Sorry, you need to enable JavaScript to visit this website.

കുഞ്ഞുമക്കളും അമ്മമാരും ഫ്രീക്കന്മാരും ഒഴുകിയ ആസ്വാദനത്തിന്റെ മൂന്നാം നാൾ

കോഴിക്കോട് - കലോത്സവത്തിന്റെ മൂന്നാം ദിനം പോരാട്ടത്തിന് കൂടുതൽ മുറുക്കം വന്ന ദിവസമാണ്. കരുത്തരായ കണ്ണൂരും ആതിഥേയരായ കോഴിക്കോടും കട്ടക്കു പോരാട്ടം തുടരുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ പാലക്കാടും കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. 
 കലോത്സവത്തിന്റെ എല്ലാ വേദികളിലും വൻ ജനപങ്കാളിത്തമാണുള്ളത്. വേദികളിലെല്ലാം ഇരിക്കാൻ സ്ഥലമില്ലാത്ത വിധം കാണികൾ നിറഞ്ഞു. വെയിലും മഞ്ഞും യാത്രാ ബുദ്ധിമുട്ടുകളുമൊന്നും വകവയ്ക്കാതെ കുഞ്ഞുമക്കളും അമ്മ പെങ്ങന്മാരും ഫ്രീക്കന്മാരും  മുതിർന്നവരുമെല്ലാം കലോത്സവ നഗരിയിലേക്ക് ഇരമ്പി വരികയാണ്. വേദിയിൽ നിന്ന് വേദിയിലേക്ക് പ്രവഹിക്കുകയാണവർ. ഓരോ വേദിയിലും താളം പിടിച്ച് കലോത്സവത്തെ നെഞ്ചേറ്റുകയാണവർ. മുഖ്യവേദിയായ അതിരാണിപ്പാടത്തെ വിക്രം മൈതാനിയിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചുപ്പുടിയോടെയാണ് ഇന്നത്തെ മത്സരങ്ങൾക്ക് തുടക്കമായത്. പിന്നാലെ ഉച്ചയ്ക്കുശേഷം അരങ്ങേറിയ മാർഗം കളിക്കും കാണികളുടെ ഒഴുക്കായിരുന്നു. ചട്ടയും മുണ്ടും ലോലാക്കുമിട്ട സുന്ദരിക്കുട്ടികളുടെ പ്രകടനം ആരെയും പിടിച്ചുനിർത്തുന്നതായിരുന്നു. 
 വേദി രണ്ടായ തളി സാമൂതി സ്‌കൂളിലെ വട്ടപ്പാട്ടിന് വട്ടമിട്ടെത്തിയവർ ഉച്ചകഴിഞ്ഞിട്ടും അവിടുന്ന് പോയില്ല. കാരണം മറ്റൊന്നുമായിരുന്നില്ല, മൊഞ്ചുള്ള മണവാളന്മാരുടെ വട്ടമിട്ടുള്ള ആൺ ഒപ്പനയ്ക്കു പിന്നാലെ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഒപ്പനയ്ക്കുള്ള കാത്തിരിപ്പിലായിരുന്നു അവർ. തരിവളകളിട്ട് മൊഞ്ചത്തിമാർ ഒപ്പനക്കളി തുടങ്ങിയതോടെ കോഴിക്കോട്ടുകാരേ പിടിച്ചാൽ കിട്ടാതായി. വേദിയിലെ ഓരോ ചുവടിനും നൂറായിരം ചുവടുകളുമായി അവർ ആടിത്തിമിർക്കുകയാണ്.
 ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ വശ്യമനോഹരമായ കേരള നടനത്തോടെയാണ് തൊട്ടടുത്തുള്ള സാമൂതിരി തളി സ്‌കൂൾ ഗ്രൗണ്ട് കാലാസ്വാദകരെ രാവിലെ കുടെക്കൂട്ടിയത്. ഉച്ചയ്ക്കുശേഷം ഹൈസ്‌കൂൾ വിഭാഗം തിരുവാതിരക്കളിയോടെ തളി സ്‌കൂൾ ഗ്രൗണ്ടിൽ ഉത്സവത്തിന്റെ പൊടിപൂരമായി. 'ആർദ്രമീ ധനുമാസ രാവുകളിലൊന്നിൽ' വരുന്ന തിരുവാതിരക്കളിയിലും നിറഞ്ഞ സദസായിരുന്നു.
  വേദി നാലിൽ നടക്കാവ് ഗവ. സ്‌കൂളിൽ ഭരതനാട്യവും ചവിട്ടുനാടകവും ചുവടുറപ്പിച്ചപ്പോൾ ബീച്ചിലെ ഗുജറാത്തി ഹാളിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിന്റെ അറബന മുട്ടിൽ ഹൃദയതാളം കണ്ടെത്തുകയായിരുന്നു. സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂളിലെ വേദി ആറിൽ ഹയർ സെക്കൻഡറിയുടെ ചെണ്ടമേളവും ഇംഗ്ലീഷ് സ്‌കിറ്റും ഇടം പിടിച്ചപ്പോൾ വേദി ഏഴ് ആംഗ്ലോ ഇന്ത്യൻ സ്‌കൂളിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ തുള്ളലിൽ തുള്ളിച്ചാടുകയാണ്. വേദി എട്ട് പരപ്പിൽ എം.എം ഹൈസ്‌കൂളിൽ അറബിക് നാടകത്തിനു തിരശ്ശീല ഉയർന്നപ്പോൾ തൊട്ടടുത്തുള്ള പരപ്പിൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ അറബിക് സാഹിത്യോത്സവിലെ ഉപന്യാസരചനക്കും കഥാരചനക്കും വേദിയായി.
