Sorry, you need to enable JavaScript to visit this website.

കിരീടാവകാശിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ട്വിറ്ററിലൂടെ സൗദി പൗരന്മാരുടെ പരാതി പ്രളയം

റിയാദ് - മൂന്നു ബള്‍ബുകള്‍ പ്രവര്‍ത്തിക്കാത്തതിന്റെ പേരില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കിരീടാവകാശി മുഹമ്മദ് രാജകുമാരന്‍ ചോദ്യം ചെയ്ത കഥ പുറത്തുവന്നതോടെ ട്വിറ്ററിലൂടെ സൗദി പൗരന്മാരുടെ പരാതി പ്രളയം. റോഡുകളിലും മറ്റും തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ട്വിറ്ററിലൂടെ ഉന്നയിച്ച് പ്രശ്‌നപരിഹാരത്തിന് ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. എം.ബി.സി ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് മന്ത്രിസഭാ ജനറല്‍ സെക്രട്ടേറിയറ്റ് ഉപദേഷ്ടാവ് ഫഹദ് അല്‍റശീദ് ആണ് പ്രവര്‍ത്തിക്കാത്ത മൂന്നു ബള്‍ബുകളുടെ പേരില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കിരീടാവകാശി ചോദ്യം ചെയ്ത സംഭവം വെളിപ്പെടുത്തിയത്. എത്ര നിസാരമാണെങ്കിലും മുഴുവന്‍ പ്രശ്‌നങ്ങളിലും കിരീടാവകാശി ശ്രദ്ധ ചെലുത്തുന്നതിനെ കുറിച്ച് സൂചിപ്പിച്ചാണ് പ്രവര്‍ത്തിക്കാത്ത ബള്‍ബുകളുടെ പേരില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ചോദ്യം ചെയ്ത സംഭവം ഫഹദ് അല്‍റശീദ് വിവരിച്ചത്. സ്വദേശി പൗരന്മാരുടെ ശബ്ദം മുഴുവന്‍ ഉദ്യോഗസ്ഥരിലും എത്തണമെന്നാണ് ഇതിലൂടെ കിരീടാവകാശി വ്യക്തമാക്കിയത്.
ഇതോടെയാണ് തങ്ങളുടെ പ്രശ്‌നങ്ങള്‍ കിരീടാവകാശിയുടെ ശ്രദ്ധയില്‍ പെടുത്താനും പരിഹാരം കാണാനും ശ്രമിച്ച് സൗദി പൗരന്മാര്‍ ട്വിറ്ററിലൂടെ പരാതികള്‍ ഉന്നയിക്കാന്‍ തുടങ്ങിയത്. ഹായിലിലെ പുതിയ ഡിസ്ട്രിക്ടില്‍ തന്റെ വീടിനു മുന്നിലെ റോഡിന്റെ ശോചനീയാവസ്ഥ സൗദി പൗരന്‍ അബ്ദുല്‍ അസീസ് അല്‍റശീദ് ഉന്നയിച്ചു. മൂന്നു വര്‍ഷമായി പ്രശ്‌നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു ഫലവുമില്ലെന്നും സൗദി പൗരന്‍ പറഞ്ഞു. ഉടന്‍ തന്നെ സംഭവത്തില്‍ ഇടപെട്ട ഹായില്‍ നഗരസഭ പ്രശ്‌നം പരിഹരിക്കുന്നതിന് സ്ഥലത്തിന്റെ മാപ്പ് അയച്ചുകൊടുക്കാന്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടു.
കിഴക്കന്‍ റിയാദിലെ റോഡിന്റെ ശോചനീയാവസ്ഥയാണ് മറ്റൊരു സൗദി പൗരന്‍ റാദി അല്‍അനസി കിരീടാവകാശിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഉടന്‍ തന്നെ ഇതില്‍ പ്രതികരിച്ച റിയാദ് നഗരസഭ തങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രശ്‌നം അറിയിക്കാന്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടു. ദേശീയ ജല കമ്പനിയും ടെലികോം കമ്പനികളും ഇലക്ട്രിസിറ്റി കമ്പനിയും കുഴികളെടുത്ത് തന്റെ വീടിനു മുന്നിലെ റോഡ് ഗതാഗത യോഗ്യമല്ലാതാക്കി മാറ്റിയെന്നായിരുന്നു മറ്റൊരു സൗദി പൗരന്റെ പരാതി. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ തങ്ങളുമായി ആശയവിനിമയം നടത്താന്‍ സൗദി ഇലക്ട്രിസിറ്റി കമ്പനി സൗദി പൗരനോട് ആവശ്യപ്പെട്ടു.
റിയാദിലെ അല്‍മല്‍ഗാ ഡിസ്ട്രിക്ടില്‍ കുമിഞ്ഞുകൂടിക്കിടക്കുന്ന കെട്ടിട നിര്‍മാണ അവശിഷ്ടങ്ങള്‍, ഹഫര്‍ അല്‍ബാത്തിനിലെ അബൂബക്കര്‍ സിദ്ദീഖ് റോഡിലെ കുഴികള്‍, കിഴക്കന്‍ നജ്‌റാനിലെ മോശം ഇന്റര്‍നെറ്റ് കവറേജ്, ദക്ഷിണ ജിദ്ദയിലെ അല്‍ഖരൈനിയയിലെ അല്‍മസറ ഡിസ്ട്രിക്ടില്‍ അടിക്കടിയുണ്ടാകുന്ന വൈദ്യുതി സ്തംഭനം എന്നിവ അടക്കം തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച നിരവധി പരാതികള്‍ സൗദി പൗരന്മാര്‍ ട്വിറ്ററിലൂടെ കിരീടാവകാശിയുടെ ശ്രദ്ധയില്‍ പെടുത്തി.

 

Latest News