Sorry, you need to enable JavaScript to visit this website.

ഒറ്റപ്പെട്ടു പോയ ആ പെരുന്നാള്‍ ദിനം ഓര്‍ക്കുമ്പോള്‍

അന്ന്  ആ പെരുന്നാള്‍ ദിവസം രാവിലെ പ്രഭാത പ്രാര്‍ത്ഥനയും  കഴിഞ്ഞ് വീണ്ടും വെറുതെ കിടന്നതായിരുന്നു ഞാന്‍. വലിയ പള്ളിയില്‍നിന്ന് മുഴങ്ങിയ തക്ബിര്‍ ധ്വനികള്‍ കേട്ടുകൊണ്ടാണ് ഉറക്കം ഉണര്‍ന്നത്. കണ്ണുതിരുമ്മി ബെഡില്‍ ഇരുന്ന്
കോട്ടുവായിട്ട് പതിയേ ഇന്നത്തേ ദിവസത്തിന്റെ മാസ്മരികമായ മഹത്വവും പ്രത്യേകതയും മനസിലോര്‍ത്ത്‌കൊണ്ട് മുറിയില്‍നിന്നും അടുക്കളയിലേ ചായതൂക്ക് ലക്ഷ്യമാക്കി നടക്കുബോള്‍  മനസ്സിന് പെരുന്നാള്‍ നിലാവിന് മങ്ങിയ രൂപമായിരുന്നു .....
ഇന്ന് പെരുന്നാള്‍ ആണ്.. അതും വലിയ പെരുന്നാള്‍..  ബലിപെരുന്നാള്‍ ആണെങ്കിലും എനിക്ക് അങ്ങിനെ തോന്നിയില്ല എന്ന് സങ്കടത്തോടെ പറയുന്നു...ആരോടോ ഉള്ള വാശിയൊന്നും അല്ല.  ഇനി എനിക്ക് അങ്ങിനെ തോന്നിയില്ല എന്ന് പറയുമ്പോള്‍ ഞാന്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ ഇഷ്ടമില്ലാത്ത ആളാണ് എന്ന് കരുതരുത്.. ജീവിതത്തില്‍ എത്രയോ നിറമുള്ള പെരുന്നാളുകള്‍ കടന്നുപോയിരിക്കുന്നു  വിവിധങ്ങളായ ദേശങ്ങളില്‍ ജോലി തേടിയും മറ്റും കടലുകടന്ന ആദ്യ നാളുകളില്‍ പോലും കടന്നുപോയ പെരുന്നാളിനു ഒത്തിരി പറയാനുണ്ടായിരുന്നു.... എന്നിട്ടെന്തേ ഈ പെരുന്നാള്‍ മാത്രം  ഇങ്ങിനെ നിറം മങ്ങി ശോകമായി എന്നല്ലേ  ചോദ്യമുനകള്‍ ....
