മാണിക്ക് മുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങിയതിന് പിന്നില്‍ മറ്റു പലതുമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് കോണ്‍ഗ്രസില്‍ പലരും. ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞതുപോലെ അവിശ്വസനീയമാണ് കോണ്‍ഗ്രസിന്റെ ഈ തീരുമാനം. യുവ എം.എല്‍.എമാരുടെ പരാതിക്കും പരിഭവങ്ങള്ക്കുമിടയില് തനിക്ക് സീറ്റ് ഉറപ്പിക്കാന്‍ പൊരുതിക്കൊണ്ടിരുന്ന പി.ജെ. കുര്യന് ഇത് അശനിപാതമായി.
കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് തര്‍ക്കം സീമകള്‍ ലംഘിച്ച് മുന്നേറുന്നതിന്റെ ഉദാഹരണമായാണ് പലരും ഈ സംഭവത്തെ കാണുന്നത്. ഉമ്മന്‍ ചാണ്ടിയുടെ മസ്തിഷ്കത്തില്‍ വിരിഞ്ഞ ആശയത്തിന് സാക്ഷാത്കാരം നല്‍കിയത് പി.കെ. കുഞ്ഞാലിക്കുട്ടി. മറ്റു മാര്‍ഗമൊന്നുമില്ലാതെ ഇതിനെ പിന്തുണക്കാന്‍ നിര്‍ബന്ധിതനായ രമേശ് ചെന്നിത്തല മാനസികമായി എതിരാണത്രെ.
ആന്ധ്രാപ്രദേശിന്റെ ചുമതലയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ദല്‍ഹിയിലെത്തിയ ദിവസം തന്നെ സംസ്ഥാന കോണ്‍ഗ്രസിന് ഉമ്മന്‍ചാണ്ടി നല്കിയ മാരക പ്രഹരം വരാനിരിക്കുന്ന പല സംഭവങ്ങളുടേയും ആദ്യ അധ്യായം മാത്രം. യഥാര്‍ഥ ചാണക്യനായ ചാണ്ടിയുടെ തലയില്‍ ഇനിയും കുടിയിരിക്കുന്ന തന്ത്രങ്ങള്‍ എന്തൊക്കെ എന്നാവും ഐ ഗ്രൂപ്പിന്റെ ആശങ്ക. ബാര്‍ കോഴക്കേസോടെ മാണിയുടെ ശത്രുത സമ്പാദിച്ച രമേശ് ചെന്നിത്തലക്ക് ഇനി ഉറക്കമില്ലാത്ത ദിനങ്ങള്‍ ആയിരിക്കും.
കേന്ദ്രത്തില്‍ രാജ്യസഭാ എം.പിയെയല്ല, ലോക്സഭാ എം.പിമാരെയാണ് കോണ്‍ഗ്രസിന് ആവശ്യമെന്നും 2019 തെരഞ്ഞെടുപ്പില്‍ കൂടുതല്‍ കോണ്‍ഗ്രസ് എം.പിമാരെ ലോക്സഭയിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെല്ലാം എന്നൊക്കെ പലരും അടക്കം പറയുന്നുവെങ്കിലും ആരും ചെവി കൊടുക്കുന്നില്ല. കോണ്‍ഗ്രസ് മധ്യനിര നേതാക്കളെ മാത്രമല്ല മുന്നിരക്കാരേയും ഞെട്ടിച്ച അപ്രതീക്ഷിത തീരുമാനത്തിനെതിരെ രോഷം പുകയുകയാണ് പാര്‍ട്ടിയില്‍.
മാണിക്ക് രാജ്യസഭാ സീറ്റ് കൊടുത്ത് മുന്നണിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള കോണ്‍ഗ്രസിന്റ തീരുമാനം പാര്‍ട്ടിയില്‍ പടപ്പുറപ്പാട് സൃഷ്ടിച്ചുകഴിഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ നീക്കത്തിന് ചുക്കാന്‍ പിടിച്ച മുസ്ലിം ലീഗ്, കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം ശരിയാണെന്ന് വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് ലീഗ് നേതാക്കള്‍ ഇ മെയിലും അയക്കുന്നു. കോണ്‍ഗ്രസ് ഗ്രൂപ്പുകളിയില്‍ വ്യക്തമായ പക്ഷം പിടിക്കുകയാണ് ലീഗ് എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
നിങ്ങള്‍ക്കും പ്രതികരിക്കാം, ലീഗ് പക്ഷം പിടിക്കുന്നുണ്ടോ. അങ്ങനെയെങ്കില്‍ അത് ശരിയോ...






