Sorry, you need to enable JavaScript to visit this website.

ആട്ടിടയനായ എഞ്ചിനീയര്‍; സൗദി ഖസീമിലെ അനുഭവം

1993-94 കാലഘട്ടം. ഞാന്‍ അന്ന് സൗദി അറേബ്യയിലെ അല്‍ ഖസീമിലായിരുന്നു. ഫ്രീ വിസ എന്ന മഹത്തായ പ്രതീക്ഷക്ക് കോട്ടം തട്ടിത്തിടങ്ങിയ കാലഘട്ടം. ജോലി ഇല്ലാതെ പരക്കം പായുന്നതിനിടെ ഉപ്പള സ്വദേശിയായ അഹമ്മദ് ഹാജി (യഥാര്‍ഥ പേരല്ല) എന്നോട് ചോദിച്ചു: നീ വെരുതെ ഇരിക്കുകയല്ലെ ഒരു സ്ഥലം വരെ പോയാലോ....?
ബുറൈദ മാര്‍ക്കറ്റില്‍ വെറുതെ കുത്തിയിരിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ലാത്തത് കൊണ്ട് ഞാന്‍ പോകാന്‍  തീരുമാനിച്ചു.
ശരി ഞാന്‍ വരാം....
അങ്ങനെ ഞങ്ങള്‍ വണ്ടി കയറി യാത്ര പുറപ്പെട്ടു. രണ്ട് മൂണ് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒത്ത മരുഭൂമിയുടെ നടുക്ക് വണ്ടി നിര്‍ത്തി. ചുറ്റും പരന്നു കിടക്കുകയാണ് മരുഭൂമി. ചില സ്ഥലത്ത് പ്രത്യേകം ഇരുമ്പ് ഉപയോഗിച്ച് സജ്ജമാക്കിയ കൂടുകളില്‍ ബര്‍ബറി, നജ്ദ്, ഹിന്ദി അങ്ങനെ അങ്ങനെ പലതരം ആടുകള്‍...!  
അതിലേതോ ഒരു ആട്ടിന്‍ പറ്റത്തിന്റെ കാവല്‍ക്കാരനാണ് അഹമ്മദ് ഹാജിയുടെ മകന്‍ സമീര്‍....! (യഥാര്‍ഥ പേരല്ല). ഞങ്ങള്‍ സമീറിന്റെ കൂട് ലക്ഷ്യമാക്കി നടന്നു.
'അയ്യോടാ.... തനിക്ക് വേദനിക്കുന്നുണ്ടോടാ മുത്തെ ...... ഇപ്പ മരുന്ന് തരാട്ടോ......' സമീര്‍ ആടുകളോട് സംസാക്കുകയായിരുന്നു....?. കൂട്ടിന്ന് ആരാരും ഇല്ലെങ്കില്‍ പിന്നെന്ത് ചെയ്യാനാണ്....?.
ഞങ്ങളെ കണ്ടതും ഓടിച്ചാടി ഒരു കൊച്ചുകുട്ടിയുടെ ലാഘവത്തോടെ അവന്‍ അരികിലേക്ക് വന്നടുത്തു. 'അല്ലാ താനാരോടാ സംസാരിച്ചോണ്ടിരുന്നെ.....? 'അഹമ്മദ് ഹാജിയുടെ ചോദ്യത്തിന്ന് അവന്‍ മറുവടി നല്‍കി: 'ആടുകള്‍ തിരിച്ചൊന്നും പറയുന്നില്ലെന്നേ ഉള്ളൂ... അവക്ക് നമ്മള്‍ പറയുന്നത് മനസ്സിലാകും'.


നിങ്ങള്‍ക്ക് പറയാനുള്ളത് വാട്‌സ്ആപ്പിലും അയക്കാം



സമീറിന്ന് ഏതാണ്ട് എന്റെ പ്രായം വരും. ഇരുപതിനും ഇരുപത്തിരണ്ടിനും ഇടയ്ക്ക് പ്രായമുള്ള മകനെ മരുഭൂമിയില്‍ ജോലിക്ക് കൊണ്ട് നിര്‍ത്തിയ അഹമ്മദ് ഹാജിയോട് എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. അഹമ്മദ് ഹാജി അടുത്തില്ലാത്ത തക്കം നോക്കി ഞാന്‍ സമീറിനോട് അക്കാര്യം  ചോദിക്കുക തന്നെ ചൈയ്തു.
