ഭര്‍ത്താവ് ശരിയാക്കിയത് വ്യാജ വിസ, യുവതിയും പിഞ്ചുമക്കളും ദുബായ് എയര്‍പോര്‍ട്ടില്‍ പിടിയിലായി

ദുബായ്- ഭര്‍ത്താവ് ഏര്‍പ്പെടുത്തിയ വ്യാജ റെസഡിന്‍സി വിസയുമായി ദുബായ് എയര്‍പോര്‍ട്ടില്‍ പിടിയിലായ വിദേശ യുവതിക്കും പിഞ്ചുമക്കള്‍ക്കും കോടതിയുടെ കാരുണ്യത്തില്‍ ശിക്ഷ ഒഴിവായി.
മൂന്നും അഞ്ചും വയസ്സുള്ള രണ്ട് പെണ്‍മക്കളോടൊപ്പം അറബ് യുവതിയാണ് വ്യാജ റസിഡന്‍സി വിസയുമായി യൂറോപ്യന്‍ രാജ്യത്തേക്ക് പോകാനെത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ പിടിയിലായത്. ദുബായ് കോടതി മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചെങ്കിലും യുവതിയുടെ സാഹചര്യങ്ങള്‍ പരിഗണിച്ച് കരുണ കാണിക്കുകയായിരുന്നു. ശിക്ഷ മരവിപ്പിച്ച് യുവതിയെ നാടുകത്തി.
വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പാണ് യുവതിയുടെ പാസ്‌പോര്‍ട്ട് പരിശോധിച്ച വിമാന കമ്പനി ജീവനക്കാരന് സംശയം തോന്നിയത്. താമസ വിസ വ്യാജമാണെന്ന ജീവനക്കാരന്റെ സംശയം  തുടര്‍ന്നുള്ള അന്വേഷണത്തില്‍ സ്ഥിരീകരിക്കുകയായിരുന്നു.
 തനിക്കൊന്നുമറിയില്ലെന്നും നാട്ടിലായിരിക്കുമ്പോള്‍ ഭര്‍ത്താവാണ്  വിസ ഏര്‍പ്പാടാക്കിയതെന്നും ദുബായ് വഴി യൂറോപ്പിലേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തില്‍ യുവതി മൊഴി നല്‍കി.
യൂറോപ്യന്‍ രാജ്യത്തേക്കുള്ള  റെസിഡന്‍സി കാര്‍ഡുകള്‍ പരിശോധിച്ച എയര്‍ലൈന്‍ ജീവനക്കാരന്‍ സംശയത്തെ തുടര്‍ന്ന് ദുബായ് എയര്‍പോര്‍ട്ടിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിലെ ഡോക്യുമെന്റ് പരിശോധനാ വിഭാഗത്തിലേക്ക് അയക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് വ്യാജവിസയാണെന്ന് സ്ഥിരീകരിച്ചത്. എല്ലാം ഭര്‍ത്താവാണ് ചെയ്തതെന്നും വിസാ നടപടികളൊന്നും അറിയില്ലെന്നും നിരപരാധിയാണെന്നുമുള്ള യുവതിയുടെ മൊഴിയാണ് കോടതി കണക്കിലെടുത്തത്.
രണ്ട് കുട്ടികളുടെ മതാവായ യുവതിയെ മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചെങ്കിലും  ഭാവിയില്‍ ഇതേ കുറ്റകൃത്യം ചെയ്യാന്‍ സാധ്യതയില്ലെന്ന കാര്യം കണക്കിലെടുത്ത് ജയില്‍ ശിക്ഷ റദ്ദാക്കാനും വ്യാജ രേഖ കണ്ടുകെട്ടാനും കോടതി  ഉത്തരവിട്ടു

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News