ജോലി കിട്ടുന്നില്ല, വിദേശത്തു പോകാന്‍ പാസ്‌പോര്‍ട്ടും നല്‍കുന്നില്ല; കടമ്പയായി പോലീസ് വെരിഫിക്കേഷന്‍

ഫയൽ ഫോട്ടോ-എ.എഫ്.പി

ശ്രീനഗര്‍- പോലീസ് വെരിഫിക്കേഷന്‍ ലഭിക്കാത്തതുമൂലം ജമ്മു കശ്മീരില്‍ നൂറു കണക്കിനു യുവാക്കള്‍ ദുരിതത്തില്‍. ജോലി ലഭിക്കുന്നതിനും പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുമാണ് പോലീസ് വെരിഫിക്കേഷന്‍ പ്രധാന തടസ്സമായിരിക്കുന്നത്. പോലീസ് പരിശോധന വൈകുകയോ പ്രതികൂല റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്യുന്നു.
2019ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി കേന്ദ്രം അവസാനിപ്പിച്ചതിന് ശേഷമാണ് കശ്മീരില്‍ ഈ പ്രതിസന്ധി. നൂറുകണക്കിന് പേര്‍ക്കാണ് ജോലിയും പാസ്‌പോര്‍ട്ടും ലഭിക്കാത്തത്.  കശ്മീരില്‍ ഈ കണക്ക് അഞ്ചക്കത്തിലെത്തിയിരിക്കയാണെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, മകള്‍ ഇല്‍തിജ മുഫ്തി എന്നിവരടക്കം  നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരും തങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിക്കുന്നതായി ആരോപിക്കുന്നു. മെഹബൂബ മുഫ്തിയും മകളും കോടതിയെ സമീപിച്ചിരിക്കയാണ്.
ജോലിയും പ്രൊമോഷനും നിഷേധിക്കുന്നതിനുള്ള മാര്‍ഗമായിരിക്കയാണ ്‌പോലീസ് വെരിഫിക്കേഷന്‍. 46 കാരനായ ഡോ.ഇമ്രാന്‍ ഹഫീസ് ഇത്തരത്തില്‍ പ്രൊമോഷന്‍ നിഷേധിക്കപ്പെട്ടയാളാണ്.
 ശ്രീനഗറിലെ പ്രശസ്തമായ ഷേറെ കശ്മീര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (സ്‌കിംസ്) ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിയില്‍ അസോസിയേറ്റ് പ്രൊഫസറാണ് ഇദ്ദേഹം.  തുടര്‍ച്ചയായ അഭിമുഖങ്ങളില്‍ പങ്കെടുത്തതിന് ശേഷം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അഡീഷണല്‍ പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിക്കേണ്ടതായിരുന്നു. മറ്റ് ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും, പുതിയ തസ്തികയില്‍ ചേരാന്‍ അനുവദിക്കാത്ത ഏഴ് പേരില്‍ ഡോ. ഹഫീസും ഉള്‍പ്പെടുന്നു.  പോലീസ് പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കാത്തതാണ് അധികൃതര്‍ പറയുന്ന കാരണം.
ഹുറിയത്ത് ചെയര്‍മാന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖിന്റെ അമ്മാവന്‍ മൗലവി മുഷ്താഖിന്റെ മകനാണ് ഡോ. ഹഫീസ്. 2004ല്‍ പഴയ നഗരത്തിലെ ഒരു പള്ളിയില്‍ വെച്ച് മുഷ്താഖിനെ തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. മിര്‍വായിസ് ഉമര്‍ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള ഹുറിയത്ത് വിഭാഗം ഉള്‍പ്പെട്ട കേന്ദ്രവുമായുള്ള ചര്‍ച്ചകള്‍ സ്തംഭിപ്പിക്കുകയായിരുന്നു അക്രമികളുടെ  ലക്ഷ്യം.
പ്രൊഫഷണലുകള്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ നിഷേധിക്കുന്നതിനുള്ള ഉപകരണമായി പോലീസ് വെരിഫിക്കേഷന്‍ മാറിയിരിക്കയാണ്. നിരവധി പ്രൊഫഷണലുകളാണ് പരാതികളുമായി മുന്നോട്ട് വന്നിരിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News