ഗള്‍ഫ് മലയാളിയുടെ മനസ്സില്‍ ഓളം തല്ലുന്ന ഓഗസ്റ്റ്

 കേരളത്തിനും പ്രവാസി മലയാളികൾക്കും സാമ്പത്തിക നേട്ടങ്ങളുടെ പെരുമഴക്കാലം സമ്മാനിച്ച, മലയാളികളുടെ ജീവിതം മാറ്റിമറിച്ച ആ  ഓഗസ്ത് രണ്ടിന് ഇരുപത്തിയെട്ട് വയസ്സ്.

വെറുമൊരു ബില്ല്യൻ ഡോളറിന്റെ കാര്യത്തിൽ ഉടലെടുത്ത താൻപോരിമയുടെയും ഈഗോയുടെയും തിക്തഫലം ഇന്ന് അനുഭവിക്കുന്നത് ലോകം മുഴുക്കെ. സാമ്പത്തിക സന്തുലിതിവസ്ഥയും സംസ്കൃതിയും ഭരണവ്യവസ്ഥയും മാറ്റിമറിക്കപ്പെട്ട ഓഗസ്ത് മാസത്തിലെ ഒരു രണ്ടാം തിയതി. ഗൾഫ് മലയാളികളിൽ പലർക്കും വിശിഷ്യാ സൗദി അറേബ്യയിലെ മലയാളികൾക്ക് പിൽക്കാലത്ത് സാമ്പത്തിക ഭദ്രതയും ഉയർന്ന ജീവിത നിലവാരവും സമ്മാനിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ഇറാഖിന്റെ കുവൈറ്റ് അധിനിവേശവും അനന്തര രാജ്യാന്തര രാഷ്ട്രീയ ചേരിതിരിവും 1990 ആഗസ്ത് രണ്ടിനായിരുന്നു. അതേസമയം കുവൈറ്റിലെയും ഇറാഖിലെയും മലയാളികൾക്ക് തികച്ചും വ്യത്യസ്തമായ കദനകഥകളും കാളരാത്രികളും സമ്മാനിക്കുകയും ചെയ്ത ഒരു സംഭവമായിരുന്നു ഗൾഫ് യുദ്ധമെന്നത് ഇവിടെ വിസ്മരിക്കുന്നുമില്ല.

