വ്യാഴാഴ്ച രാത്രി അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രഫ. ടി ശോഭീന്ദ്രൻ (76) മാഷേ ഓർക്കുകയാണ് കോഴിക്കോട് ജില്ലാ മുൻ ഇൻഫർമേഷൻ ഓഫീസറും ഇപ്പോൾ തിരുവനന്തപുരത്ത് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡെപ്യൂട്ടി ഡയരക്ടറുമായ ദീപ ദേവി.
മാഷ് എന്തിനാണ് എപ്പഴും പച്ചേം പച്ചേം ഇട്ട് നടക്കുന്നതെന്ന് ഞാൻ ഒരിക്കൽ കൗതുകം സഹിക്കാതെ ഗുരുവായൂരപ്പൻ കോളേജിൽ വെച്ച് അദ്ദേഹത്തോട് ചോദിച്ചിരുന്നു. ഒരു വലിയ ചിരിയായിരുന്നു മറുപടി. പിന്നെ വാത്സല്യത്തോടെ എൻ എസ് എസിലേക്ക് ക്ഷണിച്ചു. സയൻസ് ബിരുദത്തിന് ചേർന്ന പഠിപ്പിസ്റ്റായ എന്നെ കാടുകയറാൻ പഠിപ്പിച്ചത് മാഷാണ്. മുത്തങ്ങയിൽ എൻ.എസ്.എസ് ടീമിനൊപ്പം കാടുകയറി വനത്തിലെ പാവം ജീവികൾക്കായി കുളം കുഴിച്ചു. പത്തുദിവസം കാടിനകത്തെ ജീവിതം... ട്രകിങ് ... ക്യാമ്പ് ഫയറുകൾ മാഷിന്റെ ക്ലാസുകൾ അതൊക്കെയാണ് ശാസ്ത്ര ബിരുദധാരി ആകുന്നതിന് അപ്പുറത്തും ഒരു ലോകമുണ്ടെന്ന് എന്നെ പഠിപ്പിച്ചത്.
പക്ഷേ, കഴിഞ്ഞ രണ്ടുവർഷം കോഴിക്കോട് ഉണ്ടായിട്ടും മാഷിനെ കുറച്ചു നേരം നേരിൽ കണ്ട് അർഹമായ ഗുരുദക്ഷിണ കൊടുക്കാൻ പോലും കഴിഞ്ഞില്ല. ചില പരിപാടികൾക്കിടെ കണ്ട് പരിചയം പുതുക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.... ശോഭീന്ദ്രൻ മാഷിനെ പോലെ ശോഭീന്ദ്രൻ മാഷ് മാത്രം. 
വിട മാഷേ...
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 
                                     
                                     
                                     
                                     
                                     
                                    





 
  
 