ജിദ്ദ എയര്‍പോര്‍ട്ട് ബസ് സര്‍വീസ് ഇനി പഴയ ടെര്‍മിനലിലേക്കും

ജിദ്ദ - നഗരമധ്യത്തില്‍നിന്ന് ജിദ്ദ എയര്‍പോര്‍ട്ട് ഒന്നാം നമ്പര്‍ ടെര്‍മിനലിലേക്ക് അടുത്ത കാലത്ത് ആരംഭിച്ച എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ബസ് സര്‍വീസ് വിമാനത്താവളത്തിലെ നോര്‍ത്ത് ടെര്‍മിനലിലേക്ക് ദീര്‍ഘിപ്പിച്ചതായി ജിദ്ദ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി അറിയിച്ചു.
ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനിയുമായും സാപ്റ്റ്‌കോയുമായും സഹകരിച്ചാണ് ജിദ്ദ ബലദ് കോര്‍ണിഷ് ബസ് സ്റ്റേഷനില്‍ നിന്ന് വിമാനത്താവളത്തിലേക്കും തിരിച്ചും എക്‌സ്പ്രസ് ബസ് സര്‍വീസ് നടത്തുന്നത്. ബലദ് ബസ് സ്റ്റേഷനും ജിദ്ദ എയര്‍പോര്‍ട്ട് ബസ് സ്റ്റേഷനും പുറമെ ഫഌമിംഗോ മാള്‍, അല്‍അന്ദലുസ് മാള്‍, മദീന റോഡില്‍ ബഗ്ദാദിയ ഡിസ്ട്രിക്ട് എന്നീ മൂന്നിടങ്ങളിലാണ് എക്‌സ്പ്രസ് ബസ് സര്‍വീസിന് സ്റ്റോപ്പുകളുള്ളത്. ബലദില്‍ നിന്ന് ജിദ്ദ എയര്‍പോര്‍ട്ട് നോര്‍ത്ത് ടെര്‍മിനലിലേക്കും തിരിച്ചും 104 കിലോമീറ്റര്‍ ദൂരമാണ് ഓരോ സര്‍വീസിലും ബസുകള്‍ താണ്ടുന്നത്.
സമൂഹത്തില്‍ എല്ലാ തുറകളിലും പെട്ടവര്‍ക്ക് താങ്ങാവുന്ന നിലക്ക് ഒരു ദിശയില്‍ 20 റിയാലില്‍ കവിയാത്ത നിലയിലാണ് ടിക്കറ്റ് നിരക്ക് നിര്‍ണയിച്ചിരിക്കുന്നത്. ആഴ്ചയില്‍ ഏഴു ദിവസവും ഇരുപത്തിനാലു മണിക്കൂറും എക്‌സ്പ്രസ് ബസ് സര്‍വീസ് ലഭ്യമാണ്. 33 സീറ്റുകളുള്ള ബസുകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. ഇതിനു പുറമെ വികലാംഗര്‍ക്കുള്ള പ്രത്യേക സ്ഥലങ്ങളും ലഗേജുകള്‍ സൂക്ഷിക്കാനുള്ള സ്ഥലങ്ങളും ബസുകളിലുണ്ട്. ജിദ്ദ എയര്‍പോര്‍ട്ടിലെ സെയില്‍സ് പോയിന്റുകള്‍ വഴി ബസ് ടിക്കറ്റുകള്‍ ലഭിക്കും. സാപ്റ്റ്‌കോ ആപ്പും വഴി ടിക്കറ്റ് നിരക്ക് അടക്കാന്‍ സാധിക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News