Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൊന്നാനി; കെ.ടി ജലീലിന്റെ സംവിധാനം, നിർമാണം സി.പി.എം

2009-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽ ഡോ.കെ.ടി ജലീലിന്റെ നേതൃത്വത്തിൽ നടന്ന പരീക്ഷണം പതിനഞ്ച് കൊല്ലത്തിന് ശേഷം ഒരിക്കൽ കൂടി അരങ്ങിലെത്തുകയാണ്. ഇത്തവണ കഥയും കഥാപാത്രവും മാറിയിട്ടുണ്ടെങ്കിലും സംവിധാനവും നിർമാണവും 2009-ലെ അണിയറ പ്രവർത്തകർ തന്നെ. 

2009-ൽ പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽ മത്സരിക്കാനെത്തിയ ഇ.ടി മുഹമ്മദ് ബഷീറിനെ നേരിടാൻ ഇടതുമുന്നണി രംഗത്തിറക്കിയത് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന സുന്നി സംഘടനയുടെ സജീവ പ്രവർത്തകൻ ഡോ. ഹുസൈൻ രണ്ടത്താണിയെ ആയിരുന്നു. പി.ഡി.പി നേതാവ് അബ്ദുൽനാസർ മഅ്ദനിയുടെ പിന്തുണയും ഹുസൈൻ രണ്ടത്താണിക്ക് ജലീൽ സംഘടിപ്പിച്ചുകൊടുത്തു. പിണറായി വിജയനും മഅ്ദനിയും ഒന്നിച്ച് തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ആ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ ജലീൽ നടത്തിയ പരീക്ഷണം അമ്പേ പരാജയപ്പെടുകയും ഇ.ടി മുഹമ്മദ് ബഷീർ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. പൊന്നാനിയിൽ മാത്രമല്ല, സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലും ജലീലിന്റെ പരീക്ഷണം കൊണ്ട് ഇടതുമുന്നണിക്ക് കാര്യമായ പോറൽ സംഭവിച്ചു.  

പതിനഞ്ചു വർഷത്തിന് ശേഷം, കെ.ടി ജലീൽ മറ്റൊരു പരീക്ഷണമാണ് സി.പി.എമ്മിനെ ഉപയോഗിച്ച് പൊന്നാനിയിൽ നടത്തുന്നത്. മുസ്ലിം ലീഗിന്റെ മുൻ നേതാവും കുഞ്ഞാലിക്കുട്ടിയുടെ കടുത്ത വിമർശകനുമായ കെ.എസ് ഹംസയെ പാർട്ടി ചിഹ്നം നൽകി പൊന്നാനിയിൽ മത്സരിപ്പിക്കുന്നു. ഇത്തവണ ജലീലിന്റെ ഫോക്കസ് കാന്തപുരം വിഭാഗം മാത്രമല്ല. മുസ്ലിം ലീഗുമായി ഇടഞ്ഞുനിൽക്കുന്ന സമസ്തയിലെ ഒരു വിഭാഗവും കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ സുന്നി വിഭാഗവും കോൺഗ്രസിന്റെ ഒരു വിഭാഗത്തിന്റെയും പിന്തുണ ലഭിക്കുമെന്നാണ് ജലീൽ കരുതുന്നത്. ഇതിന് പുറമെ, ലീഗിലെ തന്നെ ഒരു വിഭാഗം പിന്തുണക്കുമെന്നും ജലീൽ കരുതുന്നു. 

