ജിദ്ദ-ഈത്തപ്പഴച്ചീളു കൊണ്ടെങ്കിലും നരക മോചനം ഉറപ്പാക്കണമെന്നത് പ്രവാചകന്റെ ഹദീസാണ്. ദാനധര്‍മങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പ്രവാചകന്‍ ചെയ്തത്.
ജിദ്ദയില്‍ ഈത്തപ്പഴക്കുരു കൊണ്ട് ചാരിറ്റി പ്രവര്‍ത്തനം മാത്രമല്ല, ഏതാനും കുടുംബങ്ങള്‍ക്കും ബാച്ചിലേഴ്‌സിനും ജോലി കൂടി നല്‍കിയിരിക്കയാണ് മലപ്പുറം മേലാറ്റുര്‍ സ്വദേശിയായ യൂനുസ്.
ഈത്തപ്പഴങ്ങളില്‍ രാജാവായ അജ്‌വയുടെ കുരു കൊണ്ട് തസ്ബീഹ് മാലകള്‍ തീര്‍ക്കുന്ന യൂനുസ് ഇപ്പോള്‍ ലോക റെക്കോര്‍ഡിന് കൂടി ഉടമയാണ്.
ആയിരം അജ്‌വ കുരുകള്‍ കോര്‍ത്ത് നിര്‍മിച്ച യൂനുസിന്റെ തസ്ബീഹ് മാല വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചു.
വെറും കൗതുകത്തിനു തുടങ്ങിയ അജ്‌വ കുരു തസ്ബീഹ് മാലക്ക് പത്തു വര്‍ഷമായിട്ടും കേടുവരാതായപ്പോള്‍ യൂനുസ് അത് സുഹൃത്തുക്കള്‍ക്കും നല്‍കിത്തുടങ്ങി. തട്ടിമാറ്റി പോകരുത് ചങ്കുകളെ എന്ന വാചകത്തോടെ സോഷ്യല്‍ മീഡിയ പ്രമോഷന്‍ കൂടി ആയപ്പോള്‍ ആവശ്യക്കാര്‍ കൂടി.
മദീനയില്‍നിന്ന് അജ്‌വ എത്തിച്ച് അതിന്റെ പ്രോസസിംഗില്‍ ഇപ്പോള്‍ ഏതാനും കുടുംബങ്ങള്‍ക്കും ബാച്ചിലേഴ്‌സിനും തൊഴില്‍ കൂടി നല്‍കിയിരിക്കയാണ് യൂനുസ്. തസ്ബീഹ് മാല വില്‍പനയായി കിട്ടുന്ന തുകയില്‍നിന്ന് ഒരു ഭാഗം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും നീക്കിവെക്കുന്നു.