ജമ്മു കശ്മീരിൽനിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഒരുങ്ങി കേന്ദ്രം

ന്യൂദല്‍ഹി- ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി മൂന്ന് വര്‍ഷത്തിലേറെ പിന്നിടുമ്പോള്‍ താഴ്‌വരയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. നിയന്ത്രണ രേഖയില്‍ മാത്രം സൈന്യത്തെ നിര്‍ത്തി കശ്മീരില്‍നിന്ന് ഭടന്മാരെ പിന്‍വലിക്കാനാണ് ആലോചന.
രണ്ടുവര്‍ഷമായി സര്‍ക്കാര്‍ പരിഗണിച്ചുവരുന്ന വിഷയം ഇപ്പോള്‍ അതിന്റെ അന്തിമഘട്ടത്തിലെത്തിയിരിക്കയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്  റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്ന് പതിറ്റാണ്ടായി ലോകത്ത് ഏറ്റവും കൂടുതല്‍ സൈനിക സാന്നിധ്യമുള്ള മേഖലകളിലൊന്നായ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന അനുഛേദം 370 കേന്ദ്ര സര്‍ക്കാര്‍ 2019 ലാണ് റദ്ദാക്കിയത്. സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു.  സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ അമിതാധികാരത്തോടെ തുടരുന്ന സൈന്യത്തെ പിന്‍വലിക്കാന്‍ താഴ് വരയിലെ ജനങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടുവരികയാണ്.
കരസേനക്കു പകരം ഭീകരതക്കെതിരായ നടപടികള്‍ സി.ആര്‍.പി.എഫ് ഏറ്റെടുക്കുമെന്നാണ് സൂചന. ഭീകരതക്കെതിരായ പോരാട്ടത്തോടൊപ്പം ക്രമസമാധാന പാലനവും സി.ആര്‍.പി.എഫിന് കൈമാറും. വിവിധ മന്ത്രാലയങ്ങള്‍ തമ്മില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷമാണ് അന്തിമ തീരുമാനത്തിലേക്ക് നീങ്ങുന്നത്. പ്രതിരോധ മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനു പുറമെ, ജമ്മു കശ്മീര്‍ പോലീസും ചര്‍ച്ചയില്‍ പങ്കെടുത്തു.
അതിര്‍ത്തിയിലുള്ള 80,000 പേരടക്കം 1.3 ലക്ഷം സൈനികരാണ് ജമ്മു കശ്മീരിലുള്ളത്. 45,000 രാഷ്ട്രീയ റൈഫിള്‍സ് ഭടന്മാരാണ് ഭീകര വിരുദ്ധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 60,000 സി.ആര്‍.പി.എഫ് ഭടന്മാരും ജമ്മു കശ്മീര്‍ പോലീസിലെ 83,000 പോലീസുകാരും താഴ്‌വരയിലുണ്ട്. ഇവര്‍ക്കു പുറമെ കേന്ദ്ര സായുധ പോലീസ് സേനയേയും വിന്യസിച്ചിട്ടുണ്ട്.
താഴ് വരയില്‍ അക്രമങ്ങള്‍ 50 ശതമാനത്തിലധികം കുറഞ്ഞതായി കേന്ദ്രം അവകാശപ്പെടുന്നു. 2019 നുശേഷം കല്ലേറ് സംഭവങ്ങള്‍ പൂര്‍ണമായും ഇല്ലാതായെന്നും പറയുന്നു. താഴ്‌വരയില്‍ സമാധാനമായി എന്ന കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദത്തോട് യോജിക്കുന്നതല്ല താഴ് വരയിലെ സൈനിക സാന്നിധ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ വിലയിരുത്തുന്നു. താഴ് വരയിലെ അനന്ത്‌നാഗ്, കുല്‍ഗാം ജില്ലകളില്‍നിന്നായിരിക്കും സൈനിക പിന്മാറ്റത്തിനു തുടക്കം കുറിക്കുകയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News