Sorry, you need to enable JavaScript to visit this website.

ഗാസയില്‍ അരലക്ഷം ഗര്‍ഭിണികള്‍ പട്ടിണിയില്‍, ഇസ്രായില്‍ സേനക്കും കനത്ത ആള്‍നാശം

ഗാസ/ തെല്‍ അവീവ്- ഗാസയില്‍ രണ്ടര മാസത്തിലേറെയായി നടത്തുന്ന ആക്രമണം ഇനിയും ലക്ഷ്യം കാണാതിരിക്കേ, ഹമാസിന്റെ അതിശക്തമായ പ്രത്യാക്രമണത്തിലും പ്രതിരോധത്തിലും ഇസ്രായില്‍ സൈന്യത്തിനും കനത്ത ആള്‍നാശം. രണ്ട് സൈനികര്‍ കൂടി കൊലപ്പെട്ടതോട  കരയുദ്ധത്തില്‍ ഇതുവരെ 156 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം പറയുന്നു.
വടക്കന്‍ ഗാസയില്‍ ഒരു ഇസ്രായിലി സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടതായും സൈന്യം സ്ഥിരീകരിച്ചു. 79 ാം ബറ്റാലിയനിലെ മേജര്‍ അര്യേ റെയിനാണ് (39) കൊല്ലപ്പെട്ടത്. യുദ്ധം കടുപ്പമേറിയതാണെന്നും ഏറെനാള്‍ നീണ്ടുനില്‍ക്കുമെന്നും ഇസ്രായിലിന് കനത്ത വില നല്‍കേണ്ടിവരുന്നുണ്ടെന്നും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സമ്മതിച്ചു.
വടക്കന്‍ ഗാസയുടെ നിയന്ത്രണം തങ്ങള്‍ പൂര്‍ണമായി പിടിച്ചുവെന്ന് ഇസ്രായില്‍ സൈന്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഖാന്‍ യൂനിസ് അടങ്ങുന്ന തെക്കന്‍ ഗാസയിലാണ് സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും വക്താവ് പറഞ്ഞു. ഇസ്രായില്‍ സൈന്യം ഏറ്റവും ലക്ഷ്യം വെക്കുന്ന ഹമാസ് നേതാവ് യഹിയ സിന്‍വാറിന്റെ ജന്മനാടാണ് ഖാന്‍ യൂനിസ്.
ഗാസയില്‍ അതിരൂക്ഷമായ ബോംബാക്രമണമാണ് ഇസ്രായില്‍ നടത്തിയത്. 24 മണിക്കൂറിനിടെ 166 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും 384 പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ അധികൃതര്‍ പറഞ്ഞു. ഇതോടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20,424 ആയി. 54,036 പേര്‍ക്ക് പരിക്കേറ്റു. 36 ആശുപത്രികളുണ്ടായിരുന്ന ഗാസയില്‍ ഇപ്പോള്‍ ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നത് ഒമ്പതെണ്ണം മാത്രമാണെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയേസുസ് പറഞ്ഞു.
പുറമേനിന്നുള്ള എല്ലാ സഹായവും തടഞ്ഞ് വൈദ്യുതിയും വെള്ളവുമെല്ലാം മുടക്കിയുള്ള ആക്രമണം തുടരവേ ഗാസയില്‍ പട്ടിണിയും രൂക്ഷമാണ്. ഗാസയിലെ അമ്പതിനായിരം ഗര്‍ഭിണികളെങ്കിലും പട്ടിണിയിലാണെന്ന് യു.എന്‍ അഭയാര്‍ഥി ഏജന്‍സി അറിയിച്ചു. ദിവസം 180 പ്രസവങ്ങളാണ് ഗാസയില്‍ നടക്കുന്നത്.
അതിനിടെ, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ഫലസ്തീന്‍ പ്രതിരോധ സേനയായ ഇസ്‌ലാമിക് ജിഹാദിന്റെ നേതാവ് സിയാദ് നഖാലി ഈജിപ്തിലെത്തി. ബന്ദികളുടെ മോചനത്തിനായി വെടിനിര്‍ത്തലിനുള്ള സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം. എന്നാല്‍ ബന്ദി കൈമാറ്റത്തിന് വേണ്ടി മാത്രമുള്ള വെടിനിര്‍ത്തലിനെ ഹമാസ് അനുകൂലിക്കുന്നില്ല. ഇസ്രായില്‍ ആക്രമണം പൂര്‍ണമായി അവസാനിപ്പിച്ച് സൈന്യത്തെ ഗാസയില്‍ നിന്ന് പിന്‍വലിക്കണമെന്നാണ് അവരുടെ ആവശ്യം. അതിന് ഇസ്രായില്‍ വിസമ്മതിച്ചതോടെയാണ് കഴിഞ്ഞയാഴ്ച നടന്ന വെടിനിര്‍ത്തല്‍ ശ്രമം പരാജയപ്പെട്ടത്.
അതിനിടെ, അറബിക്കടലില്‍ ചരക്കുകപ്പലിനു നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു. എന്നാല്‍ ഇറാന്‍ ഇതേകുറിച്ച് പ്രതികരിച്ചിട്ടില്ല. സൗദി അറേബ്യയില്‍നിന്ന് ഇന്ത്യയിലേക്ക് രാസവസ്തുക്കളുമായി വന്ന ചെം പ്രൂട്ടോ എന്ന കപ്പലിനു നേരെയാണ് കഴിഞ്ഞ ദിവസം രാവിലെ ആക്രണമുണ്ടായത്.

 

Latest News