Sorry, you need to enable JavaScript to visit this website.

മാപ്പിള കലകളുടെ നിലവാരം കുറയുന്നതായി ആക്ഷേപം

കോഴിക്കോട് - സ്‌കൂൾ കലോത്സവത്തിലെ മാപ്പിള കലകൾ ഓരോ കലോത്സവം പിന്നിടുമ്പോഴും പാരമ്പര്യത്തിൽ നിന്ന് പിറകോട്ടുപോയി നിലവാരത്തകർച്ച നേരിടുന്നതായി ആക്ഷേപം. ഒപ്പന, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട് തുടങ്ങിയ മിക്ക കലകളുടെയും ഇത്തവണത്തെ അവതരണത്തിൽ ഇത് പ്രകടമാണ്. 
 ആൺകുട്ടികളുടെ ഒപ്പനയാണ് വട്ടപ്പാട്ട്. ഒപ്പന ഒരർത്ഥത്തിൽ മാപ്പിളപ്പാട്ടിന്റെ മറ്റൊരു ഇശലുകൂടിയാണ്. ആ ഇശലിനെയാണ് ചായൽ മുറുക്കം എന്ന് വിളിക്കുന്നത്. എന്നാൽ പുതിയ വട്ടപ്പാട്ടിലും ഒപ്പനയിലും ചായലും മുറുക്കവും ഇല്ലാതാവുകയാണ്. പുതിയ ഈണങ്ങളുടെ പ്രശ്‌നം കൊണ്ടാണിതെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
 മലബാറിലെ സാധാരണക്കാരായ മുസ്‌ലിം കുടുംബങ്ങളെ കൂടാതെ, എല്ലാ വിഭാഗമാളുകളും നെഞ്ചേറ്റിയതാണ് പാവപ്പെട്ട മുസ്‌ലിം സ്ത്രീകളുടെ കലാവിഷ്‌ക്കാരമായ ഒപ്പന. കാച്ചി, പെൺ കുപ്പായം, കസവ് കര തട്ടം അല്ലെങ്കിൽ കൊച്ചി തട്ടം തുടങ്ങി ആഢംബരമില്ലാത്ത സാധാരണ വേഷങ്ങളായിരുന്നു കുറച്ചു കാലം വരെ കലോത്സവ വേദികളിൽ ഉണ്ടായിരുന്നത്. എന്നാൽ ആ പതിവ് മാറി  ഇപ്പോൾ ആഢംബരവും ആർഭാടവും നിറഞ്ഞ തട്ടങ്ങളിലേക്കും ആഭരണങ്ങളിലേക്കും മാറിയിരിക്കുകയാണ്. തിളങ്ങുന്ന വസ്ത്രത്തിലേക്കടക്കം ശ്രദ്ധ മാറിയതോടെ ഒപ്പന ഇശൽ അടക്കമുള്ളവയിൽ ശ്രദ്ധ കുറയുന്നു.
 സ്വതസിദ്ധമായ ഒപ്പന പാട്ടിന്റെ ഈണങ്ങൾക്ക് പകരം ആൽബ പാട്ടിന്റെയും ചില സമയത്ത് സിനിമാ പാട്ടിന്റെയും ഈണങ്ങൾ ചേർത്താണവതരിപ്പിക്കുന്നത്. ആൺകുട്ടികളുടെ ഒപ്പനയായ വട്ടപ്പാട്ടിലും അതിന്റെ തുടക്കമായ വഴിനീളം / മുഹാജാത്ത് കഴിഞ്ഞാൽ സമാന രീതിയിൽ അവതരിപ്പിക്കുന്ന പതിവ് കൂടി വരുന്നുണ്ട്.
 ആൺകുട്ടികളുടെ ഒപ്പനയിൽ അപ്പ പാട്ട് പാടിയാൽ അതിനുശേഷം മുറുക്കവും പാടണം. പക്ഷേ, ഇന്നത്തെ മത്സര വേദിയിൽ അപ്പ പാട്ടിനു മുറുക്കം ചേർക്കാതെ വെറ്റില പാട്ട് പാടുന്ന തെറ്റായ സ്ഥിതിയുണ്ടായി. വിലകൂടിയ അലങ്കാരങ്ങൾക്ക് പിന്നാലെ പോകുമ്പോൾ മറ്റു പല നൃത്ത ഇനങ്ങൾ പോലെ ചെലവേറിയ, സാധാരണക്കാർക്ക് മത്സരിക്കാൻ പറ്റാത്ത ഒരു ഇനമായി വരുംകാലങ്ങളിൽ ഒപ്പന മാറുമോയെന്നാണ് ഈ കലാരൂപങ്ങൾ തനത് രൂപത്തിൽ തന്നെ നിലനിന്നു കാണണമെന്നാഗ്രഹിക്കുന്നവർ ആശങ്ക പ്രകടിപ്പിക്കുന്നത്.
 ഹയർ സെക്കൻഡറി മാപ്പിളപ്പാട്ട് വേദിയിലും തനിമ ചോർച്ചയുണ്ടായി. മോയിൻ കുട്ടി വൈദ്യരുടെയും പുലിക്കോട്ടിൽ ഹൈദരിന്റേയുമൊക്കെ പാട്ടുകൾ തനിമയോടെ കേട്ടിരുന്ന സ്ഥാനത്ത് ഈണമില്ലാത്ത പാട്ടുകളുടെ പ്രളയമാണെന്നാണ് വിദഗ്ധർ പറയുന്നത്. പല പാട്ടുകളും ആൽബ സ്വാഭാവത്തിലേക്കും സിനിമാ ഈണത്തിന്റെ രീതിയിലേക്കും മാറുന്നു. പ്രാപ്തരല്ലാത്ത വിധി കർത്താക്കൾ മത്സരം വിലയിരുത്തുന്നത് മാപ്പളകലകളിൽ പരുക്ക് കൂട്ടാനിടയാക്കുന്നു. മത്സരങ്ങൾ ചിലരെങ്കിലും പുറംമോടിയും ഭംഗിയും നോക്കി വിലയിരുത്തുന്ന സാഹചര്യങ്ങളുമുണ്ട്.
 എന്നാൽ ഇന്നലത്തെ ഹൈസ്‌കൂൾ വിഭാഗം ഒപ്പന മത്സരത്തിലെ ജൂറി സാഹിത്യ ഭംഗിയും ഇശലിന്റെ വിലയിരുത്തലുമൊക്കെ കാര്യമായി ശ്രദ്ധിച്ചുതന്നെ അത് നിർവഹിച്ചതായും ഈ രംഗത്തുള്ളവർ സാക്ഷ്യപ്പെടുത്തുന്നു. ഹയർസെക്കൻഡറി ഒപ്പനയും ആൺ ഒപ്പനയായ വട്ടപ്പാട്ടും നടന്ന സാമൂതിരി സ്‌കൂളിലെ വേദിയിൽ അഭൂത പൂർവമായ തിരക്കായിരുന്നു.
 

Latest News