'തന്റെ വാപ്പയ്‌ക്കെന്താ വട്ടുണ്ടൊ....? അല്ലെങ്കില്‍ ആരുമാരും കൂട്ടിനില്ലാത്ത ഈ മരുഭൂമിയില്‍ സ്വന്തം മകനെ ജോലിക്ക് നിര്‍ത്തുമോ....?'
അവന്‍ പറഞ്ഞു: 'വാപ്പ ശരിക്കുള്ള വിസ തന്നെയാണ് അയച്ചുതന്നത്. കഫീലിന്റെ ക്രമക്കേടിന്ന് വാപ്പ എന്ത് പിഴച്ചു..?. പിന്നെ പണി ഇതാണെന്നു അറിഞ്ഞപ്പോള്‍ എന്നെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ വാപ്പ നോക്കിയതാ.... ഞാന്‍ നിര്‍ബന്ധിച്ചിട്ടാ... അല്ലാതെ വാപ്പാന്റെ കുറ്റമൊന്നുമല്ല.'
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അഹമ്മദ് ഹാജി മടങ്ങുവാന്‍ തയ്യാറായപ്പോള്‍ എന്നോട് ചോദിച്ചു: 'നിനക്ക് രണ്ട് ദിവസം ഇവിന്റെ കൂടെ നില്‍ക്കാന്‍ പറ്റുമോ...? . മറ്റെന്നാള്‍ ഞാന്‍ വരാം അന്നേരം മടങ്ങാം എന്താ.....?'
'ശരി... രണ്ട് ദിവസമെങ്കിലും അവനൊരു കൂട്ടാകുമല്ലോ.... ' അങ്ങനെ സമീറിന്റെ വാടിക്കരിഞ്ഞ മുഖം തെളിഞ്ഞു. അഹമ്മദ് ഹാജിക്കും സന്തോഷം.
നാട്ടിലെ പോലെ ചതുരാകൃതിയിലല്ല അവിടുത്തെ കൃഷി രീതി. ഗോളാകൃതിയില്‍ നട്ട് വളര്‍ത്തിയ ഗോതമ്പ് ചെടികളുടെ മേലെ ഒരാള്‍ പൊക്കത്തില്‍ പൈപ്പുകള്‍ ബന്ധിപ്പിച്ച് (അവയുടെ അടിവശത്ത് തുളകള്‍ ഉണ്ടാവും) അവയെ മോട്ടറിന്റെ സഹായത്തോടെ കറക്കിക്കൊണ്ടാണ് വെള്ളം നനക്കുന്നത്. റസാസ് എന്നാണ് അതിനു പേര്. പൈപ്പുകളുടെ കറക്കത്തിന്ന് അനുസരിച്ച് അതിന്റെ ചുവട്ടില്‍ നടന്ന് കൊണ്ടാണ് സമീര്‍ കുളിച്ചോണ്ടിരുന്നത്. രണ്ട് ദിവസം ഞാനും അങ്ങനെയാണ് കുളിച്ചത്. അല്ലാതെ വേറെ ഒരു മാര്‍ഗ്ഗവും ഇല്ല. ടാര്‍പ്പായ മൂടിക്കെട്ടിയ കൂടാരത്തില്‍ കറണ്ട് പോലും ഇല്ലാതെ എത്രയോ ദിനരാത്രങ്ങള്‍ താമസിക്കുക...!. വേനല്‍ തുടങ്ങിയിട്ടേയുള്ളൂ എന്നിട്ടും എന്തൊരു ചൂടാണ്. ചുട്ടുപൊളളുന്ന വേനല്‍ കാലത്തെ പറ്റി ചിന്തിക്കുവാന്‍ പറ്റില്ല. ഏതാനും ഉണക്ക റൊട്ടികള്‍, ടിന്നിലടച്ച പയറുകള്‍, ഉരുളക്കിഴങ്ങ്, തക്കാളി. കൂടാതെ രണ്ട് ചെറിയ കന്നാസുകള്‍..... ഒന്നിലെ വെള്ളം ഭക്ഷണം പാകം ചെയ്യാനും, മറ്റൊന്ന് കുടിക്കുവാനും... എല്ലാം മിതമായി മാത്രം ഉപയോഗിച്ചാലേ ഒരാഴ്ച ജീവിക്കാന്‍ പറ്റൂ....
ബശീറെ.... 'ഞാനാണ് ലോകത്തേറ്റവും കഷ്ടപ്പെടുന്ന വ്യക്തി എന്ന് നിനക്ക് തോന്നുന്നുണ്ടോ.....?'
