Sorry, you need to enable JavaScript to visit this website.

ഷുക്കൂര്‍ വക്കീലിന്റെ വേവലാതിയും ഇസ്ലാമിക ശരീഅത്തും

കോഴിക്കോട്- ജീവിത സമ്പാദ്യം മുഴുവന്‍ സ്വന്തം മക്കള്‍ക്ക് തന്നെ ലഭിക്കണമെന്ന വേവലാതി കാരണം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഭാര്യയെ വീണ്ടും വിവാഹം ചെയ്യാന്‍ ഒരുങ്ങിയിരിക്കയാണ്  ഇടതു സഹയാത്രികനും ആക്ടിവിസ്റ്റുമായ ഷുക്കൂര്‍ വക്കീല്‍.
ബുധനാഴ്ച രാവിലെ പത്തിന് കാഞങ്ങാട് ഹോസ്ദുര്‍ഗ് സബ് രജ്‌സ്ട്രാര്‍ ഓഫീസില്‍ വെച്ചായിരിക്കും വിവാഹമെന്നും നേരത്തെ മുസ്ലിം ആചാര പ്രകാരം വിവാഹിതനായ ഷുക്കൂര്‍ വക്കീല്‍ ഫേസ് ബുക്കില്‍ നല്‍കിയ പോസ്റ്റില്‍ പറയുന്നു.
ഈ പശ്ചാത്തലത്തില്‍ പെണ്‍കുട്ടികള്‍ മാത്രമാണെങ്കില്‍ അനന്തരാവകാശം എങ്ങനെ ചോദ്യത്തിനുള്ള മറുപടി നല്‍കിയിരിക്കയാണ് അബ്ദുസ്സലാം അഹ്മദ് നീര്‍ക്കുന്നം islamonlive.in വെബ്‌സൈറ്റില്‍.

ചോദ്യം -ഒരാള്‍ക്ക് ആണ്‍കുട്ടികളില്ല, ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമാണുള്ളത്.
അയാളുടെ മരണ ശേഷം അവര്‍ക്ക് എല്ലാ സമ്പത്തും അനന്തരമായി ലഭിക്കുകയില്ലല്ലോ എന്നും മക്കള്‍ വഴിയാധാരമായിപ്പോകുമല്ലോ എന്നും അയാള്‍ക്ക് ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍, പെണ്‍കുട്ടികള്‍ക്കും ഭാര്യക്കും മാത്രമായി എല്ലാ അനന്തര സ്വത്തും ലഭിക്കുന്ന വിധത്തില്‍ എന്തെങ്കിലും ചെയ്യാന്‍ അയാള്‍ക്ക് കഴിയുമോ..? അതിന്
ഇസ് ലാമികമായി അനുവാദമുണ്ടോ? ഉണ്ടെങ്കില്‍ അതിനുള്ള ഹലാല്‍ ആയ വഴി എന്ത്..?

ഉത്തരം

• ഓരോരുത്തരുടെയും ആയുസ്സ് തീരുമാനിക്കുന്നത് അല്ലാഹു മാത്രമാണ്. മറ്റാര്‍ക്കും അത് അറിയുകയുമില്ല, അതിലൊരു പങ്കുമില്ല.

• ഭാര്യയെയും മക്കളെയും ബാക്കിയാക്കി ഭര്‍ത്താവാണോ (പിതാവ്) മരണപ്പെടുക, അതല്ല അവരൊക്കെ മരണപ്പെട്ടിട്ടും അയാള്‍ ജീവിച്ചിരിക്കുമോ എന്നൊന്നും നമുക്ക് അറിയില്ല.

• ജീവിക്കുന്ന കാലം അല്ലാഹുവിന്റെ ആജ്ഞാനിരോധങ്ങളില്‍ നിന്നുകൊണ്ടു തനിക്കും കുടുംബത്തിനും നാടിനും നാട്ടാര്‍ക്കും വേണ്ടി ചെലവാക്കുക. അതുവഴി പരലോകം ശോഭനമാക്കുക.

• ഭാര്യയും മക്കളും മാത്രമാണ് കുടുംബം എന്നത് വളരെ കൂടുസ്സായ സമീപനമാണ്. മനുഷ്യര്‍ പരസ്പരം സഹകരണത്തിലൂടെ മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന ഒരു സൃഷ്ടിയാണ്. പ്രത്യേകിച്ചും സാഹോദര്യകുടുംബബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അതുവഴിയേ ഒരാളുടെ ജീവിതം സന്തുഷ്ടമാവൂ.

. പരസ്പരം സഹായിക്കുകയും സംരക്ഷിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു സോഷ്യല്‍ സെക്യൂരിറ്റി സംവിധാനമാണ് കുടുംബ ബന്ധങ്ങളിലൂടെ ഇസ്ലാം പരിചയപ്പെടുത്തുന്നത്.