ഇറാഖിന്റെ നാമമാത്രമായ കുവൈറ്റ് അധിനിവേശത്തിന് മുമ്പ് സൗദി അറേബ്യയിലെ 99.5% മലയാളി പ്രവാസികളും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പളം പറ്റുന്ന വെറും സാധാരണ തൊഴിലാളികളായിരുന്നു. അന്ന്, സൗദിയിലെ ചെറുകിട വാണിജ്യ-വ്യവസായ മേഖലകൾ കയ്യടക്കി വെച്ചിരുന്നത് യമനികളായിരുന്നു. യമനും യാസിർ അറഫാത്തിന്റെ പി.എൽ.ഒ.യും (Palestine Liberation Organization) ഇറാഖിന്റെ കുവൈറ്റ് ആക്രമണത്തിനും സദ്ദാം ഹുസൈന്റെ നിലപാടുകൾക്കും പിന്തുണ പ്രഖ്യാപിച്ചത് കാരണം സൗദിയിൽ യമനികൾ കാലങ്ങളായി അനുഭവിച്ച് വന്നിരുന്ന പ്രത്യേക പരിഗണനയും പദവിയും സൗദി ഗവണ്മെന്റ് റദ്ദാക്കി. സൗദിയിൽ താമസിക്കുന്ന വിദേശികളിൽ യമനികൾക്ക് മാത്രമായി ഉണ്ടായിരുന്ന പ്രത്യേക അവകാശങ്ങൾ നഷ്ടപ്പെട്ടതോടെ അവരുടെ ആയിരക്കണക്കിന് വരുന്ന വാണിജ്യ സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയോ കുറഞ്ഞ വിലക്ക് വില്ക്കാൻ നിർബന്ധിതരാവുകയോ ചെയ്തു. അതുമൂലം ലക്ഷക്കണക്കിന് ആളുകൾ യമനിലേക്ക് തിരിച്ചുപോയി.  തിരിച്ചു പോവുന്നവരുടെ വാഹനങ്ങൾ  മൈലുകൾ നീണ്ട ക്യൂവിൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽ കാത്തു കെട്ടിക്കിടന്നിരുന്നത് ഒരു നിത്യസംഭവമായിരുന്നു. അതിർത്തി പ്രദേശമായ അസീർ പ്രവിശ്യയിൽ പരക്കെയും ജിസാൻ, നജറാൻ ഭാഗങ്ങളിൽ പ്രത്യേകിച്ചും യമനികളുടെ ഒഴിഞ്ഞുപോക്ക് കാർഷിക രംഗത്ത് വലിയ പ്രതിസന്ധിയാണ് താല്ക്കാലികമായി സൃഷ്ടിക്കപ്പെട്ടത്. 1800 കിലോമീറ്റർ നീളത്തിലുള്ള സൗദി-യമൻ അതിർത്തി കടന്നെത്തുന്നവരിൽ വലിയൊരു വിഭാഗത്തിന് ശരിയായ ഒരു രേഖയുമുണ്ടായിരുന്നില്ല. കൃഷിപ്പണിയായിരുന്നു ഇവരൊക്കെ ചെയ്തിരുന്നത്. ഇവിടെങ്ങളിലെ കൃഷിപ്പണി 95 ശതമാനവും യമനികളുടെ കുത്തകയയായിരുന്നു.

യമനികളുടെ തിരിച്ചുപോക്കോടെ ജിദ്ദയിലെയും ജിസാനിലെയും മറ്റനേകം സൗദി നഗരങ്ങളിലെയും യമനി സ്ഥാപനങ്ങളും അവരുടെ ജോലിയും ഏറ്റെടുത്തതിൽ ഏറിയ പങ്കും മലയാളികളായിരുന്നു; വിശിഷ്യാ മലബാർ മേഖലകളിൽ നിന്നുള്ളവർ.

അവിടം മുതൽ സാധാ തൊഴിലാളികളായിരുന്നവർ പലരും ഒരു സുപ്രഭാതത്തിൽ തൊഴിൽദാതാക്കളായി മാറി. പിന്നീടങ്ങോട്ട് മലയാളികളായ വൻ വാണിജ്യ-വ്യവസായ പ്രമുഖരുടെ അരങ്ങേറ്റമായിരുന്നു. 1990ന് മുമ്പ് അംഗുലീപരിമിത മലയാളി ചെറുകിട കച്ചവടക്കാർ ഉണ്ടായിരുന്ന സ്ഥാനത്ത് 1991ലെ ഒന്നാം ഗൾഫ് യുദ്ധത്തിന് ശേഷം ആരെയും അതിശയിപ്പിക്കുന്ന തരത്തിലുള്ള വളർച്ചയാണ് സൗദിയിലെ മലയാളികൾക്കുണ്ടായത്. ഗ്രോസറി (ബഖാല بقالة) മേഖലയിൽ മലയാളി സംരംഭകരുടെ സാന്നിദ്ധ്യം ഒട്ടുമിക്ക പ്രവിശ്യകളിലും അറുപത്-എഴുപതു ശതമാനത്തോളമായി ഉയർന്നു. ഭോജനശാലകളുടെ നടത്തിപ്പിലും ട്രാൻസ്പോർട്ട് വസ്ത്രവ്യാപാര രംഗങ്ങളിലും ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലും അസൂയവഹമായ വളർച്ചയുടെ ചരിത്രമാണ് സൗദിയിലെ മലയാളികൾക്ക് പറയാനുളളത്. യമനികളുടെ ഒഴിഞ്ഞുപോക്കിനോടൊപ്പം ഏഴ് ലക്ഷം അമേരിക്കൻ പട്ടാളക്കാരുൾപ്പെടെ ഒമ്പതര ലക്ഷം വരുന്ന വിദേശ സൈനികരുടെ വരവും നീണ്ട കാലത്തെ അവരുടെ സാന്നിധ്യവും വ്യത്യസ്തമായ ജീവിതശൈലിയും നിരവധി മലയാളി സംരഭകരെ സാമ്പത്തികമായി അത്യുന്നതങ്ങളിലെത്തിച്ചു.