'ഏയ് അങ്ങനെയൊന്നും തോന്നുന്നില്ല. പക്ഷെ നീയും ആ കൂട്ടത്തിലൊരാളാണെന്ന് തോന്നുന്നു...'
'ശരിയാണ്... പറഞ്ഞാല്‍ ഒരു പക്ഷേ അറിയാന്‍ പറ്റി എന്ന് വരില്ല. നമുക്കൊരു ഇടം വരെ പോകാം. രാത്രിയാവട്ടെ എന്താ.....?'
'ഇവിടെ അടുത്തൊന്നും ആള്‍പ്പാര്‍പ്പില്ലെന്ന് തോന്നുന്നു...?'
'ഇല്ല.... രണ്ട് മൂന്ന് കിലോമീറ്റര്‍ അകലെ കുറച്ച് മലയാളികള്‍ താമസിക്കുന്നുണ്ട് എന്നെപ്പോലെ തന്നെ....'
'ഊം......'
'ആ കാണുന്ന കാറ്റാടി മരത്തില്‍ കയറിയാല്‍ സിലോണ്‍ റേഡിയോ ചാനലില്‍ കൂടി മലയാള ഗാനം കേള്‍ക്കാം.. അതാണ് ഈ മരുഭൂമിയില്‍ എനിക്ക് ലഭിച്ചതില്‍ വെച്ചേററവും വലിയ സൗകര്യം.....' കന്നാസില്‍ നിന്നു അളന്നെടുത്ത വെള്ളം കൊണ്ട് ചായ ഉണ്ടാക്കുന്നതിനിടെ സമീര്‍ പറഞ്ഞു.
രാത്രി ഇരുട്ടിത്തുടങ്ങിയപ്പോള്‍ പതിയെ ഞങ്ങള്‍ കൂടാരം വിട്ടിറങ്ങി. കുറേ ദൂരം കടന്നപ്പോള്‍ ഒത്തിരി കൂടാരങ്ങള്‍ കാണായി. ചെരിയ വെട്ടങ്ങള്‍. ആട്മാടുകളുടെ കരച്ചലുകള്‍, ചൂട്കാറ്റിന്റെ ഹൂങ്കാരങ്ങള്‍.
'ആ കാണുന്നത് കണ്ണൂര്‍ സ്വദേശിയായ രമേശേട്ടന്റെ കൂരയാണ് നമുക്ക് അങ്ങോട്ട് പോയാലൊ..?'
'ഹാ പോകാം....'
'രമേശേട്ടാ......' സമീറിന്റെ നീട്ടിവിളി കേട്ടതും, എല്ലുംതോലുമായി മാറിയ ഒരു മനുഷ്യന്‍ ഓടിച്ചാടി വന്നു.
'വാ വാ.... സമീറേ ഇങ്ങോട്ടോന്നും കാണാറേ ഇല്ലല്ലോ.... അല്ലാ ഇതാരാ കൂടെയുള്ളത് പുതിയ വല്ല........' വാക്കുകള്‍ മുഴുമിപ്പിക്കാത്ത രമേശേട്ടന്റെ ആധി മനസ്സിലാക്കാവുന്നതേയുള്ളൂ.
'ഹേയ്... അതൊന്നമല്ല. ഇന്ന് വാപ്പ വന്നിരുന്നു കൂടെ വന്നതാ രണ്ട് ദിവസം എന്റൊപ്പം കാണും...'
'ബശീറേ.... ഇയാള്‍ ഒരു എഞ്ചിനിയാറായിരുന്നു. പക്ഷെ, എത്തിപ്പെട്ടതോ ഈ മരുഭൂമിയില്‍. ആട്ടിടയനായ എഞ്ചിനീയര്‍....!' സമീര്‍ അത് പറയുമ്പോള്‍ അയാള്‍ ചിരിക്കുകയായിരുന്നു. ഭ്രാന്തമായ ചിരി. എനിക്കെന്തോ പേടി തോന്നിത്തുടങ്ങി.
'തൊട്ടടുത്ത് ഇനിയും കുറേ ജീവികളുണ്ട്. ആടുമാടുകള്‍ക്കൊപ്പം ജീവിതം പണയപ്പെടുത്തിയ കുറേ മനുഷ്യ ജീവികള്‍. നമുക്ക് അവരേ കൂടി പരിചയപ്പെട്ടാലോ.....?
'വേണ്ടാ.....' ഞാന്‍ പെട്ടെന്ന് അവിടം വിട്ടിറങ്ങി. കൂടെ സമീറും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News