Sorry, you need to enable JavaScript to visit this website.

സോഷ്യല്‍ മീഡിയ കവരുന്ന ജീവിതം, ഇമോജികള്‍ കവരുന്ന ഭാഷ

സോഷ്യല്‍ മീഡിയയുടെ വരവോടു കൂടി മനുഷ്യര്‍ക്കിടയില്‍ നില നിന്നിരുന്ന സ്‌നേഹത്തിന്റെ ഭാഷയും വ്യാകരണവും ആകെ മാറി മറിഞ്ഞിരിക്കുന്നു. പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള ജെനറേഷന്‍ ഗ്യാപ് എന്ന് നമ്മള്‍ സാധാരണ വിളിക്കാറുള്ള അകലം അതിന്റെ പരകോടിയിലെത്തപ്പെട്ടിരിക്കുന്നു. പുതിയ തലമുറയ്‌ക്കൊപ്പം ഓടിയെത്താന്‍ മദ്ധ്യവയസ്‌ക സമൂഹം കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍, അതിനും മേലേയുള്ളവര്‍ ആ പരിശ്രമമേയുപേക്ഷിച്ച് പിന്മടങ്ങി അവരുടേതായ ലോകത്ത് ഒതുങ്ങിക്കൂടുന്നു.
തമ്മില്‍ത്തമ്മിലുള്ള സമ്പര്‍ക്കങ്ങളെല്ലാം ഇല്ലാതായി, ഞാനും എന്റെ സ്മാര്‍ട്ട് ഫോണും എന്ന നിലയിലേക്ക് മനുഷ്യരെല്ലാം ചുരുങ്ങുമ്പോള്‍ ഇതുവരെ നില നിന്നിരുന്ന ലോകക്രമത്തിന് തന്നെ പ്രകടമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. മക്കളുടെ കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടാകുന്ന മാതാപിതാക്കള്‍, മാതാപിതാക്കളെ ഏറെക്കുറെ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന മക്കള്‍, ഇവര്‍ക്കിടയില്‍പ്പെട്ട് കഴിഞ്ഞുപോയ നല്ല നാളുകളോര്‍ത്ത് സങ്കടത്താല്‍ നട്ടം തിരിയുന്ന വൃദ്ധജനങ്ങള്‍.


നിങ്ങള്‍ക്ക് പറയാനുള്ളത് വാട്‌സ്ആപ്പിലും അയക്കാം



5 ജി വേഗത കൈവന്ന ലോകത്ത് സോഷ്യല്‍ മീഡിയകളിലൂടെയുള്ള സുതാര്യതയും തുറന്നു പറച്ചിലുകളും മനുഷ്യനെ കൂടുതല്‍ സ്വാതന്ത്ര്യമുള്ളവനാക്കുന്നു. സ്വന്തം വാളിലൂടെ എന്തും വിളിച്ചു പറയാമെന്ന അവസ്ഥയില്‍, ഇന്ന് വിശുദ്ധനെ അവിശുദ്ധനാക്കാനും അവിശുദ്ധനെ വിശുദ്ധനാക്കാനും  വളരെ എളുപ്പമാണ്. മറ്റൊന്ന്, പരസ്പരവിശ്വാസങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്നു എന്നതാണ്. കാണാമറയത്തിരുന്ന് പരസ്പരം കാണാം,  മറകളില്ലാതെ,കണ്ണുകള്‍ കൊണ്ട് സ്വകാര്യതകള്‍ മുഴുവന്‍ ഊറ്റിയെടുക്കാമെന്നതും സമൂഹത്തെ അസാന്മാര്‍ഗ്ഗീയതയിലേക്ക് വഴി നടത്തും. മാത്രമല്ല സമയം കൊല്ലികളായ പല ആപ്പുകളുടേയും നിരന്തര ഉപയോഗം നിഷ്‌ക്രിയരായ ഒരുപറ്റം മനുഷ്യരെയാണ് സൃഷ്ടിക്കുന്നത്. സ്ഥാനത്തും അസ്ഥാനത്തും ഇമോജികളുടെ ഉപയോഗം ഭാഷ തന്നെ നഷ്ടപ്പെടുത്തുന്നു. ഗൂഗിള്‍ മാപ്പിന്റെ സഹായമില്ലാതെ ലക്ഷ്യത്തിലെത്താന്‍ കഴിയാത്തവരായി മനുഷ്യന്‍ നിസ്സഹായനാവുന്നു. വിവാഹേതര ബന്ധങ്ങള്‍ കുടുംബങ്ങളില്‍ അസ്വസ്ഥത  പുകയ്ക്കുന്നു.
ഇതൊക്കെയാണെങ്കിലും സാമൂഹിക സങ്കല്‍പങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഇല്ലാത്ത അവസ്ഥ ജനജീവിതം തന്നെ നിശ്ചലമാക്കും എന്നു വേണം കരുതാന്‍. സോഷ്യല്‍ മീഡിയകളുടെ ഗുണങ്ങള്‍ അതിന്റെ ദോഷങ്ങളോട് താരതമ്യപ്പെടുത്തുമ്പോള്‍ വളരെയേറെയാണ്.  ഏതൊരു വസ്തുതയ്ക്കും നല്ലതും ചീത്തയും ഉണ്ടെന്നിരിക്കേ  വിവേകപരമായ ഉപയോഗത്തിലൂടെ അതിന്റെ തിന്മകളെ ഒരു പരിധിവരെ തടഞ്ഞു വയ്ക്കാം.  യഥാര്‍ത്ഥ ജീവിതത്തിന്‍ എപ്പോഴും ഒന്നാം സ്ഥാനവും വെര്‍ച്വല്‍ ലോകത്തിന് രണ്ടാം സ്ഥാനവും കൊടുക്കാന്‍ പഠിക്കുകയാണെങ്കില്‍ സോഷ്യല്‍ മീഡിയയുടെ നീരാളിപ്പിടിത്തത്തില്‍ നിന്ന് ഏറെക്കുറെ മുക്തരാകുകയുമാകാം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News