ഒരു കാലത്ത് ആഡംബര കാർ ഷോറൂമുകളിൽ അപ്രഖ്യാപിത വിലക്കുണ്ടായിരുന്ന മലയാളിക്ക് ഒന്നാം ഗൾഫ് യുദ്ധാനന്തരം അതേ ആഡംബര കാർ ഷോറൂമുകളിൽ വൻസ്വീകാര്യത ലഭിക്കുന്ന കാഴ്ചയാണ് കണ്ടത്. മാത്രമല്ല ഏറ്റവും പുതിയ മോഡലുകൾ വരുന്നതിന് മുമ്പ് തന്നെ അവയുടെ വിശദവിവരങ്ങൾ ഒരുകാലത്ത്  മാറ്റിനിർത്തപ്പെട്ടിരുന്ന മലയാളി സമൂഹത്തെ അറിയിക്കാൻ കാർ ഷോറൂമുകാരും കാർകമ്പനിക്കാരും മത്സരിക്കുന്ന വിചിത്ര കാഴ്ചയാണ് പിന്നീട് കണ്ടത്. ആഗോള ഹോട്ടൽ ശ്യംഖലകൾക്കും മലയാളികൾ വലിയ അതിഥികളായി. വിമാനകമ്പനികൾക്ക് ഫസ്റ്റ് ക്ലാസിലും ബിസിനസ്സ് ക്ലാസിലും യാത്ര ചെയ്യുന്നവരുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നവരായി മലയാളി സമൂഹം!

മലയാളി സംരഭകരുടെ വിജയം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇടവന്നു. അങ്ങനെ ലഭിച്ച തൊഴിലവസരങ്ങൾ 99 ശതമാനവും ഉപകരിച്ചത് നാട്ടുകാരായ മലയാളികൾക്ക്.

സാമ്പത്തിക സുരക്ഷിതത്വം വിദേശത്തും സ്വദേശത്തുമുളള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തങ്ങളുടെ മക്കളെ പഠിപ്പിക്കാനും പഠനത്തിന് ശേഷം അവരെ വൻകിട ആഗോള കമ്പനികളുമായി മത്സരിക്കുന്ന തരത്തിലുള്ള മാർക്കറ്റിംഗ് തന്ത്രങ്ങൾ ആവിഷ്കരിച്ച് തങ്ങളുടെ ബിസിനസ്സ് വളർത്താനും ഉപയോഗപ്പെടുത്തി. ഇത് സ്ഥായിയായ വളർച്ചക്ക് കാരണമാവുകയും കൂടുതൽ കൂടുതൽ സ്ഥാപനങ്ങൾ ഉണ്ടാവുകയും ചെയ്തു. അന്നേവരെ സൗദി വിപണിയിൽ കണ്ടിട്ടില്ലാത്ത റഷ്യൻ ലാഡയും (LADA) അമേരിക്കൻ ഫോർഡും (FORD) സൗദിയിലെ റോഡുകളിൽ കാണുന്നത് ഗൾഫ് യുദ്ധ കാലത്താണ്.

