ഭക്ഷണം ശരിയായില്ലെന്ന് പറഞ്ഞ് മുത്തശ്ശിയെ ക്രൂരമായി മര്‍ദിച്ച യുവാവും ഭാര്യയും അറസ്റ്റില്‍

ഭോപ്പാല്‍- മധ്യപ്രദേശിലെ ഭോപ്പാലില്‍ വയോധികയെ മര്‍ദിച്ച മകളുടെ മകനും  ഭാര്യയും അറസ്റ്റിലായി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായതിനെ തുടര്‍ന്നാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്.
വയോധിക തയ്യാറാക്കിയ ഭക്ഷണം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ ക്രൂരമായി മര്‍ദിച്ചത്.
 പ്രായമായ സ്ത്രീയെ നിഷ്‌കരുണം ആക്രമിക്കുന്ന വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്.  വൃദ്ധയുടെ കഴുത്തില്‍ കൈകള്‍ ചുറ്റിപ്പിടിച്ച യുവാവ് അവരുടെ നിലവിളി പുറത്തു കേള്‍ക്കാതിരിക്കാന്‍ ഒരു കൈ  വായില്‍ അമര്‍ത്തി പിടിക്കുന്നതും വീഡിയോയില്‍ കാണാം. സ്ത്രീ വൃദ്ധയെ നിര്‍ദയം വടി കൊണ്ട് അടിക്കുന്നു.

ഇവരുടെ അയല്‍വാസികളാണ് വീഡിയോ പകര്‍ത്തിയത്. ഭോപ്പാലിലെ ബര്‍ഖേഡി പ്രദേശത്ത് സലൂണ്‍ നടത്തുന്ന ദീപക് സെന്നും ഭാര്യ പൂജാ സെന്നുമാണ് അറസ്റ്റിലായത്. വീഡിയോ പ്രചരിച്ചതിനെത്തുടര്‍ന്ന് ദമ്പതികള്‍ ഭോപ്പാലില്‍ നിന്ന് ഝാന്‍സിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. വഴിമധ്യേ പോലീസ് തടഞ്ഞ്  അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികളെ ഭോപ്പാലിലേക്ക് കൊണ്ടുവന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

വാർത്തകൾ തുടർന്നും വാട്സ്ആപ്പിൽ ലഭിക്കാൻ പുതിയ ഗ്രൂപ്പിൽ അംഗമാകുക

ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Latest News