പറയാം പെരുന്നാള്‍ ദിവസം അതിരാവിലെ അടുക്കളയിലേ പാത്രങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുന്നില്ല..നെയ്യപ്പവും പായസവും കാണുന്നില്ല, കുഞ്ഞു മക്കളുടെ ഒച്ചയും ബഹളവുമില്ല, ഇറച്ചി വേവുന്ന കുക്കറിന്റെ നീണ്ട നിലവിളി പോലും കേള്‍ക്കുന്നില്ല  ഇതിനെല്ലാം മുന്നില്‍നിന്ന് നിയന്ത്രിക്കുന്ന  എന്റെ പ്രിയപ്പെട്ട ഉമ്മച്ചി നിസ്‌കാര പായയില്‍ ഇരിക്കുന്നു .....അവരുടെ മുഖത്ത് സങ്കടത്തിന്റെ ചെറിയ നിഴലുകള്‍ ഉണ്ടെങ്കിലും എല്ലാം സര്‍വ്വേശ്വരനില്‍ സമര്‍പ്പിക്കുന്ന അവര്‍ക്ക് ഇതൊന്നും അത്ര വലിയ പ്രയാസം ഉള്ളതായി തോന്നിയിരുന്നില്ല എന്ന് കഴിഞ്ഞ ദിവസങ്ങള്‍ എനിക്ക് നല്‍കിയ പാഠങ്ങള്‍ സാക്ഷിയാണ്. ഇതെല്ലാം ഓര്‍ത്തുകൊണ്ട് ഉമ്മ നിറച്ചു വെച്ച
ചായതൂക്ക് നോക്കി നിശബ്ദനായി നില്‍ക്കാനേ എനിക്ക് സാധിച്ചുള്ളു.. ഒരു കപ്പ് ചായയെടുത്ത് കോലായിലേക്കുള്ള വാതില്‍ തുറന്ന് പുറത്തേക്ക് നോക്കുബോള്‍ അടുത്ത വീട്ടിലേ കുട്ടികളും മുതിര്‍ന്നവരും പുത്തനുടുപ്പിട്ട് തൊപ്പിയും മാസ്‌ക്കും വെച്ച് മുസല്ലയുമായി പള്ളിയിലേക്ക് പോവുന്ന മനോഹര കാഴ്ച കണ്ട് വിഷമം തോന്നിയെങ്കിലും തികട്ടി വന്ന സങ്കടം ചൂട്ചായ കുടിച്ച് ഉള്ളിലൊതുക്കി കൊണ്ട് നെടുവീര്‍പ്പിട്ടു. പതിയേ വീട്ടിനുള്ളിലേക്ക് കയറി വാതിലടക്കുമ്പോള്‍ എന്നെ നോക്കി നില്‍ക്കുന്ന അവളുടെ ദയനീയ മുഖമാണ് കണ്ടത് സങ്കടം ഉള്ളിലൊളിപ്പിച്ച് അവളേ കണ്ണിറുക്കി കാണിച്ച് ആശ്വസിപ്പിക്കാന്‍ ശ്രമിച്ച് കൊണ്ട് ചായകപ്പുമായി കസേരയില്‍ ഇരുന്ന എന്റെ ദയനീയത കണ്ടിട്ടോ എന്തോ അവളുടെ കണ്ണുകള്‍ ചുവക്കുന്നതാണ് കണ്ടത്. പൊടുന്നനേ അത് നിറഞ്ഞൊഴുകാന്‍ ഏറെസമയം വേണ്ടി വന്നില്ല അതങ്ങിനെയാണ് സന്തോഷം വന്നാലും സങ്കടം വന്നാലും കണ്ണു നിറച്ചാണെല്ലോ അവര്‍ നമ്മോട് പറയാതെ പറയാറ്... പള്ളിയില്‍ നിന്നും തക്ബീര്‍ മുഴങ്ങി കേള്‍ക്കുബോള്‍ പരസ്പ്പരം നിറഞ്ഞ കണ്ണുകളില്‍ നോക്കിയരിക്കാനേ എനിക്കും അവള്‍ക്കും സാധിച്ചുള്ളൂ..
