Sorry, you need to enable JavaScript to visit this website.

അച്ഛൻ പോയതിന്റെ സങ്കടം പേറി 13-കാരൻ ദഫ് മുട്ടി; അഭിനന്ദിച്ചും ആശ്വസിപ്പിച്ചും കലാസ്വാദകർ

കോഴിക്കോട് - പിതാവ് മരിച്ച് ദിവസങ്ങൾക്കകം സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിലെത്തി ദഫ് മുട്ടിയിരിക്കുകയാണ് 13-കാരനായ ചെറിയാൻ ജെ മുട്ടം. സബ് ജില്ല, ജില്ലാതല മത്സരങ്ങളിലെല്ലാം കൂട്ടായി പോന്നിരുന്നത് പിതാവായിരുന്നു. പക്ഷേ, സംസ്ഥാനത്തേക്ക് ഞങ്ങൾ ഊറ്റം വച്ച് കാത്തിരിക്കവെയാണ് അപ്രതീക്ഷിത വിയോഗമുണ്ടായത്.
  കീർത്തനം ദഫ്മുട്ടിന്റെ ഒരു പ്രധാന ഭാഗമായതിനാൽ താനില്ലെങ്കിൽ ടീമംഗങ്ങൾക്ക് മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വരും. ഒപ്പം പിതാവിനോട് നീതി പുലർത്താനുമാണ് താൻ കലയുടെ മണ്ണിലെത്തിയതെന്ന് കോട്ടയം മണിമല സെന്റ് ജോർജ് എച്ച്.എസ്.എസിലെ വിദ്യാർത്ഥി ചെറിയാൻ പറഞ്ഞു.
  ഡിസംബർ 28-നായിരുന്നു ചെറിയാന്റെ പിതാവ് ഷിലു ലോകത്തോട് വിടവാങ്ങിയത്. പിതാവിന്റെ പെട്ടന്നുളള മരണം കുടുംബത്തെ തളർത്തിയെങ്കിലും ചെറിയാൻ കലോത്സവത്തിന് പങ്കെടുക്കണമെന്നത് അമ്മ മേഴ്‌സിയുടെ നിർബന്ധമായിരുന്നു. തന്റെ പിതാവിന്റെ ആഗ്രഹവും ഇതുതന്നെയാണെന്ന് ചെറിയാനും ചിന്തിച്ചു. ഇതോടെയാണ് മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. ദഫ് മുട്ട് മത്സരം കഴിഞ്ഞ് സ്റ്റേജിൽ നിന്നിറങ്ങിയ കൊച്ചു കലാകാരനെ മനസ്സറിഞ്ഞ് അഭിനന്ദിക്കുകയാണ് കലാസ്വാദകർ. ദഫ്മുട്ട് സംഘത്തിന് റിഫാഈ ബെയ്ത്തിലെ കീർത്തനങ്ങൾ ചൊല്ലിക്കൊടുത്താണ് ചെറിയാൻ താരമായത്.

Latest News