സന്തോഷ് ട്രോഫി: ചൈനയെ  ഭയന്ന് ഫിഫ പിന്മാറി

ന്യൂദല്‍ഹി - സന്തോഷ് ട്രോഫിയുമായി സഹകരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് താല്‍ക്കാലികമായി ഫിഫ പിന്മാറി. അടുത്ത ഫൈനല്‍ റൗണ്ട് നടക്കുന്ന അരുണാചല്‍പ്രദേശിലായതാണ് കാരണം. അരുണാചലിന്റെ ഭാഗങ്ങള്‍ തങ്ങളുടേതാണെന്ന് ചൈന വാദിക്കുന്നുണ്ട്. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള 'തര്‍ക്കപ്രദേശത്ത്' നടക്കുന്ന ടൂര്‍ണമെന്റുമായി സഹകരിക്കുന്നത് വിവാദമാവുമെന്നതിനാലാണ് ഫിഫ പിന്മാറിയത്. 
അടുത്ത ഫെബ്രുവരിയിലാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍. അടുത്ത സീസണ്‍ മുതല്‍ തര്‍ക്കമില്ലാത്ത പ്രദേശങ്ങള്‍ ടൂര്‍ണമെന്റ് നടത്താമെന്നും ഫിഫയുടെ സഹകരണം ആവശ്യമാണെന്നും വ്യക്തമാക്കി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കത്തെഴുതിയിട്ടുണ്ട്. 
ഇന്ത്യയുടെ ദേശീയ ചാമ്പ്യന്‍ഷിപ്പ് ഇനി ഫിഫ സന്തോഷ് ട്രോഫി എന്നാണ് അറിയപ്പെടുകയെന്ന് എ.ഐ.എഫ്.എഫ് പ്രസിഡന്റ് പ്രസിഡന്റ് കല്യാണ്‍ ചൗബെ നവംബറിലാണ് പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റിന്റെ നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ ഫിഫ ഒഫിഷ്യലുകള്‍ അരുണാചല്‍പ്രദേശ് സന്ദര്‍ശിക്കുമെന്നും ഫൈനല്‍ വീക്ഷിക്കാന്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനൊ എത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 
എന്നാല്‍ ഫിഫക്ക് മുന്നില്‍ നിര്‍ദേശം സമര്‍പ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും അവര്‍ പിന്മാറി എന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും ചൗബെ കൊല്‍ക്കത്തയിലെ ടെലിഗ്രാഫ് പത്രത്തോട് പറഞ്ഞു. 
എ.ഐ.എഫ്.എഫിന്റെ ട്രഷറര്‍ കിപ അജയ് ആണ് അരുണാചല്‍പ്രദേശ് ഫുട്‌ബോള്‍ അസോസിയേഷന്റെ സെക്രട്ടറി. കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിന്റെ അടുത്ത അനുയായിയാണ് അജയ്. അരുണാചലില്‍ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് നടത്താന്‍ മുന്‍കൈയെടുത്തത് ഇരുവരും ചേര്‍ന്നാണ്. 
ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ അരുണാചലില്‍ നിന്നുള്ള വുഷു കളിക്കാരെ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പെടുത്തിയത് ചൈനയെ ചൊടിപ്പിച്ചിരുന്നു. അവര്‍ക്ക് യാത്രാരേഖകള്‍ നല്‍കാന്‍ ഏഷ്യാഡ് ആതിഥേയരായ ചൈന തയാറായില്ല. തുടര്‍ന്ന് കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി അനുരാഗ് ഠാക്കൂര്‍ ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനുള്ള നീക്കം ഉപേക്ഷിച്ചിരുന്നു. 

ഗാസയില്‍ അരലക്ഷം ഗര്‍ഭിണികള്‍ പട്ടിണിയില്‍, ഇസ്രായില്‍ സേനക്കും കനത്ത ആള്‍നാശം

VIDEO ഈത്തപ്പഴക്കുരു കൊണ്ട് തൊഴിലും ചാരിറ്റിയും പിന്നെ ലോക റെക്കോര്‍ഡും; വേറിട്ടൊരു പ്രവാസി മലയാളി

Latest News