ആ ഇരുത്തത്തിന്റെ നനവുകള്‍ മുറിച്ചുകൊണ്ട് മുഴങ്ങിയ കോളിംഗ് ബെല്‍ എന്റെ കണ്ണു തുടപ്പിച്ച് എഴുന്നേറ്റ് വാതില്‍ തുറക്കാനുള്ള തോന്നലിലേക്ക് എത്തിച്ചത് യാന്ത്രികമായിട്ടായിരുന്നു. പെങ്ങളുടെ വീട്ടില്‍നിന്ന് പെരുന്നാള്‍ ബിരിയാണിയുമായി വന്ന അനുജനോ സഹോദരിയുടെ മകനോ ആവുമെന്ന മുന്‍ധാരണയോടെ വാതില്‍ തുറന്ന ഞാന്‍ കണ്ടത് ഭക്ഷണ സഞ്ചിയും കയ്യില്‍ തുക്കി പുഞ്ചിരിയോടെ എന്നെ നോക്കി സലാം പറയുന്ന  എന്റെ പ്രിയപ്പെട്ട പിതാവിനേയാണ് . സലാം മടക്കി   ചങ്ക് പിടച്ച് കൊണ്ടു അല്‍പ്പം അകലം പാലിച്ച് നില്‍ക്കാന്‍ പറയുമ്പോഴേക്ക് ഭക്ഷണ സഞ്ചിയുമായി അദ്ദേഹം എന്റെ അടുത്തേക്ക് നടന്നു വന്ന് ഭക്ഷണ സഞ്ചി ചാരുപടിയില്‍ വെച്ച്‌കൊണ്ട് കൈ തരാതെയും ആലിംഗനം ചെയ്യാതെയും ഈദ് ആശംസ പറയുബോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നത് എനിക്ക് കാണാമായിരുന്നു.... നോക്കി നില്‍ക്കാനുള്ള ചങ്കുറപ്പ് ഇല്ലാത്തതിനാല്‍ ദൂരേക്ക് നോക്കി നിന്ന എന്നോട് കുശലാനേഷണം നടത്തി സലാം പറഞ്ഞിറങ്ങുമ്പോള്‍ അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞു നോക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു ആ പുഞ്ചിരിയും തിരിഞ്ഞു നോട്ടവും എനിക്ക് നല്‍കിയ ധൈര്യവും സമാധനവും പറഞ്ഞറിയിക്കാന്‍ സാധ്യമല്ല ... അത് ഇതു പോലെ അനുഭവിച്ച് അറിയുകതന്നെ വേണം എനിക്ക് ജീവിതത്തില്‍ ഇന്നോളം കിട്ടിയതില്‍ വെച്ചേറ്റവും വലിയ സമ്മാനമാണ് ഇന്ന് കിട്ടിയ എന്റെ പിതാവിന്റെ പുഞ്ചിരിയും ആ ഈദ് മുബാറക്കും ...എന്ന് തിരിച്ചറിയാന്‍ ഏറേ നിമിഷങ്ങള്‍ വേണ്ടി വന്നില്ല എന്നതാണ് വസ്തുത .
കഴിഞ്ഞ പതിമൂന്ന് ദിവസമായി ഉമ്മയും ഞാനും എന്റെ പ്രിയപ്പെട്ടവളും വീട്ടു ക്വാറന്റൈനിലാണ്. സര്‍വ്വേശ്വരന്റെ കരുണാകടാക്ഷം  കൊണ്ട് യാതൊരു വിധ പ്രയാസവും വിഷമവുമില്ലതെ കഴിയുന്നു. ചെറിയ ഒരു സര്‍ജറിക്ക് വേണ്ടി നടത്തിയ രണ്ട് കോവിഡ് ടെസ്റ്റും നെഗറ്റീവായിട്ടും (ആന്റിജനും ,ആര്‍ ടി പി സി ആര്‍) സര്‍ജറിയുടെ തലേദിവസത്തേ മൂന്നാമത്തെ ടെസറ്റ് നിര്‍ഭഗ്യം കൊണ്ടോ മറ്റോ പോസ്റ്റീവ് ആണെന്നു കേട്ടപ്പോള്‍ നിരാശ തോന്നി.അങ്ങനെ പതിനെട്ട് ദിവസത്തെ ക്വാറന്റൈന്‍ ബംബര്‍ സമ്മാനമടിച്ചു .......
ഞാനും അവളും ഉമ്മയും  ഈദിന്റെ അനര്‍ഘനിമിഷങ്ങളില്‍ അടച്ചിട്ട വീട്ടിനുള്ളില്‍ സങ്കടത്തോടെ ആണെങ്കിലും  ഒരു
ഈദ് ആഘോഷച്ചത്  ഇന്നത്തെ ദിവസം ഓര്‍ത്തില്ലെങ്കില്‍ ജീവിതത്തിലെ ചെറുതും വലുതുമായ അനുഭവങ്ങളുടെ മധുരം ചോര്‍ന്നു പോകുന്നതു പോലെ..

                ഈദ്മുമ്പാറക്ക്

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News