നോമ്പ് വീണ്ടും കടന്നു വരുമ്പോൾ അത് ഉമ്മയുടെ അഭാവം വല്ലാതെ ഓർമ്മപ്പെടുത്തുന്നു, നൊമ്പരം കൊള്ളിക്കുന്നു. ചെറുപ്പകാലം മുതൽ മിക്കവരുടെയും നോമ്പനുഭവങ്ങളിൽ തീർച്ചയായും ഉമ്മയുടെ സാന്നിദ്ധ്യമില്ലാതിരിക്കില്ല, നോമ്പ് നോറ്റ് പഠിക്കാൻ തുടങ്ങുന്ന ആ ബാല്യകാലത്ത് താങ്ങായും തണലായും നിന്നത് ഉമ്മയായിരുന്നു. ആദ്യമൊക്കെ ഒരു നോമ്പ് നോറ്റ് പൂർത്തികരിക്കുക എന്നത് എവറസ്റ്റ് കയറുന്നതിനെക്കാൾ പ്രയാസമായിരുന്നു. പിന്നെ അരനോമ്പായി, മുക്കാൽ നോമ്പായി.. ഒടുക്കം ഒരു നോമ്പ് പൂർത്തീകരിക്കുമ്പോഴുള്ള സന്തോഷം, അത് വല്ലാത്ത സന്തോഷം തന്നെയായിരുന്നു.
അതിനെല്ലാം പിന്തുണ നൽകിയിരുന്ന സ്നേഹ സാന്നിദ്ധ്യം അത് ഉമ്മയായിരുന്നു. ഇത്തവണ നോമ്പ് കാലം നെഞ്ചകത്തിൽ ഒരു മരവിപ്പാണ് അനുഭവിപ്പിക്കുന്നത്. എല്ലാമുണ്ടായിട്ടും എല്ലാം നഷ്ടപ്പെട്ടുപോയവന്റെ ഹൃദയാനുഭവം. ഒരു നിമിഷം പോലും വിട്ടുപോവാത്ത വേർപാടിന്റെ നീറുന്ന നോവ്. ആരോടും പങ്കുവെക്കാനാവാത്ത എപ്പോഴും നുറുങ്ങിവിങ്ങുന്ന വേദന. ഇനിയും തുന്നിക്കെട്ടാത്ത മുറിവ്..അതില്‍ നിന്ന് എപ്പോഴും വേദന ഉത്‌പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ വർഷത്തെ നോമ്പ് വരുമ്പോൾ എല്ലാം ഓർമ്മകളാക്കി ഉമ്മ പോയി, എങ്കിലും ഉമ്മ പറഞ്ഞും പഠിപ്പിച്ചും തന്നവ എപ്പോഴും ഉമ്മയുടെ അവിസ്മരണീയമായ ഓർമ്മകളുണർത്തി മനസ്സിലുണ്ടാവും.