ദല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ പോലീസ് സന്നാഹം, നിരോധനാജ്ഞ; വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രതിക്കൂട്ടിലാക്കുന്ന ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തെ തുടര്‍ന്ന് ദല്‍ഹി യൂനിവേഴ്‌സിറ്റിയുടെ ആര്‍ട് ഫാക്കല്‍റ്റിക്കു പുറത്ത് 144 പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വലിയ ആള്‍ക്കൂട്ടങ്ങള്‍ നിരോധിച്ചത്.
ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങിയ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍  വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ദല്‍ഹി നോര്‍ത്ത് ജില്ലയിലാണ് രണ്ട് സര്‍വ്വകലാശാലകളും.
ദല്‍ഹി സര്‍വകലാശാലയിലെ ആര്‍ട്‌സ് ഫാക്കല്‍റ്റിക്ക് പുറത്ത് പ്രതിഷേധിച്ച എന്‍എസ്‌യുഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കാമ്പസിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ പുറത്ത് വിന്യസിച്ചിട്ടുണ്ട്.
വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാല്‍ ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പ്രസിഡന്‍സി സര്‍വകലാശാലയില്‍ മുടങ്ങി. സര്‍വ്വകലാശാല അധികൃതര്‍ വൈദ്യുതി വിച്ഛേദിച്ചതായി എസ്എഫ്‌ഐ അംഗങ്ങള്‍ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി മോഡിയെക്കുറിച്ചുള്ള വിവാദ ബിബിസി സീരീസ് വിദ്യാര്‍ഥികള്‍ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല കാമ്പസിലെ വൈദ്യുതി വിച്ഛേദിച്ചതിന് തൊട്ടുപിന്നാലെയാണ് ദല്‍ഹിയിലെ മറ്റു സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും പോലീസിന്റേയും വാഴ്‌സിറ്റി അധികൃതരുടേയും നടപടികള്‍ നേരിടുന്നത്.
കാമ്പസില്‍ ഡോക്യുമെന്ററിയുടെ പൊതു പ്രദര്‍ശനം അനുവദിക്കില്ലെന്ന് ദല്‍ഹി സര്‍വകലാശാല അധികൃതര്‍അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ അവരുടെ ഫോണുകളില്‍ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് അവരുടെ വിവേചനാധികാരമാണെന്നാണ് അധികൃതരുടെ നിലപാട്.
വിഷയത്തില്‍ ദല്‍ഹി പൊലീസിന് കത്തയച്ചിട്ടുണ്ടെന്നും അവര്‍ നടപടിയെടുക്കുമെന്നും ദല്‍ഹി യൂണിവേഴ്‌സിറ്റി പ്രോക്ടര്‍ രജനി അബി പറഞ്ഞു.
അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം അനുവദിക്കാന്‍ കഴിയില്ലെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News