ദുബായില്‍ അശ്ലീല സൈറ്റില്‍ കയറിയെന്ന് പോലീസിന്റെ പേരില്‍ സന്ദേശം, പോയിക്കിട്ടിയത് 12,500 ദിര്‍ഹം

ദുബായ്- അശ്ലീല വെബ് സൈറ്റുകളില്‍ കയറിയെന്ന് പോലീസിന്റെ പേരില്‍ ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന സംഭവങ്ങള്‍ യു.എ.ഇയില്‍ വര്‍ധിച്ചു. ഫോണില്‍ ലഭിച്ച സന്ദേശം പോലീസിന്റേതാണെന്ന് വിശ്വസിച്ച് 12,500 ദിര്‍ഹം അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തയാളുടെ അനുഭവം പങ്കുവെച്ചരിക്കയാണ് മാധ്യമ പ്രവര്‍ത്തകനായ ആര്‍.ജെ. ഫസ്‌ലു സമൂഹ മാധ്യമത്തില്‍.
ദുബായ് ബര്‍ഷ പോലീസ് സ്‌റ്റേഷനില്‍നിന്ന് ലഫ്. കേണല്‍ മുഹമ്മദ് ഹസന്റെതായി ലഭിച്ച സന്ദേശം വിശ്വസിച്ച സുഹൃത്തിനാണ് അബദ്ധം പിണഞ്ഞതെന്ന് ഫസ് ലു പറയുന്നു. പോണ്‍ വെബ് സൈറ്റില്‍ കയറിയെന്നും അഭിസാരികകള്‍ക്കുവേണ്ടി സെര്‍ച്ച് ചെയ്തുവെന്നും ഇതെല്ലാം മോണിറ്റര്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു പോലീസിന്റെ പേരിലുള്ള സന്ദേശം. ലൊക്കേഷന്‍ ട്രാക്ക് ചെയ്തിട്ടുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കണമെങ്കില്‍ അഞ്ച് മിനിറ്റിനകം താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ഫൈന്‍ അടക്കണമെന്നുമായിരുന്നു സന്ദേശം.
മെസേജ് കിട്ടിയ ഉടന്‍ ഫൈനടച്ചുവെന്നാണ് തട്ടിപ്പിനിരയായ ആള്‍ പറഞ്ഞത്. എന്തുകൊണ്ട് തിടുക്കത്തില്‍ ഫൈനടച്ചുവെന്ന് ചോദിച്ചപ്പോള്‍ കൂടുതല്‍ മാനക്കേട് ഒഴിവാക്കാനാണെന്നായിരുന്നു മറുപടി. ഏതായാലും സൈറ്റ് സന്ദര്‍ശിച്ചിട്ടുണ്ട്, പോലീസിന് അതു ബോധ്യപ്പെടുകയും ചെയ്തു. ഫൈനടച്ച് രക്ഷപ്പെടുക മാത്രമാണല്ലോ പിന്നീട് മുന്നിലുള്ള വഴി. കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കണമെങ്കില്‍ മിനിറ്റുകള്‍ മാത്രമേ ബാക്കിയുള്ളൂവെന്നും സന്ദേശത്തിലുണ്ടായിരുന്നു.
അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പോയോ ഫോണ്‍ വഴിയോ സന്ദേശം ഒറിജിനലാണോ വ്യാജമാണോ എന്നൊക്കെ പരിശോധിക്കാന്‍ വഴി ഉണ്ടായിരുന്നിട്ടും ഇവിടെ വളരെ എളുപ്പത്തില്‍ തട്ടിപ്പിനരയാകുകയാണ് ചെയ്തത്.  
രാജ്യദ്രോഹം, തീവ്രവാദം തുടങ്ങിയ കേസുകളിലാണെങ്കില്‍ പോലീസ് ഉടന്‍ തന്നെ അറസ്റ്റിലേക്കും മറ്റു നടപടികളിലേക്കും നീങ്ങും. പോണ്‍ സൈറ്റ് കണ്ടതു പോലുള്ള കേസുകളില്‍ ധൃതിപിടിച്ചുള്ള നടപടികളുണ്ടാകില്ലെന്ന ധാരണയെങ്കിലും വേണമെന്നും യു.എ.ഇയില്‍ മാത്രമല്ല, സൗദിയടക്കം മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളിലും പോലീസുമായി ബന്ധപ്പെട്ട് പണമടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ലഭിക്കുന്ന ലിങ്കുകള്‍ പരിശോധിക്കാന്‍ സാധിക്കുമെന്നും ആര്‍ജ ഫസ് ലു പ്രവാസികളെ ഉണര്‍ത്തുന്നു.
ഇതിനു പുറമെ, അശ്ലീല സിനിമ കണ്ടതിന്റെ പേരില്‍ കംപ്യൂട്ടര്‍ ബ്ലോക്ക് ചെയ്ത കാര്യവും ഫസ് ലു ശ്രദ്ധയില്‍ പെടുത്തുന്നു. 3700 ദിര്‍ഹം പിഴയടക്കണമെന്നാണ് ദുബായ് പോലീസിന്റെ പേരില്‍ മെസേജ് ലഭിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Fazlu (@rjfazlu)

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Fazlu (@rjfazlu)

 

Latest News