Sorry, you need to enable JavaScript to visit this website.

നാട്ടിലേക്കുള്ള ലഗേജില്‍ നിറക്കാറുണ്ട്; പക്ഷേ ബദാം കഴിക്കാറുണ്ടോ, ശ്രദ്ധിക്കേണ്ട ഒരു പഠനം

ന്യൂദല്‍ഹി- ബദാം സ്ഥിരമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും ശരീര ഭാരവും കുറക്കാന്‍ സഹായകമാകുമെന്ന് പുതിയ പഠനം. പൊണ്ണത്തടിയുള്ളവര്‍ക്ക് തടി കുറക്കാന്‍ ഏറ്റവും സഹായകമാണെന്നും പഠനത്തില്‍ പറയുന്നു.
12 ആഴ്ച തുടര്‍ച്ചയായി ബദാം കഴിച്ചവരില്‍ ഇന്‍സുലിന്‍ പ്രതിരോധം കുറയുകയും പാന്‍ക്രിയാറ്റിക് പ്രവര്‍ത്തനം മെച്ചപ്പെടുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുകയും ചെയ്തുവെന്ന് ഫ്രോണ്ടിയേഴ്‌സ് ഇന്‍ ന്യൂട്രീഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നു. ഇവരില്‍ ശരീര ഭാരം കുറയുകയും മൊത്തം കൊളസ്‌ട്രോള്‍ തോത് കുറഞ്ഞുവെന്നും ഗവേഷണത്തില്‍ പങ്കെടുത്ത മദ്രാസ് ഡയബറ്റിസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ മേധാവി വിശ്വനാഥ് മോഹന്‍ പറഞ്ഞു. അമിത വണ്ണം ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ആരോഗ്യ പ്രശ്‌നമാണ്. ടെപ്പ് 2 പ്രമേഹം പോലുള്ള വിട്ടുമാറാത്ത അസുഖങ്ങള്‍ക്ക് പൊണ്ണത്തടി കാരണമാകുകയും ചെയ്യുന്നു. പ്രമേഹവുമായി ഇഴചേര്‍ന്ന സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്ക് ലളിത പരിഹാരമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഡോ. വിശ്വനാഥ് മോഹന്‍ പറഞ്ഞു.
ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന പാന്‍ക്രിയാസിലെ ബീറ്റാ സെല്ലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാണ് ബദാം സഹായകമായതെന്ന് പ്രബന്ധം തയാറാക്കിയ മദ്രാസ് യൂനിവേഴ്‌സിറ്റിയിലെ പിഎച്ച്.ഡി ഗവേഷക ഗായത്രി രാജഗോപാല്‍ പറഞ്ഞു. സ്ഥിരമായി ബദാം കഴിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ടൈപ്പ് 2 പ്രമേഹത്തിന് സാധ്യതയുള്ളവര്‍ക്ക് ബദാം ആരോഗ്യകരമായ ലഘുഭക്ഷണമാക്കി മാറ്റാമെന്നും അവര്‍ പറഞ്ഞു.
ബദാം കഴിച്ച് പഠനത്തില്‍ പങ്കെടുത്തവരില്‍ പൊണ്ണത്തടിയും പ്രമേഹവും നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമായ കൊളസ്‌ട്രോളും ട്രൈഗിസറൈഡ്‌സും കുറഞ്ഞുവെന്നും ഗവേഷകര്‍ പറയുന്നു. ബദാം പോലുള്ള പരിപ്പുകള്‍ ആരോഗ്യകരമായ ഭക്ഷണ ഘടകമാണെന്നും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും അവര്‍ പറഞ്ഞു.
ഒരു ഔണ്‍സ് (28 ഗ്രാം) ബദം ആറു ഗ്രാം സസ്യ പ്രോട്ടീന്‍ നല്‍കുന്നുണ്ട്. ബദാമിന്റെ അനുകൂല ഫാറ്റി ആസിഡും  ഉയര്‍ന്ന വിറ്റാമിന്‍ ഇ ഉള്ളടക്കവും പഠനത്തില്‍ കണ്ടു.  കൊളസ്‌ട്രോളിന്റെയും െ്രെടഗ്ലിസറൈഡുകളുടെയും നിയന്ത്രണവുമായി പൊരുത്തപ്പെടുന്നതുമാണിതെന്ന്  മറ്റൊരു ഗവേഷകയായ മദ്രാസ് ഡയബറ്റിസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് ആര്‍.എം അഞ്ജന പറഞ്ഞു.
25-65 വയസ് പ്രായമുള്ള 400 പേരെയാണ് അവരുടെ ശരീര ഭാരവും കൂടി കണക്കിലെടുത്ത് ഗവേഷണത്തില്‍ പങ്കെടുക്കാനും സ്ഥരിമായ ബദാം നല്‍കാനും തെരഞ്ഞെടുത്തത്.
യു,എസിലെ പര്‍ഡ്യൂ സര്‍വകലാശാല, സ്‌പെയിനിലെ യൂണിവേഴ്‌സിറ്റാറ്റ് റോവിറ ഐ വിര്‍ജിലി, അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരും പഠനത്തില്‍ പങ്കെടുത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News