Sorry, you need to enable JavaScript to visit this website.

നരേന്ദ്ര മോഡി പ്രതിക്കൂട്ടില്‍; വിവാദ കൊടുങ്കുറ്റയര്‍ത്തി ബി.ബി.സി

ലണ്ടന്‍- ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ അരങ്ങേറിയ കലാപം മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്ന തെളിവുകള്‍ പുറത്തുവിട്ട് ബി. ബി. സിയുടെ രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററി. ഇന്ത്യ: ദ മോഡ് ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററിയില്‍  ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബ്രിട്ടീഷ് രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. 

എന്നാല്‍ ബി. ബി. സി പക്ഷപാതപരമായ റിപ്പോര്‍ട്ടിംഗാണ് നടത്തുന്നതെന്ന് ആരോപിച്ച് ഹൗസ് ഓഫ് ലോര്‍ഡ്‌സിലെ അംഗം ലോര്‍ഡ് റാമി റേഞ്ചര്‍ ട്വിറ്ററില്‍ രംഗത്തെത്തി. ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെ വികാരത്തെയാണ് ബി. ബി. സി വ്രണപ്പെടുത്തിയതെന്നാണ് റാമി റേഞ്ചര്‍ ആരോപിക്കുന്നത്. 

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2002ല്‍ ഗുജറാത്ത് വംശഹത്യയ്ക്ക് അദ്ദേഹം നേരിട്ട് ഉത്തരവാദിയാണെന്നാണ് യു. കെയില്‍ പുറത്തിറക്കിയ ഡോക്യുമെന്ററില്‍ ബി. ബി. സി പറയുന്നത്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇത്രയും കാലം പുറത്തുവിടാതിരുന്ന വിവരങ്ങളാണ് തങ്ങള്‍ പുറത്തുവിടുന്നതെന്നും ബി. ബി. സി പറയുന്നുണ്ട്. 

ബി. ബി. സിയുടെ ഡോക്യുമെന്ററിക്ക് ബലം നല്‍കുന്ന വിധത്തില്‍ ബ്രിട്ടീഷ് സര്‍ക്കാറിലെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്നവര്‍ റിപ്പോര്‍ട്ടിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഗുജറാത്ത് വംശഹത്യയെ കുറിച്ച് അന്വേഷിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ ഗുജറാത്തിലേക്ക് അയച്ചതായും വിശദമായ റിപ്പോര്‍ട്ടാണ് സംഘം നല്‍കിയതെന്നും ഡോക്യുമെന്ററിയില്‍ പറയുന്നു. 2001- 06 കാലത്ത് ബ്രിട്ടീഷ് വിദേശ സെക്രട്ടറിയായിരുന്ന ജാക് സ്‌ട്രോയാണ് ഇക്കാര്യം പറയുന്നത്. 

പുറത്തു വന്നതിനേക്കാള്‍ ഭീകരമാണ് ഗുജറാത്തില്‍ നടന്ന സംഭവങ്ങളെന്നാണ് ഡോക്യുമെന്ററി എടുത്തുപറയുന്നത്. ഹിന്ദു മേഖലകളില്‍ നിന്നും മുസ്‌ലിംകളെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ കലാപത്തില്‍ മുസ്‌ലിം സ്ത്രീകള്‍ വ്യാപകമായി ബലാത്സംഗം ചെയ്യപ്പെട്ടതായും ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍ ഡോക്യുമെന്ററി വിശദമാക്കുന്നു. ശിക്ഷിക്കപ്പെടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കൊടുത്ത ഉറപ്പിനും ധാരണയ്ക്കും പിറകെ വലിയ പങ്കാണ് കലാപത്തില്‍ വി. എച്ച്. പിക്കുള്ളതെന്ന് ഡോക്യുമെന്ററി പറയുന്നു. പോലീസിനെ പിന്‍വലിക്കുന്നതിലും തീവ്രഹിന്ദുത്വവാദികളെ നിശ്ശബ്ദമായി പ്രോത്സാഹിപ്പിക്കുന്നതിലും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി വലിയ പങ്കാണ് വഹിച്ചതെന്നും ഡോക്യുമെന്ററി ആരോപിക്കുന്നു. 

