Sorry, you need to enable JavaScript to visit this website.

ശ്രോതാക്കളുടെ ക്ഷമ പരീക്ഷിക്കാത്ത രണ്ടുദിനം; നൃത്തവേദിയിൽ കൂട്ട തലകറക്കം, ദഫ്മുട്ട്, കോൽക്കളി വേദികളിലും ജനപ്രവാഹം

കോഴിക്കോട് - കോവിഡ് സൃഷ്ടിച്ച രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം വിരുന്നെത്തിയ സ്‌കൂൾ കലോത്സവം കാണാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ. 61-ാമത് കേരള സ്‌കൂൾ കലോത്സവത്തിലെ മത്സരങ്ങൾ നടന്ന 24 വേദികളിലും രാവിലെ മുതലേ കലാസ്വാദകരുടെ നല്ല തിരക്കാണുണ്ടായത്. ബുധനാഴ്ച മത്സരം സമാപിക്കുമ്പോൾ ആകെയുള്ള 239 ഇനങ്ങളിൽ 119 മത്സര ഇനങ്ങളാണ് പൂർത്തിയായത്. 
  വേദിക്കും പുറത്തും ജനം തടിച്ചുകൂടിയതോടെ എങ്ങും ഉത്സവമയമാണ്. പോപ്പ്‌കോൺ, അതിഥി സൽക്കാരമൊരുക്കി കച്ചവടക്കാരും അണി നിരന്നതോടെ കാര്യങ്ങൾ പൊടിപൂരം. മത്സരാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്ക് പുറമേ കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും മറ്റു ജില്ലകളിലുളളവരും കലോത്സവം ആഘോഷമാക്കി മാറ്റുകയാണ്.
  രണ്ടാംദിവത്തെ തുടക്കം മുതൽ വേദികൾ ജനനിബിഡമായിരുന്നു. പ്രവൃത്തി ദിവസമായിട്ടു പോലും ചെറിയ കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേരാണ് കലോത്സവ നഗരിയിലെത്തിയത്. ഓരോരുത്തരും തങ്ങൾക്ക് ഇഷ്ടപ്പെട്ട ജനപ്രിയ കലകൾ അരങ്ങേറുന്ന സ്ഥലത്ത് സാന്നിധ്യം ഉറപ്പിക്കാൻ ശ്രദ്ധിച്ചു.
 ഹയർസെക്കൻഡറി വിഭാഗം നാടോടി നൃത്തത്തോടെയാണ് പ്രധാന വേദിയായ വിക്രം മൈതാനിയിൽ മത്സരങ്ങൾ ആരംഭിച്ചത്. ശേഷം മലബാറിന്റെ മാപ്പിള കലാരൂപമായ ഒപ്പനയും വേദിയിൽ അരങ്ങേറി. ഹൈസ്‌കൂൾ വിഭാഗം ഒപ്പന മത്സരം ആരംഭിച്ചതോടെ വിക്രം മൈതാനിയിലേക്ക് ജനസാഗരമായിരുന്നു. അഞ്ചു പേർ ഒപ്പന മത്സരത്തിനിടെ തളർന്നുവീണതിനും വേദി സാക്ഷിയായി. ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ സംഘനൃത്തത്തിൽ കൂട്ട തലകറക്കമുണ്ടായിരുന്നു. പ്രധാനവേദിയിൽ രാത്രി നടന്ന മത്സരത്തിൽ 35-ലേറെ വിദ്യാർത്ഥികളാണ് തല കറങ്ങി വീണത്. മത്സരാർത്ഥികൾ മണിക്കൂറുകൾക്കു മുമ്പേ ഒരുങ്ങേണ്ടതിനാൽ ഭക്ഷണത്തിലും മറ്റുമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് കുട്ടികൾക്ക് വില്ലനാവുന്നത്.
 ദഫ് മുട്ട്, കോൽക്കളി ഉൾപ്പെടെയുള്ളവ നടന്ന വേദികളിലും കാണികളുടെ നല്ല തിരക്കാണനുഭവപ്പെട്ടത്. വേദി രണ്ടിൽ നടന്ന ഹയർസെക്കൻഡറി വിഭാഗം നാടക മത്സരം കാണാനും നിരവധി പേരെത്തിയിരുന്നു.
 മത്സര സമയക്രമം പാളിച്ചകളില്ലാതെ വളരെ മികച്ച നിലയിൽ മുന്നോട്ടുപോകുന്നത് എടുത്തുപറയേണ്ടതാണ്. ശ്രോതാക്കളുടെ ക്ഷമ പരീക്ഷിക്കാതെ എല്ലാ വേദികളിലും നിശ്ചിത സമയത്ത് തുടങ്ങേണ്ടതും അവസാനിപ്പിക്കേണ്ടതുമായ മത്സര സമയക്രമം പാലിക്കുന്നതിൽ പ്രശംസനീയ മാതൃകയാണ് പ്രകടമാക്കിയത്. മീഡിയാ സെന്ററിലെ ഇന്റർനെറ്റ് കണക്ഷനുണ്ടായ പ്രശ്‌നം ഒഴിച്ചാൽ പൊതുവെ പ്രശ്‌നരഹിതമാണ് മേള. ആദ്യ ദിവസമുണ്ടായ ഇന്റർനെറ്റ് തടസ്സങ്ങൾ രണ്ടാം ദിനത്തിലും ഇടയ്ക്കിടെ വീണ്ടും വീണ്ടും ആവർത്തിക്കുകയായിരുന്നു. തുടർന്ന് ഉച്ചയോടെ മീഡിയാ കമ്മിറ്റി ടെക്‌നീഷ്യനെ വരുത്തി പ്രശ്‌നം പരിഹരിച്ചു. നെറ്റ് പ്രശ്‌നങ്ങൾ വാർത്തകളും ഫോട്ടോകളും അയക്കാനും അപ്‌ഡേഷനും ഏറെ പ്രയാസമുണ്ടാക്കി.
 കലോത്സവ വേദികളിൽ സുരക്ഷയൊരുക്കാൻ പോലിസും ഇന്ത്യൻ റിസർവ് ബറ്റാലിയനും രംഗത്തുണ്ട്. ഇനിയുള്ള മൂന്നു നാളുകൾ കൂടി കലോത്സവ നഗരിയിലേക്ക് ജനം കൂടുതലായി ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ.
 

Latest News