VIDEO മോഡിജിയാണ് സംവിധാനമെന്ന് പറഞ്ഞേക്കരുത്; ചിരി പടര്‍ത്തി ഖാര്‍ഗെ

ന്യൂദല്‍ഹി- ഓസ്‌കറിലെ ഇരട്ട നേട്ടം ഇന്ത്യയുടെ നേട്ടമാണെന്നും ബി.ജെ.പി അതിന്റെ ക്രെഡിറ്റ് എടുക്കരുതെന്നും പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മോഡിജിയാണ് സംവിധാനമെന്ന് പറഞ്ഞേക്കരുതെന്ന ഖാര്‍ഗെയുടെ പരാമര്‍ശം രാജ്യസഭയില്‍ പ്രതിപക്ഷത്തും ഭരണപക്ഷത്തും ഒരു പോലെ ചിരി പടര്‍ത്തി.

ഓസ്‌കറില്‍ ഇന്ത്യയുടെ നേട്ടത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയികളെ അഭിനന്ദിച്ച അദ്ദേഹം ഇത് ഇന്ത്യയ്ക്ക് അഭിമാനകരമാണെന്ന് പറഞ്ഞു. വിജയികളുടെ ദക്ഷിണേന്ത്യന്‍ ബന്ധവും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഞങ്ങള്‍ വളരെ അഭിമാനിക്കുന്നു. പക്ഷേ എന്റെ ഒരേയൊരു അഭ്യര്‍ഥന ഭരണകക്ഷി അതിന്റെ ക്രെഡിറ്റ് എടുക്കരുതെന്നാണ്. ഞങ്ങള്‍ സംവിധാനം ചെയ്തു, ഞങ്ങള്‍ പാട്ടെഴുതി, സിനിമ മോഡിജി സംവിധാനം ചെയ്തു എന്നൊന്നും പറയരുത്. അതാണ് എന്റെ ഒരേയൊരു അഭ്യര്‍ഥന- ഖാര്‍ഗെ  പറഞ്ഞു.

'ആര്‍ആര്‍ആര്‍' സിനിമയിലെ 'നാട്ടു നാട്ടു' എന്ന ഗാനം ഒറിജിനല്‍ സോങ് വിഭാഗത്തിലും 'ദി എലിഫന്റ് വിസ്പറേഴ്‌സ്' മികച്ച ഡോക്യുമെന്ററി  വിഭാഗത്തിലുമാണ് ഓസ്‌കര്‍ പുരസ്‌കാരം നേടിയത്. രാജ്യത്തിന്റെ അഭിമാനമായ വിജയികളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരത്തെ അഭിനന്ദിച്ചിരുന്നു.

 

 

Latest News