ശരീരഭാരം കുറക്കണോ; ഉപവാസത്തേക്കാള്‍ മികച്ച വഴിയുണ്ട് 

വാഷിംഗ്ടണ്‍- ഭാരം നിയന്ത്രിക്കാന്‍ ഇടവിട്ടുള്ള ഉപവാസത്തേക്കാള്‍ ഫലപ്രദമായ മാര്‍ഗ്ഗം സാലഡുകള്‍ ഉള്‍പ്പെടെയുള്ളവ ചെറിയ ഭക്ഷണം
കഴിക്കുന്നതാണെന്ന് പഠനം. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലൂടെയാണ് ഈ നിഗമനത്തിലെത്തിയത്. 

ആറ് മാസത്തിനിടെ 547 പേരുടെ ഭക്ഷണം, ഉറക്കം, ഉണര്‍വ് തുടങ്ങിയ രീതികളാണ് പഠിച്ചത്. ഗവേഷണ ഫലം അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ചു. ഗവേഷണത്തില്‍ സഹകരിച്ചവരോട് അവരുടെ പ്രവര്‍ത്തനങ്ങളും ഭക്ഷണവും ഉള്‍പ്പെടെ മൊബൈലില്‍ ട്രാക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയും വിവരങ്ങള്‍ കൈമാറുകയുമാണ് ചെയ്തത്. ഉറക്കമുണരുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ഇടയിലെ സമയം, ദിവസത്തിലെ ആദ്യത്തെയും അവസാനത്തേയും ഭക്ഷണവും അവയ്ക്കിടയിലെ സമയവുമെല്ലാം പഠനത്തിന്റെ ഭാഗമാക്കിയിരുന്നു. എന്നാല്‍ ഭക്ഷണ സമയത്തിന് ശരീരഭാരം മാറുന്നതുമായി ബന്ധമില്ലെന്ന നിഗമനത്തിലാണ് ഗവേഷകരെത്തിയത്. 

ഭക്ഷണത്തിനിടയിലെ ഇടവേള വര്‍ധിപ്പിക്കുന്നത് ശരീര ഭാരം കുറക്കാനുള്ള തന്ത്രമായി തങ്ങളുടെ കണ്ടെത്തലുകളെ പരിഗണിക്കുന്നില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഇടയ്ക്കിടെയുള്ള ഉപവാസമാണ് ശരീരഭാരം കുറക്കാനുള്ള ജനപ്രിയമായ ഭക്ഷണക്രമം. എന്നാല്‍ അതിനേക്കാളേറെ ചെറിയ രീതിയിലുള്ള ഭക്ഷണമാണ് ശരീര ഭാരം കുറക്കുന്നതുമാിയ കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നതെന്നും ഗവേഷകര്‍ പറഞ്ഞു. 

വികസിത സമ്പദ്വ്യവസ്ഥകളില്‍ പൊണ്ണത്തടി നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കുന്നതിനുള്ള പുതിയ സമീപനങ്ങളും മരുന്ന് ചികിത്സകളും ആഗോളതലത്തില്‍ പ്രചാരം നേടുന്നുണ്ട്. അമേരിക്കക്കാരില്‍ 40 ശതമാനം പേരും പൊണ്ണത്തടിയുള്ളവരാണ്. കുട്ടികളിലും പൊണ്ണത്തടി വര്‍ധിക്കുകയാണ്. 

ഉറക്കമുണര്‍ന്നത് മുതല്‍ ഭക്ഷണം കഴിക്കുന്നത് വരെയുള്ള ശരാശരി സമയം 1.6 മണിക്കൂറാണെന്നും ആദ്യ ഭക്ഷണം മുതല്‍ അവസാന ഭക്ഷണം വരെയുള്ള ശരാശരി സമയം 11.5 മണിക്കൂറാണെന്നും ഇത് ശരീരഭാരം മാറ്റവുമായി ബന്ധപ്പെട്ടിരുന്നില്ലെന്നും കണ്ടെത്തലില്‍ പറയുന്നു. അതോടൊപ്പം ദിവസത്തിലെ അവസാന ഭക്ഷണത്തിനും ഉറങ്ങുന്നതിനും ഇടയിലുള്ള ശരാശരി സമയം നാല് മണിക്കൂറും ഉറക്കത്തിന്റെ ശരാശരി ദൈര്‍ഘ്യം ഏഴര മണിക്കൂറുമാണെന്ന് കണ്ടെത്തലിലുണ്ട്. 

ശരാശരി 51 വയസ്സായിരുന്നു ഗവേഷണത്തില്‍ പങ്കെടുത്തവരുടെ പ്രായം. ഇവരിലാകട്ടെ എണ്‍പത് ശതമാനവും വെളുത്തവരായിരുന്നു. മിക്കവരും കോളജ് വിദ്യാഭ്യാസം നേടിയ വനിതകളുമായിരുന്നു. കണ്ടെത്തലുകള്‍ മറ്റു ഗ്രൂപ്പുകള്‍ക്ക് ബാധകമാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.

Latest News