മോഹന്‍ലാലിനു പിന്നാലെ ഫഹദ് ഫാസിലിന്റെ മൊഴിയെടുത്ത് ആദായനികുതി വകുപ്പ്

കൊച്ചി-  നടന്‍ ഫഹദ് ഫാസിലിനെ വിളിച്ചുവരുത്തി  ആദായനികുതി വകുപ്പ് മൊഴി രേഖപ്പെടുത്തി. ഫഹദ് ഫാസില്‍ ഉള്‍പ്പെട്ട സിനിമാ നിര്‍മ്മാണ സ്ഥാപനത്തില്‍ നേരത്തെ ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ കണ്ടെത്തിയ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണ് ഫഹദ് ഫാസിലിനെ വിളിച്ചു വരുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
മലയാള സിനിമാ മേഖലയില്‍ നടത്തിയ പരിശോധനയില്‍ 225 കോടിയുടെ കള്ളപ്പണ ഇടപാടുകള്‍ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. നികുതിയായി നല്‍കേണ്ട 72 കോടി രൂപ മറച്ചുവെച്ചുവെന്നാണ് കണ്ടെത്തല്‍. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവരുടെ നിര്‍മ്മാണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
പ്രമുഖ താരങ്ങള്‍ വിദേശത്ത് സ്വത്തുക്കള്‍ വാങ്ങിയതിലും ക്രമക്കേട് കണ്ടെത്തിയതായി  റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഡിസംബര്‍ മുതല്‍ മലയാള സിനിമാ നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട താരങ്ങളുടെയും നിര്‍മ്മാതാക്കളുടെയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിവരികയായിരുന്നു.
നടന്‍ മോഹന്‍ലാലിന്റെ മൊഴി ഏതാനും ദിവസം മുമ്പ് രേഖപ്പെടുത്തിയിരുന്നു. മോഹന്‍ലാലും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സാമ്ബത്തിക ഇടപാടിലായിരുന്നു അന്വേഷണം. മോഹന്‍ലാലിന്റെ കുണ്ടന്നൂരിലെ ഫ് ളാറ്റിലെത്തിയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News