ഭീഷണി രാഹുലിനോ സർക്കാരിനോ?

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അതിന്റെ അവസാന ഘട്ടമായ കശ്മീരിലേക്ക് കടക്കാനിരിക്കേ, ശക്തമായ സുരക്ഷ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര ഏജൻസികൾ. സുരക്ഷ ഭീഷണിയുള്ള പ്രദേശങ്ങളിൽ കാൽനടയായി പോകാതെ ബുള്ളറ്റ് പ്രൂഫ് കാറിൽ പോകണമെന്നാണ് കേന്ദ്ര സുരക്ഷ ഏജൻസികൾ രാഹുലിനോട് ആവശ്യപ്പെടുന്നത്. മാത്രമല്ല, യാത്രയിൽ വലിയ ജനക്കൂട്ടം ഒഴിവാക്കണമെന്നും വളരെ ചുരുക്കം പേർ മാത്രമേ രാഹുലിന് ഒപ്പം ഉണ്ടാകാൻ പാടുള്ളുവെന്നും അവർ ആവശ്യപ്പെടുന്നു.
മുന്നറിയിപ്പ് നൽകാൻ കാരണമായി യാത്രക്കിടെ സുരക്ഷ വീഴ്ചയുണ്ടായെന്ന വാർത്തയും പുറത്തു വിട്ടിട്ടുണ്ട്. പഞ്ചാബിലെ ഹോഷിയാർപൂരിൽ ഒരാൾ സുരക്ഷ വലയങ്ങളെല്ലാം ഭേദിച്ച് രാഹുൽ ഗാന്ധിയുടെ അടുത്തെത്തുകയും അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയും ചെയ്തു. സുരക്ഷ ഉദ്യോഗസ്ഥരും രാഹുലിനൊപ്പമുണ്ടായിരുന്ന കോൺഗ്രസ് നേതാക്കളും ഇയാളെ പെട്ടെന്നു തന്നെ പിടിച്ചുമാറ്റി. എന്നാൽ ഇത് സുരക്ഷ വീഴ്ചയല്ലെന്നാണ് രാഹുൽ ഗാന്ധിയും സംഭവ സമയം അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന പഞ്ചാബ് പി.സി.സി പ്രസിഡന്റ് അമരീന്ദർ സിംഗ് രാജയും പറയുന്നത്. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് യാത്ര ആരംഭിച്ചതു മുതൽ ഓരോ ദിവസവും ഇത്തരം കാഴ്ചകൾ നിരവധി തവണ സംഭവിക്കുന്നുണ്ട്. ഇവിടെയും അതാണ് സംഭവിച്ചത്. 


എങ്കിലും യാത്രയുടെ അവസാന ഘട്ടം രാജ്യത്ത് ഏറ്റവുമധികം സുരക്ഷ ഭീഷണി നിലനിൽക്കുന്ന കശ്മീരിൽ ആയതുകൊണ്ടും മുന്നറിയിപ്പ് നൽകുന്നത് കേന്ദ്ര ഏജൻസികൾ ആയതു കൊണ്ടും അതിനെ അങ്ങനെയങ്ങ് തള്ളിക്കളയാനാവില്ല. രാഹുലിന്റെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും അച്ഛൻ രാജീവ് ഗാന്ധിയുടെയും മരണങ്ങൾക്ക് കാരണമായ ഭീകരാക്രമണങ്ങൾക്ക് കാരണം, സുരക്ഷ മുന്നറിയിപ്പുകൾക്ക് അവർ വേണ്ടത്ര ഗൗരവം കൊടുക്കാതിരുന്നതും കൂടിയാണ് എന്ന കാര്യം ഓർക്കേണ്ടതുണ്ട്. സുരക്ഷയുടെ കാര്യത്തിൽ രാഹുലും അദ്ദേഹത്തിന്റെ പാർട്ടിയും കൂടുതൽ ജാഗ്രത പുലർത്തിയേ തീരൂ. 
