Sorry, you need to enable JavaScript to visit this website.

കലയുടെ മറവിലും ഒളിച്ചുകടത്ത്; വിശ്വാസം വലുതാണെന്ന് കാവിപ്പാഷാണം പട്ടിൽ പൊതിഞ്ഞവർ അറിയണമെന്ന് സമസ്ത

ആശയത്തിന്റെ കലാവിഷ്‌കാരങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യവും വേണം. എന്നാൽ അന്യന്റെ മേക്കിട്ട് കയറുന്നതാവരുത്. ഭീകര രൂപങ്ങളായി സംഘി നേതാക്കളുടെ രൗദ്രതയോ സ്ത്രീത്വത്തെ പച്ചക്ക് പിച്ചിച്ചീന്തിയ രാഷ്ട്രീയ നേതാക്കളെയോ സ്റ്റേജിൽ അവതരിപ്പിച്ചാൽ കാവിചോപ്പ് രാഷ്ട്രീയം ഇളകിമറിഞ്ഞ് വേദികളിലേക്ക് പ്രതിഷേധ മാർച്ചുകളുടെ പ്രവാഹമാകുമായിരുന്നു....

കോഴിക്കോട് - സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ വിവാദ ആവിഷ്‌കാരങ്ങൾക്കെതിരെ രൂക്ഷ വിമർശവുമായി സമസ്ത നേതാവും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ നാസർ ഫൈസി കൂടത്തായി. 
 ഇസ്‌ലാമിനെ ഭീകരമായി ചിത്രീകരിക്കുന്ന സ്വാഗതഗാനം, പണ്ഡിതന്മാരെ അവഹേളിക്കുന്ന മോണോ ആക്ട്... കലയുടെ മറവിലെ ഈ ഒളിച്ചുകടത്ത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും നേരെ ചൊവ്വേ ആശയ സംവാദത്തിന് കാലുറക്കാത്തവരാണ് കുട്ടികളിൽ അപരമത വിദ്വേഷവും വെറുപ്പിന്റെ കാവിചുവപ്പ് രാഷ്ട്രീയവും കുത്തിവെച്ച് സ്റ്റേജിൽ ഛർദിക്കുന്നതെന്നും ഫൈസി ഫേസ്ബുക്കിൽ കുറിച്ചു. 
 ആശയത്തിന്റെ കലാവിഷ്‌കാരങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യവും വേണം. എന്നാൽ അന്യന്റെ മേക്കിട്ട് കയറുന്നതാവരുത്. ഭീകര രൂപങ്ങളായി സംഘി നേതാക്കളുടെ രൗദ്രതയോ സ്ത്രീത്വത്തെ പച്ചക്ക് പിച്ചിച്ചീന്തിയ രാഷ്ട്രീയ നേതാക്കളെയോ സ്റ്റേജിൽ അവതരിപ്പിച്ചാൽ കാവിചോപ്പ് രാഷ്ട്രീയം ഇളകിമറിഞ്ഞ് വേദികളിലേക്ക് പ്രതിഷേധ മാർച്ചുകളുടെ പ്രവാഹവുമാകുമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.
വിശ്വാസവും മാനവും എല്ലാവർക്കും വലുതാണെന്ന് അധികാരവർഗങ്ങളും അവരുടെ മറപിടിച്ച് കാവിപ്പാഷാണം പട്ടിൽ പൊതിഞ്ഞ് സ്റ്റേജിലേക്കെറിയുന്ന കുരുട്ടുബുദ്ധിയുടെ സംഘി അധ്യാപകരും മനസ്സിലാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

എഫ്.ബി കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
കാവിചുവപ്പ് പാഷാണം പട്ടിൽ പൊതിഞ്ഞ് സ്റ്റേജിലെറിയുന്ന കലാവിഷ്‌കാരം
സ്‌കൂൾ യുവജനോത്സവത്തിൽ: ഇസ്ലാമിനെ ഭീകരമായി ചിത്രീകരിക്കുന്ന സ്വാഗതഗാനം, പണ്ഡിതന്മാരെ അവഹേളിക്കുന്ന മോണോ ആക്ട്... കലയുടെ മറവിലെ ഈ ഒളിച്ചുകടത്ത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. നേരെ ചൊവ്വേ ആശയ സംവാദത്തിന് കാലുറക്കാത്തവരാണ് കാലിന്റെ ചുവപ്പ് മാറാത്ത കുട്ടികളിൽ അപരമത വിദ്വേഷവും വെറുപ്പിന്റെ കാവിചുവപ്പ് രാഷ്ട്രീയവും കുത്തിവെച്ച് സ്റ്റേജിൽ ഛർദ്ദിക്കുന്നത്. ചാട് രാമ കുഞ്ചിരാമ എന്ന മട്ടിൽ കുട്ടികളെ പരിശീലിപ്പിച്ച് റിമോട്ട് ചങ്ങലയിൽ അവരെ കളിപ്പാവയും കളിക്കുരങ്ങുമായി കളിപ്പിക്കുകയാണ്. ആശയത്തിന്റെ കലാവിഷ്‌കാരങ്ങളാവാം, ആവിഷ്‌കാര സ്വാതന്ത്ര്യവുമാവാം. പക്ഷേ അന്യന്റെ മേക്കിട്ട് കയറുന്നതാവരുത്. ഭീകരവാദത്തിന്റെ പ്രതീകങ്ങളായി അമ്പും വില്ലും കുലച്ചിരിക്കുന്ന ഇതിഹാസ നായകരെ അവതരിപ്പിച്ചാലും ചെറുക്കപ്പെടേണ്ടതാണ്.
കലാരൂപങ്ങളിൽ അന്യന്റെ മാനം പറിച്ചു കീറുന്നവർ ഭീകര രൂപങ്ങളായി സംഘി നേതാക്കളുടെ രൗദ്രതയോ സ്ത്രീത്വത്തെ പച്ചക്ക് പിച്ചിച്ചീന്തിയ രാഷ്ട്രീയ നേതാക്കളേയോ 'സ്വപ്‌ന'സേവകരെയോ സ്റ്റേജിൽ അവതരിപ്പിച്ചാൽ കാവിചോപ്പ് രാഷ്ട്രീയം എത്ര ഇളകി മറിഞ്ഞ് മലിനമാക്കുമായിരുന്നു, വേദികളിലേക്ക് പ്രതിഷേധ മാർച്ചുകളുടെ പ്രവാഹവുമാകുമായിരുന്നു എന്നും ആർക്കുമറിയാം.
വിശ്വാസവും മാനവും എല്ലാവർക്കും വലിയതാണെന്ന് അധികാര വർഗങ്ങളും അവരുടെ മറപിടിച്ച് കാവിപ്പാഷാണം പട്ടിൽ പൊതിഞ്ഞ് സ്റ്റേജിലെറിയുന്ന കുരുട്ടുബുദ്ധിയുടെ സംഘി അധ്യാപകരും മനസ്സിലാക്കണം.
 

Latest News