫലങ്ങള്‍ പരിശോധിക്കുന്നതിന് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ സംബന്ധിച്ച അപകടസാധ്യതകളെക്കുറിച്ചാണ് പ്രധാനമായും വിലയിരുത്തേണ്ടത്.
അതേസമയം, ഏതാനും വിദഗ്ധര്‍ ഈ പഠനത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എറിത്രിറ്റോള്‍ ഹാനികരമാണെന്ന് കണക്കാക്കുന്നതിന് മുമ്പ് കൂടുതല്‍ പഠനം ആവശ്യമാണെന്ന് ഇവര്‍ പറയുന്നു. കൃത്രിമ മധുരം ചെറിയ അളവില്‍ ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ലെന്നാണ് കരുതുന്നതെന്നും കൂടുതല്‍ പഠനം ആവശ്യമാണെന്നും അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ന്യൂട്രീഷന്‍ ആന്‍ഡ് ലൈഫ് സ്‌റ്റൈല്‍ വര്‍ക്ക് ഗ്രൂപ്പ് മേധാവി  ഡോ. കാരെന്‍ ആസ്പ്രി പറഞ്ഞു.
30 വര്‍ഷത്തിലേറെയായി എറിത്രിറ്റോള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും 50 ലധികം രാജ്യങ്ങളില്‍ വ്യാവസായിക മധുരമായി ഉപയോഗിക്കുന്നുണ്ടെന്നും വ്യാപാര സംഘടനയായ കലോറി കണ്‍ട്രോള്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News