അതേസമയം തന്നെ രാഹുലിന്റെ സുരക്ഷയിലുള്ള ഉൽക്കണ്ഠ മാത്രമാണോ ഇപ്പോൾ ഇത്തരത്തിലൊരു മുന്നറിയിപ്പ് നൽകാൻ കാരണമെന്നതും ചിന്തിക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താൽപര്യവും മുന്നറിയിപ്പിന് പിന്നിലുണ്ടെന്ന കാര്യത്തിൽ സംശയമില്ല. മുമ്പ് കോവിഡിന്റെ പേരിൽ യാത്രക്ക് തടസ്സം സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചതാണ്.
സെപ്റ്റംബർ ഏഴിന് ഭാരത് ജോഡോ യാത്ര കന്യാകുമാരിയിൽനിന്ന് ആരംഭിച്ചതു മുതൽ അതിനെ വിമർശിക്കാനും പരിഹസിക്കാനും അവഹേളിക്കാനുമുള്ള ശ്രമത്തിലായിരുന്നു ബി.ജെ.പി. യാത്രയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളായി പറയുന്ന കാര്യങ്ങൾ തങ്ങൾക്കെതിരായ നേർക്കുനേർ ഏറ്റുമുട്ടലായി തിരച്ചറിഞ്ഞായിരുന്നു ബി.ജെ.പിയുടെ എതിർ പ്രചാരണങ്ങളും പരിഹാസങ്ങളും. 
സുഖസൗകര്യങ്ങളിൽ ജീവിച്ച രാഹുൽ ഗാന്ധിക്ക് മൂവായിരം കിലോമീറ്ററിലധികം കാൽനടയായി താണ്ടാൻ കഴിയില്ലെന്നായിരുന്നു ആദ്യ പ്രചാരണം. യാത്രയെ ജനം തിരസ്‌കരിക്കുമെന്നും പാതിവഴിയിൽ മടുത്ത്, ക്ഷീണിച്ച് രാഹുൽ നടത്തം അവസാനിപ്പിക്കുമെന്ന ആഗ്രഹവും അവർ പ്രകടിപ്പിച്ചു. 
തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനിൽനിന്ന് ദേശീയ പതാക ഏറ്റുവാങ്ങി കന്യാകുമാരിയിൽനിന്ന് രാഹുൽ നടന്നുതുടങ്ങിയപ്പോൾ വില കൂടിയ ബ്രാൻഡഡ് ടീഷർട്ട് ഉപയോഗിക്കുന്നുവെന്ന വിമർശനവുമായി ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. എന്നാൽ അതൊന്നും കാര്യമാക്കാതെ രാഹുൽ നടന്നു നീങ്ങുകയും ഒപ്പം ആയിരങ്ങൾ കൂടെ നടക്കുകയും പതിനായിരങ്ങൾ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ പാതക്കിരുവശവും അണിനിരക്കുകയും ചെയ്തപ്പോൾ യാത്ര റോഡ് ബ്ലോക്ക് സൃഷ്ടിക്കുന്നുവെന്നായി ആക്ഷേപം. ഇത്തരത്തിൽ ഒരു പരാതി കേരള ഹൈക്കോടതിക്കു മുന്നിലെത്തുകയും കോടതി അത് തള്ളിക്കളയുകയും ചെയ്തതോടെ ആ ആക്ഷേപത്തിന്റെ വെടിതീർന്നു.
അതോടെ, യാത്ര കേരളം കടക്കുമ്പോൾ ആളില്ലാതെ പരിഹാസ്യമായി മാറുമെന്ന പ്രതീക്ഷയിലായി ബി.ജെ.പി നേതാക്കൾ. കോൺഗ്രസ് വിരോധത്തിന്റെ കാര്യത്തിൽ ബി.ജെ.പിയോട് മത്സരിക്കുന്ന സി.പി.എം കേരള ഘടകവും ഇതേ പ്രതീക്ഷയിലായിരുന്നു. എന്നാൽ കേരളം കഴിഞ്ഞ് കർണാടകയിലെത്തിയപ്പോൾ യാത്രയെ വരവേൽക്കാനും അണിചേരാനും കൂടുതൽ വലിയ ജനക്കൂട്ടങ്ങൾ എത്തുന്നതാണ് കണ്ടത്. തെലങ്കാനയിലും ഇതാവർത്തിച്ചു. അവിടവും കഴിഞ്ഞ് മഹരാഷ്ട്രയിലേക്ക് കടന്നപ്പോൾ അഭൂതപൂർവമായ ജനക്കൂട്ടമായിരുന്നു രാഹുൽ കടന്നുപോകുന്ന വഴികളിലെല്ലാം. 
ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശിൽ കടന്നപ്പോഴും അമ്പരപ്പിക്കുന്ന ജനപ്രവാഹം. പിന്നീട് രാജസ്ഥാനിലും ഹരിയാനയിലും ദൽഹിയിലും ഉത്തർ പ്രദേശിലും ഇപ്പോൾ പഞ്ചാബിലും യാത്ര വലിയ ജനക്കൂട്ടങ്ങളെ ആകർഷിച്ച് മുന്നേറുന്നു. അതിൽ തന്നെ സ്ത്രീകളുടെ വലിയ തോതിലുള്ള പങ്കാളിത്തം എടുത്ത് പറയേണ്ടതാണ്. 
കർഷകരും തൊഴിലാളികളും ചെറുകിട കച്ചവടക്കാരും വിദ്യാർഥികളും കുട്ടികളും മുതൽ മുൻ സൈനികരും പ്രൊഫഷനലുകളും സെലിബ്രിറ്റികളും കായികതാരങ്ങളും കലാ സാംസ്‌കാരിക പ്രവർത്തകരും എഴുത്തുകാരും ആക്ടിവിസ്റ്റുകളും ആദിവാസികളുമടക്കം സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവർ രാഹുലിനെ കാണാൻ, അഭിവാദ്യമർപ്പിക്കാൻ, പത്ത് ചുവടെങ്കിലും ഒപ്പം നടക്കാൻ, കിട്ടുന്ന ചെറിയ സമയത്തിൽ ഈ രാജ്യത്തെക്കുറിച്ച് തങ്ങളുടെ ചിന്ത രാഹുലുമായി പങ്കുവെക്കാൻ പാതയോരങ്ങളിലെത്തി.
യാത്രക്കു കിട്ടിയ ഈ ജനപിന്തുണ ബി.ജെ.പിയെയും കേന്ദ്ര സർക്കാരിനെയും സ്വാഭാവിമായും അമ്പരപ്പിച്ചിരിക്കണം. അതുകൊണ്ടാണ് തുടക്കത്തിലെ വിമർശനങ്ങളുടെയും പരിഹാസങ്ങളുടെയും രൂക്ഷത പിന്നീട് അവരൽപം കുറച്ചത്. വിമർശിച്ചാൽ യാത്രക്ക് കൂടുതൽ ജനശ്രദ്ധ കിട്ടുമെന്ന ചിന്തയിൽ അതിനെ അവഗണിക്കുക എന്ന തന്ത്രമായിരുന്നു പിന്നീടവർക്ക്. മോഡി ഭക്തരായ ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളും ഇതേ നയം തന്നെ സ്വീകരിച്ചു. യാത്രയെക്കുറിച്ച് വാർത്തയേ കൊടുക്കാതിരിക്കുക. കോൺഗ്രസ് പാർട്ടി സ്വന്തം സോഷ്യൽ മീഡിയ ഹാൻഡിലുകൾ വിപുലമായ തോതിൽ ഉപയോഗിച്ചാണ് മാധ്യമബഹിഷ്‌കരണം എന്ന വിടവ് കുറേയൊക്കെ നികത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ യാത്രക്ക് വലിയ തോതിൽ പ്രചാരണം നൽകി. ഒപ്പം കിട്ടുന്ന അവസരങ്ങളിലെല്ലാം കേന്ദ്ര സർക്കാരിനും, ബി.ജെ.പിക്കും ആർ.എസ്.എസിനുമൊപ്പം ദേശീയ ചാനലുകളെയും രാഹുൽ ഗാന്ധി കടന്നാക്രമിച്ചു.
