സൗദിയില്‍ വന്നതിന് ശേഷം ഖുര്‍ആന്‍ കാശ് കൊടുത്ത് വാങ്ങേണ്ടി വന്നിട്ടില്ല
അത്രയധികം ഒറിജിനല്‍ പതിപ്പും ഇംഗ്ലീഷ് മലയാളം പരിഭാഷകളും കൈയിലുണ്ടായിരുന്നു. കൂടുതലും ജാലിയാത്ത് കാള്‍ & ഗൈഡന്‍സ് വഴി ലഭിച്ചതും സമ്മാനം കിട്ടിയതും.അതെല്ലാം പലര്‍ക്കും കൊടുത്തു.
ചിലപ്പോഴൊക്കെ നാട്ടിലെത്തിച്ച് ആരെങ്കിലുമൊക്കെ വായിക്കട്ടെ എന്ന സദുദ്ദേശത്തില്‍ പള്ളികളില്‍ ഷെല്‍ഫിലും കൊണ്ട് വെച്ചിട്ടുണ്ട്.
'നമുക്ക് വലിയ അക്ഷരമുള്ള ഖുര്‍ആന്‍ ഒന്ന് വാങ്ങണം' ഇന്നലെയാണ് നല്ല പാതി അങ്ങിനെ ഒരാവശ്യമുന്നയിച്ചത്.
വാങ്ങാം.
20 വര്‍ഷത്തെ പ്രവാസ ജീവിതത്തിലാദ്യമായി സ്വന്തം കാശ് കൊടുത്ത് ഖുര്‍ആന്‍ വാങ്ങാന്‍ തീരുമാനിച്ചു. അഭിമാനത്തോടെ, നല്ലത് നല്ല വിലക്ക് തന്നെ വാങ്ങണം
ഹയ്യ സലാമയിലെ പ്രസിദ്ധമായ മസ്ജിദ് ശുഅയ്ബിയിലായിരുന്നു തറാവീഹ് നമസ്‌കാരം. വലിയ പള്ളി നിറഞ്ഞിരിക്കുന്നു. സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലി. ഇമ്പമാര്‍ന്ന ഖുര്‍ആന്‍ പാരായണം.
നമസ്‌കാരം കഴിഞ്ഞിറങ്ങി. തൊട്ടടുത്ത് വലിയൊരു ബുക് ഷോപ്പുണ്ട്
മക്തബ ദാറുന്നൂര്‍. എ4 സൈസിലുള്ള മനോഹരമായ ഖുര്‍ആന്‍ വാങ്ങി, അല്ലാഹുവിന്റെ നാമങ്ങള്‍ റോസ് നിറത്തില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്നു
വില 46 സൗദി റിയാല്‍.
കൂടെ ഭാര്യയും മകനും റിയാദില്‍ നിന്നെത്തിയ അളിയനും ഉംറക്കെത്തിയ എളാമ്മയുമുണ്ട്.
ബില്ല് പേ ചെയ്തപ്പോള്‍ കൂടെയുള്ളവരെല്ലാം ഖുര്‍ആന്‍ വായിക്കുമോ എന്നായി ഷോപ്പുടമസ്ഥനായ സൗദി...
എന്ത് ചോദ്യമാണ് നാം മലയാളികളോട്? അതെ! നന്നായി വായിക്കും
കൂടെയുള്ള ഭാര്യ അറബി അധ്യാപിക കൂടിയാണ്, പറഞ്ഞത് തെല്ലൊരഹങ്കാരത്തോടെ.
വാങ്ങിയ ഖുര്‍ആനിനോടൊപ്പം മനോഹരമായ നാല് ഖുര്‍ആന്‍ ഫ്രീ, ആ ഖുര്‍ആനുകളുടെ പുറം പേജില്‍ ഇളം നീല നിറത്തില്‍ ഒരു സീല്‍ പതിഞ്ഞിരിക്കുന്നു!
വഖഫല്ലാഹിതആലാ...