Sorry, you need to enable JavaScript to visit this website.

നുണക്കുഴിച്ചിരിയും മൈലാഞ്ചി മൊഞ്ചുമായി നിറഞ്ഞാട്ടം; അതിരാണിപ്പാടത്ത് തലകറങ്ങി വീണത് അഞ്ചു തോഴിമാർ

കോഴിക്കോട് - മൈലാഞ്ചി മൊഞ്ചും നുണക്കുഴിച്ചിരിയുമായി മണവാട്ടിയുമായി കലോത്സവ വേദിയെ കല്യാണ വീടാക്കി മൊഞ്ചത്തിമാർ. ഇമ്പത്തിൽ പാട്ടു പാടിയും പാട്ടിനൊത്ത് താളത്തിൽ കൈ കൊട്ടിയും സഖിമാർ. ഒപ്പനപ്പാട്ടിന്റെ ഇശൽ മഴയിൽ മൊഞ്ചത്തിമാർ നിറഞ്ഞാടിയപ്പോൾ കണ്ടുനിന്നവർക്കും മനം കുളിർത്തു. നാരിമാരുടെ വാഴ്ത്തിപ്പാട്ടും മണവാട്ടിയുടെ നാണച്ചിരിയും ചന്തത്തിലുള്ള ചുവടുകളും കൂടിയായപ്പോൾ സംഗതി ജോറായി. അങ്ങനെ പ്രധാന വേദിയിൽ നടന്ന ഹൈസ്‌കൂൾ വിഭാഗം ഒപ്പന മത്സരത്തിൽ അലിഞ്ഞു ചേരുകയായിരുന്നു നഗരം.
 മലബാറിന്റെ തനതു മാപ്പിള കലാരൂപമായ ഒപ്പന കാണാൻ ആയിരങ്ങളാണ് വേദിയിലേക്ക് ഒഴുകിയെത്തിയത്. വെള്ള പെങ്കുപ്പായവും കാച്ചിമുണ്ടുമുടുത്തു പരമ്പരാഗത വേഷത്തിലാണ് നാരിമാരെല്ലാം അണിനിരന്നത്. വളക്കിലുക്കവും മെയ്താളവും ചേർന്നപ്പോൾ ഒപ്പന കാണാൻ എത്തിയവരുടെ ഖൽബ് നിറഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന ഒപ്പനയുമായി 14 ടീമുകൾ അണിനിരന്നു. 12 ടീമുകൾ അപ്പീൽ വഴിയുമെത്തി.
  മൈലാഞ്ചിച്ചോപ്പണിഞ്ഞ മൊഞ്ചത്തിമാരുടെ അതൃപ്പങ്ങൾ കാണാനും കേൾക്കാനും കുടുംബസമേതമാണ് കലാസ്വാദകരിൽ നൂറുകണക്കിന് പേർ എത്തിയത്. പ്രവാചക പത്‌നിമാരുടെ മംഗല്യപ്പാട്ടുകൾ കൊട്ടിപ്പാടി വേദിയിൽ നിറഞ്ഞുകളിച്ച ടീമുകളെ പ്രേക്ഷകരും നിറഞ്ഞ കൈയടികളോടെയാണ് യാത്രയാക്കിയത്. കൃത്യ സമയത്തുതന്നെ ആരംഭിച്ച മത്സരം കാണാൻ ഉച്ചയോടെത്തെന്നെ ഇരിപ്പിടങ്ങൾ നിറഞ്ഞിരുന്നു.
   മാപ്പിളപ്പാട്ടിലൂടെ കലാസ്വാദകരുടെ മനസ്സിൽ കൂടുകൂട്ടിയ പ്രശസ്ത ഗായികമാരായ വിളയിൽ ഫസീല, മുക്കം സാജിത തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മത്സരത്തിന്റെ വിധിനിർണയിച്ചത്. മേളയിലെ ഗ്ലാമർ ഇനത്തിൽ എല്ലാ ടീമുകളും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമായിരുന്നു. പതിവിൽനിന്ന് വ്യത്യസ്തമായി ഒപ്പന മത്സരം നിശ്ചിത സമയത്തുതന്നെ തുടങ്ങിയോ എന്ന അത്ഭുദവും മിസ്സായതിലെ നിരാശയുമാണ് വൈകി വന്ന പലരും പങ്കുവെച്ചത്.
 അതിനിടെ, അതിരാണിപ്പാടത്ത് ഉച്ച മുതൽ രാത്രി വരേ നീണ്ട ഒപ്പന വേദിയിൽ തലകറങ്ങിവീണത് അഞ്ച് തോഴിമാരാണ്. കളി കഴിഞ്ഞ ഉടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു പലർക്കും. ആദ്യം കളി കഴിഞ്ഞ കുട്ടി ഗ്രീൻ റൂമിൽ വിശ്രമിക്കുന്നതിനിടെ അസ്വസ്ഥതയുണ്ടാവുകയും മെഡിക്കൽ ടീമിന്റെ സഹായം തേടുകയുമായിരുന്നു. ഇവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി പരിഹരിച്ചു.
 രണ്ടാമത്തെ കുട്ടി വൈകീട്ട് കളി കഴിഞ്ഞ് കർട്ടൻ താഴ്ത്തിയ ഉടനെയാണ് തല കറങ്ങി വീണത്. എറണാകുളം മൂവാറ്റുപുഴ സ്വദേശി സ്വാസിക ബിജുവാണ് തളർന്ന് വീണത്. പനിയുണ്ടായിരുന്ന കുട്ടി അത് വകവെക്കാതെ കളിക്കുകയായിരുന്നു. കുട്ടിയെ ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 രാത്രി ഏഴുമണിയോടെ മറ്റൊരു കുട്ടിയും തലകറങ്ങി വീണു. ഇടുക്കി സ്വദേശി ഫിദ ഫാത്തിമയാണ് വീണത്. ചെറിയ പനിയുണ്ടായിരുന്ന ഫിദക്കു ഒപ്പന കളിക്കുന്നതിനിടെ ബി.പിയിൽ വ്യത്യാസമുണ്ടാവുകയും കളി കഴിഞ്ഞ ഉടൻ സ്റ്റേജിൽ വീഴുകയുമാണുണ്ടായത്.
 പല കുട്ടികളും മേക്കപ്പിട്ട് മണിക്കൂറുകൾ നേരത്തെ തന്നെ ഒരുങ്ങി നിൽക്കുന്നതിനാൽ ഭക്ഷണം പോലും ശരിയാംവിധം കഴിക്കാതെയാണ് സ്‌റ്റേജിൽ കയറുന്നത്. ഇതാണ് തളർച്ചയ്ക്കും വീഴ്ചയ്ക്കുമെല്ലാം ഒരുപരിധിവരെ കാരണമെന്ന് ഡോക്ടർമാർ പറയുന്നു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ പ്രധാന വേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിലാണ് ഒപ്പന മത്സരം അരങ്ങേറിയത്.

Latest News