Sorry, you need to enable JavaScript to visit this website.

ക്ഷേത്രത്തില്‍ ഇസ്ലാമിക ആചാരപ്രകാരം വിവാഹം, അതും വി.എച്ച്.പിയുടെ ക്ഷേത്രത്തില്‍ 

ഷിംല- ഹിന്ദു ക്ഷേത്രത്തില്‍ മുസ്ലിം ആചാരപ്രകാരമുള്ള വിവാഹം നടന്നു. ഹിമാചല്‍ പ്രദേശിലെ ഷിംല ജില്ലയില്‍ രാംപൂരിലാണ് എന്‍ജിനീയര്‍മാരായി ജോലി ചെയ്യുന്ന യുവതി യൂവാക്കളുടെ വിവഹം  ഹിന്ദു ക്ഷേത്ര പരിസരത്ത് നടന്നത്. ഇസ്‌ലാമിക ആചാരപ്രകാരമാണ് ദമ്പതികള്‍ വിവാഹിതരായത്. വിവാഹം നടന്ന താക്കൂര്‍ സത്യനാരായണ ക്ഷേത്രം സംഘ്പരിവാര്‍ സംഘടനകളായ  വിശ്വഹിന്ദു പരിഷത്തിന്റേയും (വിഎച്ച്പി), ആര്‍എസ്എസിന്റേയും മേല്‍നോട്ടത്തിലുള്ളതാണെന്നാണ് ഏറ്റവും കൗതുകമായത്.

വിഎച്ച്പിയുടെയും ആര്‍എസ്എസിന്റെയും കാര്യാലയം കൂടിയുള്ള ക്ഷേത്രം പരിസരത്താണ് വിവാഹം നടന്നത്. മൗലവിയുടെ സാന്നിധ്യത്തില്‍ നടന്ന നിക്കാഹ് ചടങ്ങിന് ഹിന്ദു, മുസ്ലിം സമുദായങ്ങളിലുള്ളവര്‍ സാക്ഷ്യം വഹിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിശ്വഹിന്ദു പരിഷത്തും ആര്‍എസ്എസും പലപ്പോഴും മുസ്ലിം വിരുദ്ധരാണെന്ന് ആരോപിക്കപ്പെടുന്നു. എന്നാല്‍ ഇവിടെ ഹിന്ദു ക്ഷേത്ര പരിസരത്ത് മുസ്ലിം ദമ്പതികള്‍ വിവാഹിതരായി. എല്ലാവരേയും ഉള്‍പ്പെടുത്തി മുന്നോട്ട് പോകാന്‍ സനാതന്‍ ധര്‍മ്മം പ്രചോദിപ്പിക്കുന്നു എന്നതിന്റെ  ഉദാഹരണമാണിതെന്ന് താക്കൂര്‍ സത്യനാരായണ ക്ഷേത്ര ട്രസ്റ്റ്  ജനറല്‍ സെക്രട്ടറി വിനയ് ശര്‍മ്മ അവകാശപ്പെട്ടു. 
രാംപൂരിലെ സത്യനാരായണ ക്ഷേത്ര സമുച്ചയത്തില്‍ വെച്ചാണ് മകളുടെ വിവാഹം നടന്നതെന്ന് പെണ്‍കുട്ടിയുടെ പിതാവ് മഹേന്ദ്ര സിംഗ് മാലിക് പറഞ്ഞു. ഇതോടെ രാംപൂരിലെ ജനങ്ങള്‍ സാഹോദര്യത്തിന്റെ സന്ദേശമാണ് ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരസ്പര സാഹോദര്യം തകരാന്‍ ഒരാള്‍ മറ്റൊരാളെ തെറ്റിദ്ധരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വിവാഹിതരായ രണ്ട് പേരും മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ എന്‍ജിനീയര്‍മാരായി ജോലി ചെയ്യുകയാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

മകള്‍ ഗോള്‍ ഡ് മെഡല്‍ നേടിയ എം.ടെക് സിവില്‍ എന്‍ജിനീയറും മരുമകന്‍ സിവില്‍ എന്‍ജിനീയറാണെന്നും വധുവിന്റെ പിതാവ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News