1990 ആഗസ്ത് രണ്ട്: ആഗോള തലത്തിൽ പുതിയ ലോകക്രമത്തിന് നാന്ദികുറിക്കുകയും ഗൾഫ് മലയാളികളുടെ ജീവിതം മാറ്റിമറിക്കുകയും ചെയ്ത ഇറാഖിന്റെ കുവൈറ്റ് അധിനിവേശവും തുടർന്ന് നടന്ന ഗൾഫ് യുദ്ധങ്ങളുടെയും ഉദ്വേഗജനകമായ ദിനങ്ങളുടെ ഓർമ്മകൾ അന്ന് ജിദ്ദയിൽ ആയിരുന്ന എന്റെ മനസ്സിൽ മായാതെ ഇന്നും  നിറഞ്ഞുനില്ക്കുന്നു.

1980 സപ്തംബർ 22ന് തുടങ്ങി 1988 ആഗസ്ത് 20ന് അവസാനിച്ച എട്ട് വർഷത്തോളം നീണ്ടുനിന്ന  ഇറാൻ-ഇറാഖ് യുദ്ധം ഇറാഖിനെയും ഇറാനെയും പോലെ തന്നെ ഗൾഫിലെ മറ്റു എണ്ണയുല്പാദന രാഷ്ട്രങ്ങളെയും വലിയ സാമ്പത്തികപ്രതിസന്ധിയിലാക്കിയിരുന്നു. ഈ കാലയളവിൽ തന്നെ ക്രൂഡ് ഓയിൽ വില ഒരു ബാരലിന് വെറും പത്ത് ഡോളർ വരെ എത്തി സർവ്വകാല വിലത്തകർച്ച നേരിട്ടപ്പോൾ കുവൈറ്റും സൗദി അറേബ്യയും ഉൾപ്പെടെയുള്ള ചില ഗൾഫ് രാജ്യങ്ങൾ ഒപെക് നിശ്ചയിച്ചു നൽകിയ ക്വാട്ടയേക്കാൾ അധികം ഉല്പാദനം നടത്തുന്നു എന്ന പരാതി ഇറാഖ് ഉന്നയിച്ചിരുന്നു. ഈ രാജ്യങ്ങൾ ക്വാട്ടയേക്കാൾ അധികമായി ഉല്പാദിപ്പിക്കുന്നതാണ് ലോകവിപണിയിൽ അസംസ്കൃത പെട്രോൾ വില ഇടിഞ്ഞുതന്നെ നില്ക്കാൻ കാരണമെന്ന് ഇറാഖ് ആരോപിക്കുകയും അവർക്ക് അതിനുളള നഷ്ടപരിഹാരമായി പത്ത് ബില്ല്യൻ അമേരിക്കൻ ഡോളർ (ഇന്നത്തെ നിരക്കിൽ ഏകദേശം 68,000 കോടി രൂപ) കുവൈറ്റ് നല്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒമ്പത് ബില്ല്യൻ ഡോളർ വരെ കൊടുക്കാൻ കുവൈറ്റ് സന്നദ്ധത അറിയിച്ചെങ്കിലും 10 ബില്ല്യൻ കിട്ടണമെന്ന് ഇറാഖ് ശഠിക്കുകയായിരുന്നു.  ഫലത്തിൽ ആ ഒരു ബില്ല്യൻ ഡോളറിന്റെ വ്യത്യാസമാണ് (ഏകദേശം 6,800 കോടി രൂപ) ലോകത്തെ മാറ്റിമറിച്ച അധിനിവേശത്തിലും ഗൾഫ് യുദ്ധത്തിലും തുടർന്നുണ്ടായ പുതിയ ലോക ക്രമത്തിലുമൊക്കെ കലാശിച്ചത്.