എല്ലാവിധ എതിർപ്പുകളെയും പരിഹാസങ്ങളെയും അവഗണനകളെയും മറികടന്ന് യാത്ര അതിന്റെ ലക്ഷ്യസ്ഥാനമായ ശ്രീനഗറിനടുത്ത് എത്താറായിരിക്കുന്നു. 124 ദിവസം കൊണ്ട് 11 സംസ്ഥാനങ്ങളിലെ 52 ജില്ലകളിലൂടെ 3200 ലേറെ കിലോമീറ്റർ താണ്ടിയിരിക്കുന്നു. രാജ്യത്തെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിക്കുകയും ജനമനസ്സുകളിൽ വെറുപ്പ് പരത്തുകയും ചെയ്യുന്ന ബി.ജെ.പി-ആർ.എസ്.എസ് നയങ്ങൾക്കെതിരെ യാത്രയിലുടനീളം രാഹുൽ വീറോടെ ആഞ്ഞടിക്കുന്നു. ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റത്തിനും വർധിച്ചുവരുന്ന തൊഴിലില്ലായ്മക്കും കാരണം മോഡി സർക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് ജനങ്ങൾക്കു മുന്നിൽ വിളിച്ചുപറയുന്നു. രാജ്യത്തെ സാധാരണക്കാർക്കു വേണ്ടിയല്ല, തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഏതാനും അതിസമ്പന്നർക്കു വേണ്ടിയാണ് മോഡിയുടെ ഭരണമെന്നും രാജ്യത്തിന്റെ സമ്പത്ത് മുഴുവനും ഈ അതിസമ്പന്നർക്ക് വിൽക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും നിർഭയമായി തുറന്നടിക്കുന്നു. 
മാധ്യമങ്ങൾ എത്ര തമസ്‌കരിച്ചിട്ടും രാജ്യത്ത് ഈ വിഷയങ്ങൾ കുറേയൊക്കെ ചർച്ചയായി. തീർച്ചയായും ഇത് രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും നേട്ടം തന്നെയാണ്. അതിലുപരി ബി.ജെ.പിയും ആർ.എസ്.എസും ചാർത്തിക്കൊടുത്ത പപ്പു ഇമേജിൽനിന്ന് പുറത്തുകടന്ന് ജനങ്ങളെ സ്‌നേഹിക്കുന്ന, അവരെ ചേർത്തുപിടിക്കുന്ന, എത് പ്രതികൂലാവസ്ഥയെയും കരുത്തോടെ നേരിടുന്ന നേതാവെന്ന പരിവേഷം കൈവരിക്കാനും രാഹുൽ ഗാന്ധിക്ക് കഴിഞ്ഞു.
ജനുവരി 30 ന് ഭാരത് ജോഡോ യാത്ര ശ്രീനഗറിൽ സമാപിക്കുമ്പോൾ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ സംഗമത്തിനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്. സമാനമനസ്‌കരായ 23 പ്രതിപക്ഷ പാർട്ടികളിൽനിന്നുള്ള നേതാക്കളെ സമാപന സമ്മേളത്തിലേക്ക് കോൺഗ്രസ് ക്ഷണിച്ചിട്ടുണ്ട്. യാത്രയിലൂടെ ലഭിച്ച ഊർജം തെരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുംവിധം പരിവർത്തിപ്പിക്കണമെങ്കിൽ പ്രതിപക്ഷ കക്ഷികളുടെ വിശാല കൂട്ടായ്മ കൂടിയേ തീരൂ. അത്തരമൊരു കൂട്ടായ്മ ബി.ജെ.പിക്ക് ഭീഷണിയാവുമെന്നതിൽ തർക്കമില്ല. യാത്ര തടയാനും തകർക്കാനും ഇതുവരെ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട സ്ഥിതിക്ക് അതിന്റെ പൊലിമ കുറക്കാനെങ്കിലും ബി.ജെ.പി ശ്രമിക്കും. അതിന്റെ ഭാഗം കൂടിയാവാം ഇപ്പോഴത്തെ സുരക്ഷ മുന്നറിയിപ്പ്.

Latest News