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ പ്രധാനമന്ത്രിയെയും ഇന്ത്യന്‍ പോലീസിനെയും ഇന്ത്യന്‍ ജുഡീഷ്യറിയെയും ബി. ബി. സി അപമാനിച്ചുവെന്നാണ് ലോര്‍ഡ് റാമി റേഞ്ചര്‍ തന്റെ ട്വീറ്റില്‍ കുറിച്ചത്. രാജ്യത്തെ മുസ്‌ലിം ജനസംഖ്യയോടുള്ള മോദി സര്‍ക്കാരിന്റെ മനോഭാവം, ആരോപണവിധേയമായ വിവാദ നയങ്ങള്‍, കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിക്കാനുള്ള തീരുമാനം, പൗരത്വ നിയമം എന്നിവയെക്കുറിച്ചും ബി. ബി. സി പരമ്പരയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്ത് മുസ്‌ലിംകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഹിന്ദുക്കളാണ് നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. രണ്ടു ഭാഗങ്ങളുള്ള ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍ ഡോക്യുമെന്ററി സീരിസിലെ രണ്ടാം ഭാഗം ജനുവരി 24നാണ് സംപ്രേഷണം ചെയ്യുക. 

എന്നാല്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാത്ത ഡോക്യുമെന്ററി വ്യക്തമായ അജണ്ടയുടെ ഭാഗമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഡോക്യുമെന്ററി പുറത്തിറക്കിയത്. മുന്‍വിധിയും വസ്തുനിഷ്ഠതയില്ലായ്മയും കൊളോണിയല്‍ മാനസികാവസ്ഥയും വ്യക്തമാക്കുന്ന ഡോക്യുമെന്ററിയാണിതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നു. ഇത്തരം ആഖ്യാനം പ്രചരിപ്പിക്കുന്ന ആളുകളുടേയും ഏജന്‍സികളുടേയും താത്പര്യങ്ങളുടെ പ്രതിഫലനമാണ് ഡോക്യുമെന്ററിയെന്നും ഇതിന്റെ ഉദ്ദേശ്യത്തേയും പിന്നിലെ അജണ്ടയേയും കുറിച്ച് ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്ന് അറിയിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇത്തരം സംഭവങ്ങളെ മുഖവിലയ്‌ക്കെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. 

1943ലെ ബംഗാള്‍ ക്ഷാമത്തെക്കുറിച്ചും ബി. ബി. സി പരമ്പര നിര്‍മ്മിക്കണമെന്നാണ് ഡോക്യുമെന്ററിയുടെ വിമര്‍ശകര്‍ ആവശ്യപ്പെടുന്നത്. അതില്‍ 30 ലക്ഷത്തിലധികം ആളുകള്‍ പട്ടിണിയും രോഗവും മൂലം മരിച്ചിട്ടുണ്ടെന്നും യു. കെ: ദി ചര്‍ച്ചില്‍ ക്വസ്റ്റ്യന്‍ എന്ന തലക്കെട്ടാണ് കൊടുക്കേണ്ടതെന്നും ട്വിറ്ററില്‍ ചിലര്‍ കുറിച്ചു. ബ്രിട്ടന്റെ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇത്തരം ഡോക്യുമെന്ററി പുറത്തുവിടുന്നതെന്നാണ് മറ്റൊരു ഉപയോക്താവ് കുറ്റപ്പെടുത്തിയത്. അടുത്തിടെ ബ്രിട്ടനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയതാണ് ഇപ്പോഴത്തെ ഡോക്യുമെന്ററിക്കു കാരണമെന്നും മറ്റൊരു ഉപയോക്താവ് പറയുന്നു.

Latest News