ജിദ്ദയിൽ ജോലിചെയ്യുന്ന കാലം. ബ്രിട്ടീഷ് ഫയർ പ്രൊട്ടക്ഷൻ ആന്റ് സെക്യൂരിറ്റി  സിസ്റ്റംസ് കമ്പനിയായ തോൺ ഇ.എം.ഐ. ഗ്രൂപ്പിൽ പെട്ട എ.എഫ്.എ. മിനർവയിൽ (AFA Minerva - member of the UK based Thorn EMI group of companies) നിന്നും വിരമിക്കാനും ആംഗ്ലോ-ഡച്ച് ബഹുരാഷ്ട്ര കമ്പനിയായ യൂണിലിവറിൽ (Unilever) ചേരാനുമിരിക്കുകയായിരുന്നു. 1990 ഓഗസ്ത് രണ്ടിന് ഞാൻ വിരമിക്കാനിരിക്കുന്ന കമ്പനിയുടെ ഓഫീസിൽ ചില പേപ്പറുകൾ ശരിയാക്കാൻ വന്നതാണ്. ഓഫീസിലെ രണ്ടു ഈജിപ്ഷ്യൻ എഞ്ചിനീയർമാർ വളരെ ഗൗരവത്തോടെ അറബിയിൽ കുവൈറ്റ്, ഇറാഖ്, സദ്ദാം എന്നൊക്കെ പറയുന്നു. ഉടനെ അറബ് വംശജരായ ഒരുപാട് ആളുകൾ കൂട്ടംകൂടി ചർച്ചയും ബഹളവും. കാര്യം എന്താണെന്ന് അന്വേഷിച്ചപ്പോൾ "താനെന്താ വാർത്തയൊന്നും കേട്ടില്ലേ" എന്നൊരു മറുചോദ്യം. സാറ്റലൈറ്റ് ചാനലുകൾ അക്കാലത്ത് അത്ര പ്രചാരത്തിൽ ഇല്ലായിരുന്നു. ബി.ബി.സി./സി.എൻ.എൻ. വാർത്തകൾ ദിവസവും
കേൾക്കുന്നവരാണെങ്കിൽ വിരലിലെണ്ണാവുന്നവർ മാത്രം. അതുകൊണ്ട് ന്യൂസ് അപ്ഡേറ്റ് ചെയ്യുന്നത് ജോലി കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയതിന് ശേഷം മാത്രമായിരുന്നു! ഏതായാലും കാര്യങ്ങൾ പല കോണിൽനിന്നും പല രീതിയിലും മനസ്സിലാക്കാനായി. ഉടനെ ബി.ബി.സി. ന്യൂസ് ട്യൂൺ ചെയ്ത് കൂടുതൽ വിവരങ്ങൾ അറിഞ്ഞു. അന്നത്തെ ആ ആഗസ്ത് രണ്ട് മുതൽ ബി.ബി.സി (BBC), സി.എൻ.എൻ (CNN) എന്നിവ ഖേൾക്കാതെയും കാണാതെയും നില്ക്കാൻ പറ്റാത്ത ഒരവസ്ഥയായി.

ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈൻ  1990 ആഗസ്ത് രണ്ടിന് കുവൈറ്റ് പിടിക്കുമ്പോൾ കുവൈറ്റി സൈനികരുടെ ആകെ എണ്ണം ഇറാഖിന്റെ കൈവശമുണ്ടായിരുന്ന യുദ്ധ ടാങ്കുകളുടെ എണ്ണത്തിന്റെ പകുതിയോളം മാത്രമെ വരികയുളളൂ. അതുകൊണ്ട്  കുവൈറ്റിനെ സൈനിക ശക്തികൊണ്ട് വരുതിയിലാക്കുക എന്നത് യുദ്ധ മുന്നണിയിൽ നന്നായി പരിശീലനം സിദ്ധിച്ച, പത്തുലക്ഷം സൈനികരുണ്ടായിരുന്ന ഇറാഖിന് തെല്ലും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല.