 വേദി പത്ത് ചാലപ്പുറം ഗണപത് ബോയ്‌സിൽ രാവിലെ മുതൽ ഹൈസ്‌കൂളിന്റെയും ഉച്ചയ്ക്ക് ഹയർ സെക്കൻഡറിയുടെയും മാപ്പിളപ്പാട്ടു മത്സരത്തിന്റെ ഇശലിരമ്പമായിരുന്നു. വൈകീട്ട് ഹൈസ്‌കൂൾ വിഭാഗത്തിന്റെ ചെണ്ട-തായമ്പകക്കും താളം പിടിക്കാൻ ആസ്വാദകർ ഏറെയെത്തി. വേദി 11 ചാലപ്പുറം അച്യുതൻസ് ഗേൾസ് സ്‌കൂളിൽ യക്ഷഗാനത്തിനും വേദി 12 അച്യുതൻസ് ഗേൾസ് എൽ.പി സ്‌കൂൾ സംസ്‌കൃത്സോവത്തിനും സാക്ഷിയായി. 
 വേദി 13 അശോകപുരത്തെ സെന്റ് വിൻസന്റ് കോളനി കഥകളികൊണ്ട് സമ്പന്നമായപ്പോൾ വേദി 14 പുതിയറ എസ്.കെ പാർക്കിൽ ഓടക്കുഴലും നാദസ്വരവും ചൂളംവിളിച്ചു. 
 വേദി 15 സെന്റ് ആന്റണീസ് യു.പി സ്‌കൂളിൽ മൂന്ന് വിഭാഗങ്ങളുടെ പദ്യം ചൊല്ലൽ മത്സരത്തോടെയായിരുന്നു തുടക്കവും ഒടുക്കവും. വേദി 16 കാരപ്പറമ്പ് ഗവ. എച്ച്.എസ്.എസ് രാവിലെ ദേശഭക്തിഗാനത്തിന്റെ ആനന്ദത്തിലേക്കു ക്ഷണിച്ചപ്പോൾ ഉച്ചയ്ക്കുശേഷം പാടിയും പറഞ്ഞും പ്രസംഗിച്ചും കഥാപ്രസംഗത്തിന്റെ മുഴക്കമായി. 
 വേദി 17 വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ് സ്‌കൂളിൽ ലളിതഗാനത്തിന്റെയും ശാസ്ത്രീയസംഗീതത്തിന്റെയും ശബ്ദസുന്ദര മുഹൂർത്തങ്ങളിൽ അലിഞ്ഞു. ഈസ്റ്റ് ഹില്ലിലെ എഡ്യൂക്കേഷൻ ഗ്രൗണ്ടായ വേദി 18-ൽ ബാന്റ് മേളങ്ങളുടെ അകമ്പടി തീർത്തു. വേദി 19 എരഞ്ഞിപ്പാലത്തെ മർകസ് സ്‌കൂളിൽ അറബിക് പദ്യം ചൊല്ലലും ഉർദു സംഘഗാനത്തിലൂടെയും കലാസ്വാദകരുടെ ഹൃദയം തൊട്ടു. വേദി 20 കോഴിക്കോട് ടൗൺഹാളിൽ സംസ്‌കൃതോത്സവത്തിലെ അഞ്ച് ഇനങ്ങൾക്കു വേദിയായപ്പോൾ വേദി 21, ഹൈസ്‌കൂൾ വിഭാഗത്തിന്റെ കഥാ-കവിതാ-ഉപന്യാസ രചനകളിൽ കണ്ണുനട്ടു. 
 നടക്കാവ് ജി.ജി.വി.എച്ച്.എസ്.എസിലെ വേദി 22ൽ ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ കഥാരചന, കവിതാരചന, പ്രബന്ധരചന എന്നവയ്ക്കു വേദിയായപ്പോൾ 23 നടക്കാവ് ജി.ജി.വി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ ഇംഗ്ലീഷ് കഥാ-കവിതാ-ഉപന്യാസ രചനകളാണ് നടന്നത്. അവസാന വേദിയായ നടക്കാവ് ജി.ജി.വി.എച്ച്..എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗം ഹിന്ദി വിഭാഗത്തിന്റെ വിവിധ ഇനം മത്സങ്ങളും പുരോഗമിക്കുകയാണ്. എല്ലാ വേദികളും കാണികളാലും പരിപാടികളുടെ നിലവാരം കൊണ്ടും പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്.
 ആട്ടവും പാട്ടുമായി കലോത്സവ വേദികളിൽ കൗമാര മാമാങ്കം തകർക്കുമ്പോൾ സ്‌കൂൾ കലോത്സവത്തെ ജനകീയ ഉത്സവമായി ഏറ്റെടുത്തിരിക്കുകയാണ് കോഴിക്കോട്ടുകാർ. കലോത്സവം പ്രമാണിച്ച് കോർപറേഷന് പരിധിയിലെ സ്‌കൂളുകൾ അവധിയായതും കാണികളുടെ പങ്കാളിത്തം കൂട്ടി.

Latest News