മാര്‍ക്‌സിസ്റ്റുകളുടെ ഇസ്ലാം വിരോധം പ്രച്ഛന്നവേഷത്തില്‍

ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുന്നുവെന്ന അത്യന്തം അപകടകരമായ ശൈലിയാണ് കമ്മ്യൂണിസ്റ്റുകള്‍ ദേശീയതലത്തിലും രാഷ്ട്രാന്തരീയ തലത്തിലും പുലര്‍ത്തി പോന്നിട്ടുള്ളത്. വിമര്‍ശനങ്ങളും നിരൂപണങ്ങളും ആരോഗ്യകരമായ ശൈലിയിലാണെങ്കില്‍ ആശയങ്ങളുടെയും നിലപാടുകളുടെയും സമീപനങ്ങളുടെയും സ്ഫുടീകരണത്തിന് അത് ഉപകരിക്കും. ഈയര്‍ത്ഥത്തിലുള്ള വിമര്‍ശനങ്ങള്‍ സ്വാഗതാര്‍ഹവുമാണ്. എന്നാല്‍ മാര്‍ക്‌സിസ്റ്റുകള്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ നീതിനിഷ്ഠ പുലര്‍ത്താത്തതും ബുദ്ധിപരമായ സത്യസന്ധത തീരെ ഇല്ലാത്തതുമാണ്.
ഭൂരിപക്ഷത്തില്‍ നിന്നാണ് ഭൂരിപക്ഷം രൂപപ്പെടുക. ആകയാല്‍ ഭൂരിപക്ഷ പ്രീണനാര്‍ത്ഥം ഇസ്‌ലാമിനോടും മുസ്‌ലിംകളോടും വെറുപ്പും വിദ്വേഷവും വളര്‍ത്തലാണ് എളുപ്പം രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ഏറെ സഹായകം എന്ന ചിന്താഗതി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പിടികൂടിയിട്ട് കാലംകുറെയായി. അത് കൂടുതല്‍ സംക്രമിച്ച് മാരകവും ഭീകരവുമായി പരിണമിച്ചു കൊണ്ടിരിക്കുകയാണെന്ന് സഖാക്കളുടെ പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട് .
 വിശ്വമതമായ ഇസ്ലാമിനെ നേര്‍ക്കുനേര്‍ വിമര്‍ശിക്കുന്നതിനു പകരം ജമാഅത്തെ ഇസ്ലാമിയെ നാട്ടകുറ്റിയാക്കി ഇസ്ലാമിനെതിരെ യാതൊരുവിധ  തത്വദീക്ഷയും പുലര്‍ത്താതെ നടത്തുന്ന വാചാടോപം വിമര്‍ശനം എന്ന പ്രയോഗത്തിന് പോലും അര്‍ഹമല്ലാത്ത വിധം ഹീനവും അസത്യജടിലവുമാണ്.
 മൗലാനാ മൗദൂദിയെയും ജമാഅത്തെ ഇസ്ലാമിയെയും വസ്തുനിഷ്ഠമായി നിരൂപണം ചെയ്യാവുന്നതാണ്; അങ്ങനെ ചെയ്യേണ്ടതുമാണ്. ആര്‍എസ്എസിനെ  സ്വതന്ത്രമായും നിശിതമായും വിമര്‍ശിക്കാനുള്ള അധൈര്യം  കൊണ്ടാണ് സത്യസന്ധമല്ലാത്ത സമീകരണം നടത്തുന്നതെന്ന് നിഷ്പക്ഷ നിരീക്ഷകര്‍ക്ക് ബോധ്യമാവുന്നുണ്ട് . ആര്‍എസ്എസിന്റെ സായുധ പരിശീലന പരിപാടികള്‍  വളരെ പരസ്യമാണ്. സര്‍ക്കാറുകളുടെ കണ്‍വെട്ടത്ത്  ദശകങ്ങളായി നടന്നുവരുന്ന പരിപാടിയെ നിയന്ത്രിക്കാനോ നിരോധിക്കാനോ മാര്‍ക്‌സിസ്റ്റ് ഭരണത്തിനോ കോണ്‍ഗ്രസ് ഭരണത്തിനോ ധൈര്യമില്ല. പകരം ആര്‍.എസ്.എസിന്റെ ഇത്തരം സൈനിക പരിശീലന പരിപാടികള്‍ ഉള്‍പ്പെടെ പല സംഗതികളും  തീര്‍ത്തും വര്‍ജ്യമായി കരുതുന്ന ജമാഅത്തെ ഇസ്ലാമിയോട് സമീകരിക്കുമ്പോള്‍  ഫലത്തില്‍ ആര്‍എസ്എസിനെ വിശുദ്ധ വല്‍ക്കരിക്കാനാണ്  മാര്‍ക്‌സിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നത്.  നേര്‍ക്കുനേരെ ജമാഅത്തെ ഇസ്ലാമിയെ വസ്തുനിഷ്ഠമായി സവിശദം  പഠനവിധേയമാക്കുവാനുള്ള ബുദ്ധിപരമായ സത്യസന്ധതയും ആര്‍ജവവും കാണിക്കാതെ വക്രബുദ്ധിയോടെ നടത്തുന്ന വിക്രിയകള്‍ അപഹാസ്യമാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടെന്നു തോന്നുന്ന ചില സാദൃശ്യങ്ങള്‍ വെച്ച് രണ്ടും ഒന്നാണ്  എന്ന് വിലയിരുത്തുന്ന ന്യായം അംഗീകരിക്കുന്ന പക്ഷം, ആര്‍.എസ്.എസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ഒട്ടേറെ സാദൃശ്യങ്ങള്‍ വെച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ് ആര്‍.എസ്.എസിനോട് ഏറെ സമാനതകളുള്ള സംവിധാനമെന്ന് പറയേണ്ടിവരും.

