ചോദ്യം ചെയ്തതിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവം, സിസിടിവി പരിശോധിക്കാമെന്ന് പോലീസ്

കൊല്ലം- ചാവറ പോലിസ് സ്‌റ്റേഷനിലേക്ക് ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയതിന് പിന്നാലെ യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി പോലീസ്. അശ്വന്തിനെ വിളിച്ച് വിവരങ്ങള്‍ ചോദിക്കുക മാത്രമാണ് ചെയ്തതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും ചവറ പോലിസ് പറഞ്ഞു.
ചവറ കുരിശ്ശുംമൂട് സൂര്യവസന്ത വിലാസത്തില്‍ പരേതനായ വിജയ് തുളസിയുടെ മകന്‍ അശ്വന്ത് വിജയ്(22) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ വീട്ടില്‍ തൂങ്ങി മരിച്ചത്.
പോലിസ് ഭീഷണിപ്പെടുത്തിയത് മൂലമാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാരോപിച്ച് ബന്ധുക്കള്‍ മൃതദേഹവുമായി പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു. സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എ , കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാര്‍ , മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ എന്നിവര്‍ സ്ഥലത്തെത്തി ബന്ധുക്കളുമായി ചര്‍ച്ച നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി
സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷമാണ് രംഗം ശാന്തമായത്. പോലിസ് ക്യാമ്പലെ അസിസ്റ്റന്റ് കമാന്‍ഡന്റിന്റെ മകളുമായി അശ്വന്ത് പ്രണയത്തിലായിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ അസിസ്റ്റന്റ് പോലീസ് കമാന്റിന്റെ
മകളെ അശ്വന്ത് പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നു എന്നാരോപിച്ച് കമാന്റിന്റെ ഭാര്യ ചവറ പോലിസില്‍ വ്യാജ പരാതി നല്‍കുകയായിരുന്നു വെന്ന് മരിച്ച യുവാവിന്റെ ബന്ധുക്കള്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അശ്വന്തിനെ കഴിഞ്ഞ ദിവസം ചവറ പോലിസ് വിളിച്ച് വരുത്തി ചോദ്യം ചെയ്തു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ വാങ്ങി വെക്കുകയും ചെയ്തു. ഇതിനിടെ
പെണ്‍കുട്ടി കൈ നരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇതറിഞ്ഞ പോലിസ് മണിക്കൂറകള്‍ക്ക് ശേഷം ഇയാളെ  വെള്ളിയാഴ്ച രാവിലെ സ്‌റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ്  
വിട്ടയച്ചത്. ഏതാണ്ട് രാത്രി പതിനൊന്ന് മണിയോടെ വീട്ടിലെത്തിയ അശ്വന്തിനെ രാവിലെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News