പൊന്നാനി മണ്ഡലത്തിന് കീഴിലുള്ള ഏഴ് നിയമസഭ മണ്ഡലങ്ങളിൽ നാലിടത്തും ഇടതുമുന്നണിയുടെ പ്രതിനിധികളാണുള്ളത്. തവനൂരിൽ കെ.ടി ജലീൽ, തൃത്താലയിൽ എം.ബി രാജേഷ്, പൊന്നാനിയിൽ പി. നന്ദകുമാർ, താനൂരിൽ വി.അബ്ദുറഹ്മാൻ എന്നിവരാണ് ഇടതുമുന്നണിയെ പ്രതിനിധീകരിച്ച് നിയമസഭയിൽ ഉള്ളത്. ഇതിൽ രണ്ടു പേർ മന്ത്രിമാരുമാണ്. കോട്ടക്കൽ, തിരൂർ, തിരൂരങ്ങാടി എന്നിവടങ്ങളിലാണ് മുസ്ലിം ലീഗിന് എം.എൽ.എമാരുള്ളത്. ചുരുക്കത്തിൽ സി.പി.എമ്മിനും ഇടതുമുന്നണിക്കും ശക്തമായ രാഷ്ട്രീയ മത്സരം കാഴ്ചവെക്കാൻ പറ്റുന്ന മണ്ഡലമാണ് പൊന്നാനി. ഇതോടൊപ്പം ലീഗ് സാമുദായിക രാഷ്ട്രീയത്തിൽ നിലവിൽ നേരിടുന്ന വെല്ലുവിളിയെ വോട്ടാക്കി മാറ്റാനുള്ള നീക്കമാണ് ജലീൽ നടത്തുന്നത്. ഇത് വിജയിക്കുമെന്ന പ്രതീക്ഷ സി.പി.എം സംസ്ഥാന നേതൃത്വത്തെ ജലീൽ ബോധ്യപ്പെടുത്തുകയും ചെയ്തു. മുസ്ലിം ലീഗ് പ്രവർത്തകരെ പരമാവധി നിരാശപ്പെടുത്തുന്ന തരത്തിലുള്ള ഫെയ്‌സ്ബുക്ക് കുറിപ്പുകളാണ് ജലീൽ ഈയിടെയായി പങ്കുവെക്കുന്നത്. ഇതിലൂടെ ലീഗ് പ്രവർത്തകരുടെ മനസു മാറ്റാമെന്നും ജലീൽ വിചാരിക്കുന്നു. 

2009-ലെ പരാജയപ്പെട്ട പരീക്ഷണത്തിന്റെ മറ്റൊരു പതിപ്പുമായി ജലീൽ പൊന്നാനിയിൽ തന്നെയുണ്ടാകും. ഈ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽനിന്ന് ജലീൽ മത്സരിച്ചേക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽനിന്ന് മത്സരിച്ച് ഇടതുമുന്നണിയുടെ മറ്റൊരു സ്വതന്ത്ര എം.എൽ.എ പി.വി അൻവർ പരാജയപ്പെട്ടിരുന്നു. വീണ്ടുമൊരു പരീക്ഷണത്തിന് നിന്നുകൊടുക്കേണ്ടെന്ന ധാരണയിൽനിന്നാണ് ജലീൽ പിൻവാങ്ങിയത്. അതേസമയം, ജലീലിന്റെ കാർമ്മികത്വത്തിലാണ് പൊന്നാനിയിൽ കെ.എസ് ഹംസ എന്ന പരീക്ഷണം നടക്കുന്നതും. സംവിധാനം ജലീലും നിർമാണം സി.പി.എമ്മും ആണെന്ന് മാത്രം.

താനൂരിൽ മൂന്നുദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കൊന്ന് കുഴിച്ചുമൂടി; യുവതി അറസ്റ്റിൽ, മൃതദേഹം ഇന്ന് പുറത്തെടുക്കും

മുംബൈയുമായി സമനില, ബ്ലാസ്‌റ്റേഴ്‌സിനെ പിന്നിലാക്കി ഗോവ നാലാമത്

തീപ്പിടിച്ച ട്രെയിനില്‍നിന്ന് ചാടിയവര്‍ മറ്റൊരു ട്രെയിനിന്റെ മുന്നില്‍പെട്ടു, നിരവധി മരണം

Latest News