  കമ്മ്യൂണിസ്റ്റുകളുടെ അരിവാള്‍ ഫാസിസ്റ്റുകളുടെ പക്കലും ചുറ്റിക സിയോണിസ്റ്റുകളുടെ  പക്കലും പണയം വെച്ചാണ് താല്‍ക്കാലിക ലാഭത്തിനുവേണ്ടിയുള്ള ഈ കൈവിട്ട കളികളെന്നും വിവേകമതികളായ ഇടതുപക്ഷ ചിന്താഗതിക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്. ഇ എം ശങ്കരന്‍  വളര്‍ത്തിയെടുത്ത പാര്‍ട്ടിയില്‍ ശിവശങ്കരനമാരും തില്ലങ്കേരിമാറും വാഴുന്ന ഗതികേട് മറച്ചുവെക്കാന്‍ ഇസ്ലാമിനെയും മുസ്ലിങ്ങളെയും ശത്രുപക്ഷത്ത് നിര്‍ത്തി നിഴല്‍യുദ്ധം നടത്തുകയാണ് . ജമാഅത്തെ ഇസ്ലാമിയുടെ ഉള്ളടക്കം ഇസ്ലാമാണ്. അതിനെ നേര്‍ക്കുനേരെ വിമര്‍ശിക്കാന്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് സാധിക്കാത്തതിനാല്‍ ജമാഅത്തെ ഇസ്ലാമിയെ ഭീകര വല്‍ക്കരിച്ച് നാട്ടക്കുറ്റിയാക്കി കുറെ വാചാടോപങ്ങള്‍ നടത്തി പലരെയും കബളിപ്പിക്കുകയാണ് മാര്‍ക്‌സിസ്റ്റുകള്‍ ചെയ്യുന്നത്.
ഹിന്ദുത്വ ദുഷ്ടശക്തികളെ സന്തോഷിപ്പിക്കാനും അതുവഴി ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ സമാര്‍ജ്ജിക്കാനും നടത്തുന്ന ഈ കസര്‍ത്ത് എന്തുമാത്രം ഹീനവും അന്യായവുമാണെന്ന് ചിന്താശീലര്‍ക്ക് നന്നായി മനസ്സിലാകുന്നുണ്ട്.

 

 

Latest News