VIDEO അല്‍അഖ്‌സ മുറ്റത്ത് കുട്ടികളുടെ ഫുട്‌ബോള്‍; ഇതാണോ വിശുദ്ധിയെന്ന് ഇസ്രായില്‍

തെല്‍അവീവ്- അല്‍അഖ്‌സ മസ്ജിദ് മുറ്റത്ത്  ഫലസ്തീന്‍ കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ ഇസ്രായില്‍ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. ഇങ്ങനെയാണോ പള്ളfയുടെ പവിത്ര കാത്തുസൂക്ഷിക്കുന്നതെന്ന് ചോദിച്ചു കൊണ്ടാണ് ഇസ്രായില്‍ മന്ത്രാലയത്തിന്റെ ട്വീറ്റ്.
അല്‍അഖ്‌സയില്‍ ഇപ്പോള്‍ എന്താണ് നടക്കുന്നത്. റമദാനിലെ രാത്രി പ്രാര്‍ഥനക്കുശേഷം ചെറുപ്പക്കാര്‍ പള്ളിയില്‍ കയറി വാതിലടക്കുന്നു. പള്ളിക്ക് തൊട്ടുടത്താണ് സോക്കര്‍ മത്സരങ്ങള്‍ നടക്കുന്നത്. ഇങ്ങനെയാണോ ഈ സ്ഥലത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നത്? ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം ചോദിച്ചു. ഇസ്രായില്‍ അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
അതേസമയം, പള്ളിയിലെത്തിയ വിശ്വാസികള്‍ക്കുനേരെ  ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണത്തിനു പിന്നാലെ വിശുദ്ധി ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള കാപട്യത്തെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ശരിക്കും കൈകാര്യം ചെയ്യുന്നുണ്ട്.
വിശുദ്ധ റമദാന്‍ മാസത്തില്‍ വിശ്വാസികളെ മര്‍ദിക്കാന്‍ ഇതാണോ നിങ്ങളുടെ മുടന്തന്‍ ന്യായമെന്ന് ആളുകള്‍ ചോദിച്ചു. ഫലസ്തീനികളുടെ ജീവിതത്തെ അവഗണിച്ചുകൊണ്ടാണ് നിങ്ങള്‍ വിശുദ്ധിയെ കുറിച്ച് സംസാരിക്കുന്നതെന്നാണ് മറ്റൊരു കമന്റ്.
ഇസ്രായില്‍ കുടിയേറ്റക്കാര്‍ അല്‍ അഖ്‌സ മസ്ജിദിലെ വിശ്വാസികളെ മര്‍ദിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് ഒരു ഉപയോക്താവ് ചോദിച്ചു- മുസ്ലിംകളോട് ഇങ്ങനെ പെരുമാറാന്‍ ആരാണ് നിങ്ങളെ അധികാരപ്പെടുത്തിയത്? അല്‍അഖ്‌സ മസ്ജിദില്‍ പ്രാര്‍ഥിക്കുന്നവരെ ആക്രമിച്ച  നിങ്ങളല്ലേ മസ്ജിദിന്റെ പവിത്രത ലംഘിച്ചത്.
പള്ളികള്‍ മുസ്ലിംകള്‍ക്ക് ആരാധിക്കാന്‍ മാത്രമുള്ളതല്ല, സാഹോദര്യം കെട്ടിപ്പടുക്കാന്‍ കൂടിയുള്ളതാണെന്ന് പഠിപ്പിക്കാന്‍ ശ്രമിക്കുന്നുവരുമുണ്ട്.

 

Latest News