VIDOE അമിത ആദരവ് വേണ്ട, ശിരസ്സിലെ ചുംബനം വിലക്കി ഡോക്ടര്‍

യെമനി സയാമിസ് ഇരട്ടകളെ വേര്‍പ്പെടുത്തിയ ഡോ. അബ്ദുല്ല അല്‍റബീഅയുടെ ശിരസ്സ് കുട്ടികളുടെ പിതാവ് യൂസുഫ് അല്‍മലൈഹി ചുംബിക്കാന്‍ ശ്രമിക്കുന്നു.

റിയാദ് - യെമനി സയാമിസ് ഇരട്ടകളായ സല്‍മാനെയും അബ്ദുല്ലയെയും ഓപ്പറേഷനിലൂടെ വിജയകരമായി വേര്‍പ്പെടുത്തിയതായി റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലുമായ ഡോ. അബ്ദുല്ല അല്‍റബീഅ അറിയിച്ചു. നാഷണല്‍ ഗാര്‍ഡിനു കീഴിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ വെച്ചാണ് ആറു ഘട്ടങ്ങളായി നടന്ന അതിസങ്കീര്‍ണമായ ഓപ്പറേഷനിലൂടെ സയാമിസ് ഇരട്ടകളെ വേര്‍പ്പെടുത്തിയത്. ജീവിതത്തില്‍ ആദ്യമായി ഇപ്പോള്‍ ഇരുവരും വെവ്വേറെ കട്ടിലുകളില്‍ കിടക്കുന്നതായി ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.
ഓപ്പറേഷന്‍ പൂര്‍ത്തിയായ ശേഷം, തങ്ങളുടെ തോരാകണ്ണീരിനും ദുരിതങ്ങള്‍ക്കും അന്ത്യമുണ്ടാക്കി സല്‍മാനെയും അബ്ദുല്ലയെയും വിജയകരമായി വേര്‍പ്പെടുത്തിയ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. അബ്ദുല്ല അല്‍റബീഅയുടെ ശിരസ്സ് ചുംബിച്ച് കുട്ടികളുടെ പിതാവ് യൂസുഫ് അല്‍മലൈഹി സ്‌നേഹാദരങ്ങള്‍ പ്രകടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഡോ. അബ്ദുല്ല അല്‍റബീഅ തടഞ്ഞു. ഡോ. അബ്ദുല്ല അല്‍റബീഅയുടെ ഇരു കവിളുകളിലും തന്റെ കവിളുകള്‍ മുട്ടിച്ച് സ്‌നേഹം പ്രകടിപ്പിച്ച ശേഷമാണ് യൂസുഫ് അല്‍മലൈഹി ഡോ. അബ്ദുല്ല അല്‍റബീഅയുടെ ശിരസ്സ് ചുംബിക്കാന്‍ നിര്‍ബന്ധം പിടിച്ചത്. എന്നാല്‍ ഈ ശ്രമത്തെ ഡോ. അബ്ദുല്ല അല്‍റബീഅ ശക്തിയുക്തം എതിര്‍ക്കുകയായിരുന്നു.
സൗദി അറേബ്യ എല്ലാവര്‍ക്കും അഭിമാനമാണ്. സൗദി ഭരണാധികാരികള്‍ക്കും മെഡിക്കല്‍ സംഘത്തിനും സൗദി ജനതക്കും താന്‍ നന്ദി പറയുന്നു. എനിക്ക് വലിയ സന്തോഷം തോന്നുന്നു. അല്ലാഹുവിന് സ്തുതിയും നന്ദിയും. സയാമിസ് ഇരട്ടകള്‍ക്ക് വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയകള്‍ നടത്തുന്ന മേഖലയില്‍ സൗദി അറേബ്യ ലോകത്ത് മുന്‍നിരയിലാണെന്നും യൂസുഫ് അല്‍മലൈഹി പറഞ്ഞു.

 

 

Latest News