മേഖലയിലെ ഭരണാധികാരികളുമായി യു എ ഇ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി

അബൂദാബി- ഒമാന്‍, ബഹറൈന്‍, ഖത്തര്‍, ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളിലെ ഭരണാധികാരികളുമായി യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കൂടിക്കാഴ്ച നടത്തി. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെയും സഹകരണത്തേയും കുറിച്ച് ചര്‍ച്ച നടത്തി. 

മേഖലയിലെ വികസനം, സമൃദ്ധി, സ്ഥിരത എന്നിവയുമായി ബന്ധപ്പെടുന്ന എല്ലാ മേഖലകളിലും സഹകരണം ഉറപ്പിക്കുകയും ശക്തമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. 

ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സി സി എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. 'മേഖലയിലെ സമൃദ്ധിയും സ്ഥിരതയും' എന്ന പ്രമേയത്തിലായിരുന്നു ചര്‍ച്ച. 

പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളെക്കുറിച്ചും മേഖല നേരിടുന്ന രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ വെല്ലുവിളികളെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തു.

നല്ല അയല്‍പക്കത്തിന്റെ തത്ത്വങ്ങള്‍ പാലിക്കേണ്ടതിന്റെയും മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുന്നതിന്റെയും രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതിന്റെയും പ്രാധാന്യവും ഉറപ്പിച്ചതായും വാം കൂട്ടിച്ചേര്‍ത്തു.

Tags

Latest News