• മക്കള്‍ക്ക് സ്വത്തൊന്നും ഇല്ലെങ്കിലും ഇസ്ലാമിക സമൂഹത്തില്‍ അവര്‍ അനാഥരാവുകയില്ല.

• മരണപ്പെടുന്ന സമയത്ത് ജീവിച്ചിരിക്കുന്നവര്‍ ആരൊക്കെയാണോ അവര്‍ക്ക് അല്ലാഹു നിര്‍ണ്ണയിച്ച ഓഹരി ലഭിക്കും.

• ചോദ്യത്തില്‍ പറഞ്ഞ അവസ്ഥയിലാണ് ഒരാള്‍ മരണപ്പെടുന്നതെങ്കില്‍, ഭാര്യക്ക് എട്ടിലൊന്നും, പെണ്‍മക്കള്‍ക്ക് മൂന്നില്‍ രണ്ടും ഓഹരിയാണ് ലഭിക്കുക.

• ബാക്കിയുള്ള ചെറിയൊരു ഓഹരി മറ്റുള്ള ചിലര്‍ക്ക് ലഭിക്കും. അവരുടെ ഉത്തരവാദിത്തമാണ് പരേതന്റെ അനാഥരാവുന്ന മക്കളെ സംരക്ഷിക്കല്‍.

• പിതാവ് ഇപ്പോള്‍ സമ്പാദിച്ചു വെച്ചിരിക്കുന്ന ധനം മാത്രം പോരല്ലോ ആ കുട്ടികള്‍ക്ക് ജീവിക്കാന്‍. അവരുടെ സുരക്ഷിതത്വം, സംരക്ഷണം ഒക്കെ ഏറ്റെടുക്കാന്‍ ആള് വേണമല്ലോ. അവരാണ് ഈ ബാക്കിയായ ഓഹരിയുടെ അവകാശികള്‍.

• ഈ സാഹചര്യത്തില്‍ പിതാവ് ഒന്നും എഴുതി വെക്കേണ്ട കാര്യമില്ല. കാരണം അവരുടെ ഓഹരികള്‍ അല്ലാഹു തന്നെ നിശ്ചയിച്ചതാണ്. അതില്‍ മാറ്റം ഒന്നും വരുകയില്ല. ശരീഅ പ്രകാരവുമില്ല; നിലവിലെ ഇന്ത്യന്‍ പേര്‍സണല്‍ ആക്ട് പ്രകാരവുമില്ല.
• സഹോദരങ്ങളുമായി നല്ല സ്‌നേഹബന്ധം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഒന്നാമതായി ചെയ്യേണ്ട കാര്യം. പരേതന് സ്വത്തൊന്നും ഇല്ലെങ്കില്‍ പോലും അനാഥരാവുന്ന മക്കളെ പൂര്‍ണ്ണ മനസ്സോടെ ഏറ്റെടുക്കുന്ന സ്‌നേഹബന്ധത്തിലേക്ക് സാഹോദര്യം വളരട്ടെ. അപ്പോള്‍ മക്കളുടെ ഭാവിയെ സംബന്ധിച്ച് ഒരു ബേജാറും ഉണ്ടാവുകയില്ല. ബാക്കിയെല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക. തവക്കുല്‍ ആണ് ഏറ്റവും വലിയ ധൈര്യവും ആത്മവിശ്വാസവും സമാധാനവും.

• മേല്‍പ്പറഞ്ഞതൊക്കെ ഇരിക്കെ, ഇനിയും എന്തെങ്കിലും ചെയ്യണം എന്നാണെങ്കില്‍, ഇപ്പോള്‍ തന്നെ സ്വത്തൊക്കെ മക്കള്‍ക്ക് തുല്യമായി സമ്മാനമായി നല്കാം. ഭാര്യക്കും നല്കാന്‍ മറക്കരുത്.

• അല്ലാഹുവിന്റെ കല്‍പ്പനയേക്കാള്‍ നമ്മുടെ പ്രതീക്ഷയ്ക്ക് മുന്‍തൂക്കം നല്കി നാം എടുക്കുന്ന തീരുമാനങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും സ്വയം ഏറ്റെടുക്കുകയും അനുഭവിക്കുകയും വേണം.

• നമ്മുടെ മക്കളോടു നമുക്കുള്ളതിനെക്കാള്‍ സ്‌നേഹവും കരുതലും, റബ്ബിന് അവന്റെ ഓരോ സൃഷ്ടികളോടും ഉണ്ട് എന്ന് മനസ്സിലാക്കുക.

 

Latest News