Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ വ്യാപിക്കുന്നത് കോവിഡിന്റെ ആര്‍ക്ടറസ് വകഭേദം; കൂടുതല്‍ വിവരങ്ങള്‍

ന്യൂദല്‍ഹി- ഇന്ത്യയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന കോവിഡ് വകഭേദത്തിന് കൂടിയ തിവ്രതയില്ലെന്ന് അധികൃതര്‍ പറയുമ്പോഴും രോഗം വീണ്ടും പിടിമുറുക്കുമെന്ന ഭിതിയിലാണ് വിവിധ സംസ്ഥാനങ്ങള്‍. വ്യാഴാഴ്ച രാജ്യത്ത് 10,158 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.  ഏകദേശം എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കേസുകളാണിത്. രോഗ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ വീണ്ടും പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് വ്യാപിക്കുന്ന പുതിയ വകഭേദത്തിന് ഉയര്‍ന്ന ക്ലിനിക്കല്‍ തീവ്രതയില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.  ആര്‍ക്ടറസ് എന്ന പേരിലുള്ള കോവിഡ് വകഭേദമാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. കൃത്യമായ എണ്ണം ലഭ്യമല്ലെങ്കിലും കോവിഡ് കേസുകളുടെ ഇപ്പോഴത്തെ വര്‍ധനക്ക് കാരണം ആര്‍ക്ടറസ് വകഭേദമാണെന്ന് വിദഗ്ധര്‍ കരുതുന്നു.  
കോവിഡിന്റെ മുന്‍ വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുന്ന വകഭേദമാണിത്. ആര്‍ക്ടറസ് പുതുതായി കണ്ടെത്തിയ  വകഭേദമല്ലെന്നും  XBB.1.16  വകഭേദത്തിനു നല്‍കിയ പേരാണെന്നും വിദഗ്ധര്‍ പറയുന്നു.
ലോകത്തിന്റെ പല ഭാഗങ്ങളിലും കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ നിരീക്ഷിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരിക്കുന്നത്. ലോകമെമ്പാടും ആശങ്ക സൃഷ്ടിച്ച കോവിഡ് വകഭേദമായിരുന്നു ഒമിക്‌റോണ്‍. ഇതിന്റെ 600ലധികം ഉപവിഭാഗങ്ങള്‍ ഇപ്പോഴുമുണ്ട്.  
ആര്‍ക്ടറസ് വേരിയന്റിനെ നിലവില്‍ ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നുണ്ട്. ലബോറട്ടറി പഠനങ്ങളില്‍ വര്‍ധിച്ച അണുബാധയും രോഗികളുടെ വര്‍ദ്ധനവുമാണ് കാണിക്കുന്ത്. വകഭേദം വേഗത്തില്‍ വ്യാപിക്കുമെന്നാണ് ടോക്കിയോ സര്‍വകലാശാല നടത്തിയ പഠനം വ്യക്തമാക്കുന്നത്.   
ഇന്ത്യയില്‍ നിലവില്‍ 44,998 സജീവ കോവിഡ് കേസുകളാണുള്ളത്. കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി, ദല്‍ഹി, തെലങ്കാന, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ 76 സാമ്പിളുകളില്‍ കഴിഞ്ഞ മാസം ആര്‍ക്ടറസ് വകഭേദം കണ്ടെത്തി.
XBB 1.16 വേരിയന്റ് ആദ്യമായി കണ്ടെത്തിയത് ജനുവരിയിലാണ്. രണ്ട് സാമ്പിളുകളില്‍ മാത്രമായിരുന്നെങ്കില്‍  ഫെബ്രുവരിയില്‍ ആകെ 59 സാമ്പിളുകളില്‍ ഈ വകഭേദം കണ്ടെത്തി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News