- 'ഞങ്ങൾ ഇവിടെയുണ്ട്, ഞങ്ങൾ എവിടേക്കും പോകുന്നില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിലെത്തി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഉറപ്പ്. സ്വയം പ്രതിരോധിക്കാൻ നിങ്ങൾ ശക്തരായിരിക്കും. എങ്കിലും അമേരിക്ക ഉള്ളിടത്തോളം കാലം നിങ്ങൾക്ക് ഒറ്റയ്ക്ക് പൊരുതേണ്ടി വരില്ല. ഞങ്ങൾ എപ്പോഴും നിങ്ങളുടെ പക്ഷത്തായിരിക്കുമെന്നും' ബ്ലിങ്കൺ.
ഗസ സിറ്റി - പിറന്ന മണ്ണിൽ നിലനിൽപ്പിനായി പൊരുതുന്ന ഫലസ്തീനികൾക്കു നേരെ മാരക പ്രഹരശേഷിയുള്ള രാസായുധം പ്രയോഗിച്ച് ഇസ്രായേൽ സൈന്യം. ഇസ്രായേൽ ഗസയിൽ വൈറ്റ് ഫോസ്ഫറസ് ബോംബുകൾ പ്രയോഗിച്ചതായി മനുഷ്യാവകാശങ്ങൾക്കായി വാദിക്കുന്ന അന്താരാഷ്ട്ര സർക്കാരിതര സംഘടനയായ ഹ്യുമൻ റൈറ്റ്സ് വാച്ച് (എച്ച്.ആർ.ഡബ്ല്യു) സ്ഥിരീകരിച്ചു.
ഗസ തുറമുഖത്തും ലബനാൻ-ഇസ്രായേൽ അതിർത്തിയിലുമാണിത് പ്രയോഗിച്ചതെന്ന് മനുഷ്യാവകാശ സംഘം പറഞ്ഞു. ഇവിടങ്ങളിൽനിന്നുള്ള അപകടദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് ഇത്തരമൊരു സ്ഥിരീകരണത്തിലേക്ക് എത്തിയതെന്നും എച്ച്.ആർ.ഡബ്ല്യു സംഘം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ജനവാസമേഖലയിൽ ഈ നിരോധിത ബോംബിട്ടാൽ വീടുകൾ കത്തിച്ചാമ്പലാവുകയും സാധാരണക്കാർക്കു ഗുരുതര പരുക്കുണ്ടാവുമെന്നുമാണ് വിദഗ്ധർ വെളിപ്പെടുത്തിയത്.
അതിനിടെ, ജനങ്ങൾ വടക്കൻ ഗസ വിട്ടുപോകണമെന്ന ഇസ്രായേലിന്റെ ഭീഷണിയെ നിഷ്കരുണം തള്ളിയിരിക്കുകയാണ് ഹമാസ്. ഗസയിൽ നടത്തുന്നത് വംശീയ കൂട്ടക്കുരുതിയാണെന്നും ഇസ്രായേലിന് ഗസയിലെ മണ്ണിൽ വൻ ആഘാതം ഉണ്ടാകുമെന്നും കരയുദ്ധത്തിന് സജ്ജമാണെന്നും ഹമാസ് വ്യക്തമാക്കി. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 13 ബന്ദികൾ കൊല്ലപ്പെട്ടതായും ഹമാസ് അറിയിച്ചു. ഗസയെ ലക്ഷ്യമാക്കിയുള്ള അതി നിഗൂഢമായ പദ്ധതിയുമായാണ് ഇസ്രായേൽ മുന്നോട്ടു നീങ്ങുന്നത്. മേഖലയിൽ സമാധാനത്തിന് വഴിയൊരുക്കാൻ തെല്ലും മനസ്സില്ലാതെയാണ് ഇസ്രായേലിന്റെ നീക്കങ്ങൾ പുരോഗമിക്കുന്നത്. അതിനിടെ, ഫലസ്തീനും ഹമാസിനും പിന്തുണയർപ്പിച്ച് രംഗത്ത് വരുന്ന അറബ് രാജ്യങ്ങളിൽ ഖത്തർ അടക്കമുള്ള രാഷ്ട്രങ്ങളുമായി ചർച്ച നടത്താൻ അമേരിക്കൻ നീക്കം നടക്കുന്നുണ്ട്.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് യു.എസ് നീക്കങ്ങൾ. ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഇസ്രായേലിനൊപ്പം ഉറച്ചു നിൽക്കുന്നുവെന്നും ആന്റണി ബ്ലിങ്കൻ നെതന്യാഹുവിനെ അറിയിച്ചു.
'ഞങ്ങൾ ഇവിടെയുണ്ട്, ഞങ്ങൾ എവിടേക്കും പോകുന്നില്ലെന്നാണ് നെതന്യാഹുവിന്റെ ഓഫീസിലെത്തി ബ്ലിങ്കന്റെ ഉറപ്പ്. സ്വയം പ്രതിരോധിക്കാൻ നിങ്ങൾ ശക്തരായിരിക്കും. എങ്കിലും അമേരിക്ക ഉള്ളിടത്തോളം കാലം നിങ്ങൾക്ക് ഒറ്റയ്ക്ക് പൊരുതേണ്ടി വരില്ല. ഞങ്ങൾ എപ്പോഴും നിങ്ങളുടെ പക്ഷത്തായിരിക്കുമെന്നാണ് ബ്ലിങ്കന്റെ തറപ്പിച്ചുള്ള വാക്കുകൾ. ഇസ്രായേലിന്റെയും യു.എസിന്റെയും താൽപര്യങ്ങൾക്കു പിന്നിൽ തന്നെയാണ് മറ്റ് സാമ്രാജ്യത്വ ശക്തികളുമുള്ളത്. ഇതിനെ മറികടക്കാൻ അറബ് ലീഗ്, യു.എൻ ഇടപെടലിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യാവകാശ പ്രവർത്തകർ. ഇരകളെ വീണ്ടും വീണ്ടും കൊന്നുതള്ളുന്ന മനുഷ്യത്വവിരുദ്ധ സംസ്കാരം അവസാനിപ്പിക്കണമെന്നും ഫലസ്തീനികൾക്ക് വൈകിയെങ്കിലും നീതി ഉറപ്പാക്കാൻ പൗരസമൂഹത്തിന് ബാധ്യതയുണ്ടെന്നും ഇവർ ഓർമിപ്പിക്കുന്നു.