ബെംഗളൂരു - മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിക്കൂട്ടിൽനിർത്തുന്ന ആരോപണവുമായി ജെ.ഡി.എസ് ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ. കർണാടകയിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയന് സമ്മതമായിരുന്നുവെന്നാണ് ദേവഗൗഡയുടെ വെളിപ്പടുത്തൽ. കേരളത്തിൽ ജെ.ഡി.എസ് ഇടതുമുന്നണിക്കൊപ്പമാണ്. പാർട്ടിയുടെ ഒരു എം.എൽ.എ അവിടെ മന്ത്രിയാണ്. ബി.ജെ.പിയുമായി ഒരുമിച്ച് പോകുന്നതിന്റെ കാരണം അവർ മനസ്സിലാക്കി. മന്ത്രി കെ കൃഷ്ണൻകുട്ടി സമ്മതം തന്നു. പാർട്ടിയെ രക്ഷിക്കാൻ ബി.ജെ.പിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം തന്നതാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
എൻ.ഡി.എ സഖ്യത്തെ തമിഴ്‌നാട്, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാന ഘടകങ്ങൾ അംഗീകരിച്ചതാണെന്നും ദേവഗൗഡ പറഞ്ഞു.
എന്നാൽ, ദേവഗൗഡയുടെ ആരോപണം തള്ളി മന്ത്രി കെ കൃഷ്ണൻ കുട്ടി രംഗത്തെത്തി. ജെ.ഡി.എസ്-ബി.ജെ.പി സഖ്യത്തെ പിണറായി പിന്തുണച്ചിട്ടില്ല. എൻ.ഡി.എയെ എതിർക്കുന്നവരാണ് ഞങ്ങൾ. പിന്നെ എങ്ങനെ പിന്തുണയ്ക്കാൻ കഴിയും? അവിടത്തെ രാഷ്ട്രീയം വച്ചായിരിക്കും ഗൗഡയുടെ പരാമർശമെന്നും മന്ത്രി പ്രതികരിച്ചു.
കേരളത്തിൽ ഇടതുമുന്നണിയോടൊപ്പം നില്ക്കാനും ബി.ജെ.പി സഖ്യത്തെ തള്ളാനുമായിരുന്നു ജെ.ഡി.എസ് സംസ്ഥാന ഘടകത്തിന്റെ തീരുമാനം. ഇക്കാര്യം ദേവഗൗഡയെയും മാധ്യമങ്ങളെയും പാർട്ടി അറിയിച്ചിരുന്നു. കേരള ഘടകത്തിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാൻ അധികാരമുണ്ടെന്ന് ദേവഗൗഡ അറിയിച്ചതായാണ് അന്ന് പാർട്ടി കേരള അധ്യക്ഷനും മുൻ മന്ത്രിയുമായ മാത്യു ടി തോമസ് അറിയിച്ചിരുന്നത്.