പക്ഷെ പിന്നീട് അമേരിക്ക പോലും ഒരു തണുത്ത മധ്യനിലപാട് സ്വീകരിച്ചപ്പോൾ ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ ശക്തമായ നിലപാടുകൾ കാര്യങ്ങൾ മാറ്റിമറിച്ചു. അങ്ങനെ 34 രാഷ്ട്രങ്ങൾ ഒരു ഭാഗത്തും ഇറാഖ് മറുഭാഗത്തും. ദുർബലരായ യമനും പി.എൽ.ഒ.യും ഇറാഖിനെ പിന്തുണച്ചെങ്കിലും അത് കടലിൽ കായം കലക്കിയത് പോലെയുള്ള ഒരു ഫലമേ ചെയ്തുളളൂ.

1991 ജനുവരി 15 വരെയായിരുന്നു ഇറാഖിന് കുവൈറ്റിൽ നിന്നും പിന്മാറാൻ യു.എൻ. കൊടുത്ത സമയം. ഞാൻ അപ്പോഴേക്കും യൂണിലിവറിൽ ചേർന്നിരുന്നു. ബി-52 യുദ്ധവിമാനങ്ങൾ കുവൈറ്റും ബാഗ്ദാദും ലക്ഷ്യമാക്കി പറന്നുയരാൻ ജിദ്ദ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന വിമാനവാഹിനിയിലായിരുന്നു.

അക്കാലത്ത് സൗദിയിൽ ജോലി ചെയ്യുന്ന വിദേശികളുടെ പാസ്പോർട്ട് തൊഴിൽ ഉടമകൾ ആയിരുന്നു കൈവശം വെച്ചിരുന്നത്. നാട്ടിൽ പോവുമ്പോൾ മാത്രമാണ് അത് തൊഴിലാളികൾക്ക് കൊടുത്തിരുന്നത്. യുദ്ധം ആസന്നമായത് കൊണ്ട് ഞങ്ങളുടെ പാസ്പോർട്ട് എക്സിറ്റ്-റീ എന്ട്രി (Exit and Re-entry) വിസ അടിച്ച് 1990 ഡിസംബറിൽ തന്നെ ഞങ്ങളുടെ കയ്യിൽ തന്നിരുന്നു. കമ്പനിയിലെ എല്ലാവരുടെയും താമസസ്ഥലത്തിന്റെ ലൊക്കേഷൻ മാപ്പ് എല്ലാവരും പരസ്പരം കൈമാറാനും ലണ്ടനിലെ ഹെഡ് ഓഫീസ് നിർദ്ദേശിച്ചു. മാത്രമല്ല എല്ലാവരും എല്ലാവരുടെയും താമസ സ്ഥലം നേരിട്ട് കാണണമെന്ന് തീരുമാനിക്കുകയും ചെയ്തു. കൂടാതെ "ആഗസ്ത് രണ്ട്" എന്ന പേരിൽ ഒരു ഫയൽ ഓപ്പൺ ചെയ്ത് ഓരോ ദിവസത്തെയും പുതിയ വാർത്തകൾ ശേഖരിക്കാനും ബ്രിസ്റ്റളിലെ ഓഫീസ് മേലധികാരികൾക്ക് അയച്ചുകൊടുക്കാനും ഏർപ്പാടാക്കിയിരുന്നു.

യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ എല്ലാവർക്കും അവരുടെ നാടുകളിലേക്ക് പോവുന്നതിന് സ്വയം തീരുമാനമെടുക്കാനുളള സ്വാതന്ത്ര്യവും അവസരവും നൽകി. സൗദി റിയാൽ, ഡോളർ/പൗണ്ട് എന്നിവയിലേക്ക് മാറ്റിവെക്കാനും രണ്ടോ മൂന്നോ മാസത്തേക്കുളള ഭക്ഷ്യവസ്തുക്കൾ പരമാവധി ശേഖരിച്ച് വെക്കാനും വേണ്ട എല്ലാ സഹായവും കമ്പനി നല്കിയിരുന്നു. രാസായുധം പ്രയോഗിച്ചാൽ എടുക്കേണ്ട മുൻകരതലുകളെക്കുറിച്ചുളള ട്രെയിനിംഗും മുഖംമറയുന്ന മാസ്കും ശരീരം മുഴുവൻ മറക്കാൻ സുരക്ഷാ കോട്ടും നൽകി. മിസൈൽ വരുന്നതറിയിക്കുന്ന സൈറൻ മുഴങ്ങിയാൽ ചെയ്യേണ്ട കാര്യങ്ങൾ, ഓരോ ബിൽഡിംഗിലും ബേസ്മെന്റ് ബങ്കറുകൾ ഉണ്ടെന്നു ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാൻ കമ്പനി പ്രത്യേകം സമിതിയെ നിയോഗിച്ചു. ഞാൻ ബാച്ചിലർ റൂമിലായിരുന്നത് കൊണ്ട് 'സഹമുറിയന്മാർക്കും' ഇത്തരം മുൻകരുതലുകൾ ആശ്വാസമായി. പല ബിൽഡിംഗുകളിലും ബേസ്മെന്റ് ഉപയോഗശൂന്യ വസ്തുക്കളുടെ ഡംപിംഗ് ഏരിയ മാത്രമായിരുന്നു. മുനിസിപ്പാലിറ്റിയുടെ നിർദ്ദേശപ്രകാരം അതൊക്കെ ബോംബിംഗിൽ നിന്നും രക്ഷപ്പെടാനുളള ഷെൽട്ടറുകളായി രൂപാന്തരപ്പെടുത്തി.

മുൻകരുതലുകൾ ഒരു ഭാഗത്ത് തകൃതിയായി നടക്കുകയാണ്. പക്ഷെ മാർക്കറ്റിൽ എല്ലാത്തിനും ഷോർട്ടേജും വിലക്കയറ്റവും. പലയിടത്തും ഭക്ഷ്യവസ്തുക്കൾ കിട്ടാനില്ല. യുദ്ധത്തിന് മുമ്പ് നാട്ടിൽ പോവാൻ നോക്കിയപ്പോൾ പോവാൻ ഉദ്ദേശിച്ച അന്ന് രാത്രി തന്നെ സൗദിയിലെ ജിദ്ദയുൾപ്പെടെയളള വിമാനത്താവളങ്ങൾ അടച്ചു. എവിടെയും യുദ്ധ വിമാനങ്ങൾ മാത്രം! യാത്രാ വിമാനങ്ങൾക്ക് വിലക്ക്. അത് കൊണ്ട് എക്സിറ്റ്-റീ എൻട്രി വിസയും പാസ്പോർട്ടും കയ്യിലുള്ള ഞാനും അതൊന്നും ഇല്ലാത്തവരും ഒരുപോലെ!!. റൂംമേറ്റ്സിന് എന്നെ കളിയാക്കാൻ പറ്റിയ നല്ല സുവർണ്ണാവസരമായിരുന്നു അത്!!

യുദ്ധം നല്ലൊരു ബിസിനസ്സ് സാധ്യതയാണെന്ന തിരിച്ചറിവ് നൽകിയ കാലമായിരുന്നു അത്. പറയുന്ന വിലയ്ക്ക് സാധനങ്ങളും സർവീസും വിറ്റുപോയിരുന്ന ദിവസങ്ങൾ. വലിയ ട്രക്കുകളും ട്രെയിലറുകളും യുദ്ധാവശ്ങ്ങൾക്ക് വലിയ തുകക്ക് ഫുൾ ടൈം തിരക്കിൽ.

