Sorry, you need to enable JavaScript to visit this website.

നിസാം: വേഗത്തിലായിപ്പോയ യാത്ര....

അന്തരിച്ച തിരക്കഥാകൃത്ത് നിസാം റാവുത്തറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ ഡോ. ബിജു. താനും നിസാം റാവുത്തറുമായി വര്‍ഷങ്ങളുടെ സൗഹൃദമായിരുന്നുവെന്നും പുതിയ സിനിമയുടെ തിരക്കഥാ രചനയില്‍ ആയിരുന്നു അദ്ദേഹമെന്നും ബിജു പറഞ്ഞു.

പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയില്‍വച്ച് ബുധനാഴ്ച രാവിലെയായിരുന്നു നിസാമിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. റിലീസാവാനിരിക്കുന്ന ഒരു സര്‍ക്കാര്‍ ഉത്പന്നം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് നിസാം റാവുത്തര്‍. പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ച് ചിത്രം ഈയാഴ്ച തിയേറ്ററുകളിലെത്താനിരിക്കേയാണ് അദ്ദേഹത്തിന്റെ വിയോഗം.

ഡോ. ബിജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അവിശ്വസനീയം...
പ്രിയ നിസാം യാത്രയായി...
വെളുപ്പാന്‍ കാലത്ത് നിശബ്ദമായി കടന്നു വന്ന ഹാര്‍ട്ട് അറ്റാക്ക്...

രണ്ടു ദിവസം മുന്‍പാണ് അവസാനമായി വിളിച്ചത്. നിസാം എഴുതിയ പുതിയ സിനിമ ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം സെന്‍സറിങ് കഴിഞ്ഞപ്പോള്‍ ഭാരതം എന്ന പേര് വെട്ടി മാറ്റിയ കാര്യം പറയാന്‍. അടുത്ത ദിവസങ്ങളില്‍ അടൂരില്‍ വീട്ടിലേക്ക് വരാം എന്ന് പറഞ്ഞാണ് ഫോണ്‍ വെച്ചത്.
എത്രയോ വര്‍ഷങ്ങളുടെ സൗഹൃദം ആണ്.

കാസര്‍കോട് ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയി ജോലിചെയ്ത സമയത്ത് നിസാമിന്റെ കൂടെ ആയിരുന്നു താമസം. നിസാം അന്ന് കാസര്‍കോട്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയി ജോലി ചെയ്യുന്നു. വലിയ ചിറകുള്ള പക്ഷികള്‍ സിനിമ ഉണ്ടാകുന്നത് തന്നെ നിസാം കൂടെ ഉണ്ടായിരുന്നതിനാല്‍ ആണ്. ആ സിനിമയുടെ സ്‌ക്രിപ്റ്റ് മുതല്‍ നിസാം ഒപ്പം ഉണ്ടായിരുന്നു. കാസര്‍കോട്ടെ എന്‍ഡോ സള്‍ഫാന്‍ ദുരന്ത ബാധിതര്‍ക്ക് ഒപ്പം അവരുടെ എല്ലാ പോരാട്ടങ്ങള്‍ക്കും സമരങ്ങള്‍ക്കും ഒപ്പം നിസാം ഉണ്ടായിരുന്നു എപ്പോഴും. ആദര്‍ശവും, നിലപാടും, മനുഷ്യ സ്‌നേഹവുമുള്ള കഥാകൃത്തും സിനിമാ പ്രവര്‍ത്തകനും ആയിരുന്നു നിസാം. ഇക്കാലത്തെ അപൂര്‍വമായ ഒന്ന്.

എന്റെ എല്ലാ സിനിമകളുടെയും കഥയും തിരക്കഥയും ഒക്കെ ആദ്യം ഞാന്‍ വിളിച്ചു പറയുന്ന ചുരുക്കം ചിലരില്‍ ഒരാള്‍ ആയിരുന്നു നിസാം. ഒരു ദിവസം അടൂരെ എന്റെ വാടക വീട്ടില്‍ വെച്ച് പേരറിയാത്തവര്‍ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചു കുറെ നേരം കരഞ്ഞ നിസാം. ഏറ്റവും പുതിയ സിനിമയായ അദൃശ്യ ജാലകങ്ങള്‍ സിനിമയ്ക്ക് കാസര്‍കോട് മുഴുവന്‍ സഞ്ചരിച്ചു ലൊക്കേഷന്‍ കാട്ടി തന്നത് നിസാം ആണ്. ഗോവയിലും കേരളത്തിലും ചലച്ചിത്രമേള യാത്രകള്‍ക്ക് ഒപ്പം എപ്പോഴും ഉണ്ടാകും നിസാം. സ്വന്തമായി തിരക്കഥ എഴുതിയ പുതിയ സിനിമയുടെ റിലീസിന് തൊട്ടു മുന്‍പ് യാത്രയാവുക.

പുതുതായി മറ്റൊരു സിനിമയുടെ തിരക്കഥാ രചനയില്‍ ആയിരുന്നു നിസാം. എത്രയൊ സിനിമകള്‍ ഇനിയും ഉണ്ടാകേണ്ടിയിരുന്നത് ആണ്. പാതിവഴിയില്‍ പൂര്‍ണവിരാമം ഇട്ട് യാത്രയായി. എന്നാലും ഇത്ര പെട്ടെന്ന്.

ഒട്ടും വിശ്വസിക്കാന്‍ ആവുന്നില്ല. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആണ് പോസ്റ്റ്‌മോര്‍ട്ടം എന്നറിഞ്ഞു ഞാന്‍ അവിടെ എത്തുമ്പോഴേക്കും പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു നിസാം ഇപ്പോള്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കടമ്മനിട്ടയിലേക്ക് കൊണ്ടുപോയി. കടമ്മനിട്ടയില്‍ ചെന്നപ്പോള്‍ നിസാമിന്റെ നാട് ആയ പഴകുളത്തേക്ക് കൊണ്ട് പോകാനായി ആംബുലന്‍സില്‍ യാത്ര തിരിക്കുന്നു. നാളെ രാവിലേ പത്തു മണിക്ക് ആണ് മരണാനന്തര ചടങ്ങുകള്‍. മുന്‍പില്‍ സാവധാനത്തില്‍ പോകുന്ന ആംബുലന്‍സില്‍ നിസാം കിടക്കുന്നുണ്ട്.

എന്തിനാണ് നിസാം ഇത്ര പെട്ടെന്ന് ഇങ്ങനെ യാത്ര പോകുന്നത്...

 

Latest News