Sorry, you need to enable JavaScript to visit this website.

ആർ.എസ്.എസുകാരന്റെ തീവ്രവാദ ചാപ്പ കണ്ട് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും വാ പൊളിച്ചുവെന്ന് സുന്നി നേതാവ്

- നടന്നത് കലാവിഷ്‌കാരമല്ല, പച്ചയായ മുസ്‌ലിം വിരുദ്ധ പൊതുബോധം സൃഷ്ടിക്കലെന്ന് വിമർശം
കോഴിക്കോട് -
സംസ്ഥാന സ്‌കൂൾ കലോത്സവ സ്വാഗതഗാനത്തിൽ മുസ്‌ലിം വേഷധാരിയെ തീവ്രവാദിയാക്കി ചിത്രീകരിച്ച സംഭവത്തിൽ വിദ്യാഭ്യാസ ഡയറക്ടറോട് സർക്കാർ വിശദീകരണം ചോദിക്കണമെന്ന് സുന്നി യുവജന സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂർ ആവശ്യപ്പെട്ടു. 
  സ്‌കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം പൊടുന്നനെ വേദിയിൽ പൊട്ടിവീഴുകയല്ല. നേരത്തെ റിഹേഴ്‌സൽ നടക്കും. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും സംഘാടക സമിതിയുടെ പ്രതിനിധികളും ജനപ്രതിനിധികളുമൊക്കെ റിഹേഴ്‌സൽ കണ്ടു ബോധ്യപ്പെട്ടതിനു ശേഷമാണ് വേദിയിൽ അവതരിപ്പിക്കാൻ അനുമതി നൽകുക. ഇന്നയാളാണ് അത് കാണേണ്ടത് എന്ന് വ്യവസ്ഥ ഉണ്ടോ എന്നറിയില്ല. എന്തായാലും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടിട്ടേ അത് വേദിയിലെത്തൂ. ഇത്തവണ വിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബുവും സി.പി.എം എം.എൽ.എ തോട്ടത്തിൽ രവീന്ദ്രനും റിഹേഴ്‌സൽ കണ്ടിട്ടുണ്ട്. 
 എന്നിട്ടും എം.എൽ.എയ്ക്ക് ഈ ദൃശ്യാവിഷ്‌കാരത്തിൽ അപാകതയൊന്നും തോന്നിയില്ലെങ്കിൽ പോയി ബി.ജെ.പിയിൽ അംഗത്വമെടുക്കാൻ അദ്ദേഹത്തെ സി.പി.എം അനുവദിക്കണമെന്നും മുഹമ്മദലി ഫേസ് ബുക്കിൽ കുറിച്ചു.
 സർക്കാർ വിലാസം പൊതുവേദിയിൽ നടന്ന ഈ ആവിഷ്‌കാരത്തെ ലാഘവത്തോടെ സ്വീകരിക്കാൻ പാകപ്പെട്ട ആളുകൾ അവർ തെരുവിൽ പിടിക്കുന്ന കൊടിയുടെ നിറം ഏതാണെന്നു വന്നാലും അവർ സംഘ്പരിവാറിന് മലയാളിയുടെ മനസിലേക്ക് 'ചുവപ്പ് പരവതാനി' വിരിക്കുകയാണ്.
  സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന് ദൃശ്യാവിഷ്‌കാരം നൽകിയത് സതീഷ് ബാബു എന്നയാളാണ്. മാതാ പേരാമ്പ്രയുടെ മുഖ്യസംഘാടകൻ. ഒന്നാന്തരം ആർ.എസ്.എസുകാരൻ. മുസ്‌ലിം വിരുദ്ധവും സി.പി.എം വിരുദ്ധവുമായ എത്രയോ പോസ്റ്റുകൾ ആളുടെ ടൈംലൈനിൽ ഷെയർ ചെയ്തിട്ടുണ്ടെന്നും മുഹമ്മദലി ചൂണ്ടിക്കാട്ടി. സതീഷ് ബാബു നൽകിയ ദൃശ്യാവിഷ്‌കാരമാണ് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമൊക്കെ വാ പൊളിച്ചിരുന്ന് ആസ്വദിച്ചത്. അതിനു സിനിമാനടിയിൽ നിന്നും പ്രൈസ് സ്വീകരിക്കുന്ന ചിത്രം സതീഷ്ബാബു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
 ആ ദൃശ്യാവിഷ്‌കാരത്തിൽ ഉള്ളടങ്ങിയിട്ടുള്ള ഇസ്‌ലാമോഫോബിയയെ കുറിച്ച് ഇനിയും സംശയങ്ങളുണ്ടോ? ആർ.എസ്.എസുകാരനായ സതീഷ്ബാബുവിന്റെ മുസ്‌ലിം വിരോധം ചെലവാക്കാൻ കേരള കലോത്സവത്തിന്റെ ഉദ്ഘാടന വേദി വിട്ടുകൊടുത്ത സംഘാടകർ നമ്മുടെ ജനാധിപത്യബോധത്തെയാണ് കൊഞ്ഞനം കുത്തിയത്. ഇതിലൊക്കെ ഇസ്‌ലാമോഫോബിയ കാണേണ്ടതുണ്ടോ എന്ന് ചോദിക്കുന്ന 'നിഷ്‌കളങ്കരോട്' നിങ്ങൾക്ക് സംഘപരിവാറിനെ കുറിച്ച് ഒരു ചുക്കുമറിയില്ല എന്നാണുത്തരം. ആ വേദിയിൽ നടന്നത് കലാവിഷ്‌കാരമല്ല, പച്ചയായ മുസ്‌ലിം വിരുദ്ധ പൊതുബോധം സൃഷ്ടിക്കലാണെന്നും മുഹമ്മദലി കിനാലൂർ എഫ്.ബിയിൽ ചൂണ്ടിക്കാട്ടി. 
 അതിനിടെ, സി.പി.എം നേതാവും കോഴിക്കോട് മുൻ മേയറുമായ തോട്ടത്തിൽ രവീന്ദ്രൻ ബി.ജെ.പിയിൽ ചേരാൻ നിന്നപ്പോഴാണ് സി.പി.എം സീറ്റ് കൊടുത്തതെന്ന് പലരും ട്രോളിയിട്ടുമുണ്ട്.
 

Latest News