ഭാഗ്വശാൽ ജിദ്ദയിൽ താമസിക്കുന്നവർക്ക്  B52 ബോംബറുകളുടെ കാതടപ്പിക്കുന്ന ശബ്ദവും സ്കഡ് മിസൈൽ വരുന്നതിന്റെ മുന്നറിയിപ്പ് നൽകുന്ന സൈറണുകളുടെ ശബ്ദവും അവ സൃഷ്ടിക്കുന്ന പാനിക്കും മാത്രമാണ് ഉണ്ടായത്. പാട്രിയോട്ട് മിസൈൽ ഇന്റർസെപ്റ്ററുകളുടെയും അത്ഭുതപ്പെടുത്തുന്ന കഥകൾ വേറെയും! "ലുങ്കി ന്യൂസ്" ഏറ്റവും 'പ്രചാരമുള്ള' വാർത്താചാനലായി മാറി.

ഇറാഖിനോട് അടുത്ത് കിടക്കുന്ന ജുബൈലിൽ നിന്നും മറ്റും ബന്ധുക്കളും മറ്റും സുരക്ഷിതത്വം തേടി ജിദ്ദയിൽ എത്തിയിരുന്നു. അവർ കണ്ട യുദ്ധമുന്നണിയിലെ വാർത്തയെക്കുറിച്ച് കേൾക്കാനും നിരവധി ശ്രോദ്ധാക്കൾ! ജിദ്ദയിൽ നിന്നും നാടണയാമെന്ന പ്രതീക്ഷയിലായിരുന്നു പലരും റിയാദ്, ദമ്മാം, ജുബൈൽ ഭാഗത്ത് നിന്നും വന്നിരുന്നത്.

ഭാഗ്യവശാൽ യുദ്ധം അധികം നീണ്ടു നിന്നില്ല. ഒരുമാസവും ഒരാഴ്ചയും നാലുദിവസവും നീണ്ട ഒന്നാം ഗൾഫ് യുദ്ധത്തിന് 1991 ഫെബ്രുവരി 28ന്  വിരാമം. മുൻകരുതലുകൾക്ക് ചെലവായതൊക്കെ വെറുതെയായി എന്ന പ്രതീതി. വീടുകളിൽ നിന്ന് അധിക ഭക്ഷ്യശേഖരത്തിന്റെ ഭാഗം തിരിച്ച് വിപണിയിലേക്ക് പോവുന്ന വിചിത്ര കാഴ്ച! വില താനെ താഴുന്നു. പച്ചക്കറികളും പഴവർഗങ്ങളും കേടായിപ്പോവുന്നു. വിദേശ കറൻസികൾ മാറി സൗദി റിയാലാക്കാൻ വീണ്ടും എക്സേഞ്ചുകളിലേക്ക്. വീടുകളിൽ ആശ്വാസം. ഓഫീസുകളും ഫാക്ടറികളും പൂർവ്വസ്ഥിതിലേക്ക് എളുപ്പത്തിൽ തിരിച്ചെത്തി.

സ്കഡ് മിസൈൽ, പാട്രിയേറ്റ് മിസൈൽ ഇന്റർസെപ്ടർ എന്നിവയൊക്കെ മലയാളിക്ക് ആദ്യമായി കാണാനും കേൾക്കാനും പറ്റുന്നത് ഒന്നാം  ഗൾഫ് യുദ്ധ കാലത്തായിരുന്നു.

ഖഫ്ജി പോലെയുള്ള സൗദിയിലെ ചെറുപട്ടണങ്ങൾ ലോകമാധ്യമങ്ങളിൽ കേന്ദ്രീകൃതബിന്ദുവാകുന്നതും ഇക്കാലത്ത് തന്നെ. കോളിൻ പവൽ, ഡിക് ചീനി, താരിഖ് അസീസ്, നോർമൻ ഷോർസ്കോപ് തുടങ്ങിയ പേരുകൾ കൂടുതലായി കേൾക്കാൻ തുടങ്ങിയുതും 100 ബില്ല്യൻ ഡോളർ ചെലവ് കണക്കാക്കിയ ഈ യുദ്ധകാലത്തായിരുന്നു.

 

Latest News