Sorry, you need to enable JavaScript to visit this website.

ഒപ്പന വേദിയിൽ കൂട്ടക്കരച്ചിലും പ്രതിഷേധവും; കിരീടത്തിലേക്ക് കണ്ണുനട്ട് കണ്ണൂർ, വെല്ലുവിളിയായി ആതിഥേയരും ചാമ്പ്യൻമാരും

കോഴിക്കോട് - 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം മൂന്നുദിവസം പിന്നിട്ടപ്പോൾ 683 പോയിൻറുമായി കണ്ണൂർ ജില്ല മുന്നേറ്റം തുടരുന്നു. 679 പോയിന്റുമായി ആതിഥേയരായ കോഴിക്കോടും നിലവിലെ ജേതാക്കളായ പാലക്കാടുമാണ് രണ്ടാം സ്ഥാനത്ത്. 
 651 പോയിന്റുമായി തൃശൂരാണ് മൂന്നാം സ്ഥാനത്ത്. 642 പോയിന്റുള്ള തിരുവനന്തപുരം നാലാം സ്ഥാനത്താണ്. സ്‌കൂൾ തലത്തിൽ തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് എച്ച് എസ് എസ്സാണ് 122 പോയിന്റുമായി ഒന്നാമത്. പാലക്കാട് ഗുരുകുലം സ്‌കൂൾ 111 പോയിന്റുമായി രണ്ടാം സ്ഥാനത്തും. 98 പോയിന്റുമായി കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ് മൂന്നാം സ്ഥാനത്തും ലീഡ് ചെയ്യുന്നു.
 ആകെയുള്ള 239 ഇനങ്ങളിൽ 174 ഇനങ്ങളാണ് ഇതുവരെ പൂർത്തിയായത്. ഹൈസ്‌കൂൾ ജനറൽ വിഭാഗത്തിൽ 96ൽ 69ഉം ഹയർസെക്കൻഡറി വിഭാഗത്തിൽ 105ൽ 78, ഹൈസ്‌കൂൾ അറബിക്  19ൽ 14, ഹൈസ്‌കൂൾ സംസ്‌കൃതം 19ൽ 13ഉം ഇനങ്ങളാണ് പൂർത്തിയായത്. 

  അതിനിടെ വ്യാഴാഴ്ച രാത്രി തളി സ്‌കൂളിൽ സമാപിച്ച ഹയർ സെക്കൻഡറി വിഭാഗം ഒപ്പന മത്സര വേദിയിൽ രക്ഷിതാക്കളുടെ പ്രതിഷേധമുണ്ടായി. മത്സരഫലം പ്രഖ്യാപിച്ചപ്പോൾ അപ്പീൽ വാങ്ങി വന്ന കുട്ടികളുടെ ഗ്രേഡ് പ്രഖ്യാപിക്കാതെ വിധി കർത്താക്കൾ വേദി വിട്ടതാണ് പ്രതിഷേധത്തിനു ഇടയാക്കിയത്. 
 ഒപ്പന മത്സരം തുടങ്ങും മുമ്പേ ഇതേ വേദിയിൽ വച്ച് മത്സരാർത്ഥി കുഴഞ്ഞുവീണതിനെ തുടർന്ന് കൂട്ടക്കരച്ചിലിനും വേദി സാക്ഷിയായി. കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ബോധരഹിതയായത്. വേദിയിൽ വിധികർത്താക്കളെ പരിചയപ്പെടുത്തുന്ന അനൗൺസ്‌മെന്റിനിടെയാണ് സംഭവം. വിധികർത്താക്കളിൽ ഒരാൾ റഷ്യയിൽ ഒപ്പന പരിശീലിപ്പിച്ചയാളും കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറിയിലെ പൂർവ വിദ്യാർത്ഥിനിയുമാണെന്ന് ചൂണ്ടിക്കാട്ടി ചിലർ രംഗത്തുവന്നതോടെയാണ് സീനുണ്ടായത്. 
 പ്രസ്തുത വിധികർത്താവിനെ മാറ്റണമെന്നും ഇതര ജില്ലാ ടീമുകൾക്ക് ഗ്രേഡ് നല്കുന്നതിൽ പക്ഷപാതം കാണിക്കുമെന്നും ഇവർ പറഞ്ഞു. ഇത് കേട്ടതോടെയാണ് കാലിക്കറ്റ് ഗേൾസിലെ മത്സരാർത്ഥികളിൽ ഒരാൾ ഗ്രീൻ റൂമിൽ ബോധരഹിതയായത്. ഇതോടെ കൂടെയുണ്ടായിരുന്ന കുട്ടികൾ കൂട്ടക്കരച്ചിലായി. ഇതോടെ മത്സരം ആരംഭിക്കുന്നത് കുറച്ചു വൈകി. 
 മെഡിക്കൽ, കൗൺസലിംഗ് ടീമുകളെത്തി കുട്ടിയെ പരിശോധിച്ച് ജൂറിയെക്കുറിച്ച് പ്രശ്‌നങ്ങൾ ഉണ്ടാവില്ലെന്ന ഉറപ്പിൽ പിന്നീട് മത്സരം ആരംഭിക്കുകയായിരുന്നു.

 നാലാം ദിവസമായ നാളെ (വെള്ളി) 54 മത്സരങ്ങളാണ് അരങ്ങേറുക. ഹൈസ്‌കൂൾ വിഭാഗം സംഘനൃത്തം, നാടകം, ഭരതനാട്യം, നാടോടി നൃത്തം, ചവിട്ടു നാടകം, പരിചമുട്ട് കളി, ഹയർ സെക്കൻഡറി വിഭാഗം തിരുവാതിരക്കളി, തായമ്പക, കേരള നടനം... തുടങ്ങിയ ഇനങ്ങൾ.
 കലോത്സവം പ്രമാണിച്ച് നാളെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയതിനാൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഒഴുക്കുകൂടി കലോത്സവ നഗരി പ്രതീക്ഷിക്കുന്നുണ്ട്. ആതിഥേയ ജില്ലയുടെ എല്ലാവിധ ആവേശവും നിറഞ്ഞുനിൽക്കുകയാണ് കലോത്സവ നഗരി. സംഘാടനത്തിലും പരിപാടികളുടെ നിലവാരത്തിലും ജനപങ്കാളിത്തത്തിലുമെല്ലാം ഏറെ മുന്നിൽലാണ് മേള.
 

Latest News