Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാജ്യങ്ങൾക്കുള്ള നിരുപാധിക സഹായം സൗദി നിർത്തി, കരാറൊപ്പുവെക്കാതെ യെമൻ യുദ്ധം നിർത്തില്ല

റിയാദ് - ഹൂത്തി മിലീഷ്യകളും യെമൻ ഗവൺമെന്റും കരാർ ഒപ്പുവെക്കാതെ യെമൻ യുദ്ധം അവസാനിക്കില്ലെന്ന് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ദാവോസ് ലോക സാമ്പത്തിക ഫോറത്തിൽ പറഞ്ഞു. ഇത്തരമൊരു കരാറുണ്ടാക്കാനാണ് യെമനിലേക്കുള്ള യു.എൻ ദൂതനും ബന്ധപ്പെട്ട കക്ഷികളും ശ്രമിക്കുന്നതെന്നും വിദേശ മന്ത്രി പറഞ്ഞു. മേഖലാ സുരക്ഷക്കും സ്ഥിരതക്കും ഭീഷണി സൃഷ്ടിക്കുന്ന കാര്യം കണക്കിലെടുത്ത് ഹൂത്തികളെ ഭീകരരായി പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ സൗദി പ്രതിനിധി അംബാസഡർ അബ്ദുൽ അസീസ് അൽവാസിൽ യു.എൻ രക്ഷാസമിതി യോഗത്തിൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 
അതേസമയം, വിദേശ രാജ്യങ്ങൾക്ക് നിരുപാധിക സഹായങ്ങൾ നൽകുന്ന രീതിയിൽ സൗദി അറേബ്യ മാറ്റം വരുത്തുമെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. നേരത്തെ യാതൊരുവിധ ഉപാധികളും കൂടാതെയാണ് സൗദി അറേബ്യ സഹായങ്ങൾ നൽകിയിരുന്നത്. ഈ രീതിയിൽ മാറ്റംവരുത്തും. യഥാർഥ നേട്ടങ്ങൾ ലഭിക്കാൻ പരിഷ്‌കാരങ്ങൾ നടപ്പാക്കണമെന്ന ഉപാധിയോടെയാണ് ഭാവിയിൽ വിദേശ രാജ്യങ്ങൾക്ക് സഹായങ്ങൾ നൽകുക. ഞങ്ങളുടെ ജനങ്ങളുടെ മേൽ ഞങ്ങൾ നികുതി ചുമത്തുന്നു. മറ്റുള്ളവരും ഇങ്ങിനെ ചെയ്യണമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മറ്റു രാജ്യങ്ങളെ സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ അവരുടെ ഭാഗം അവർ ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. 
ലോകത്ത് വികസന സഹായങ്ങൾ നൽകുന്നതിൽ ഒന്നാം സ്ഥാനത്താണ് സൗദി അറേബ്യ. ഞങ്ങൾ ഇപ്പോൾ ഞങ്ങളുടെ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മേഖലക്ക് സൗദി അറേബ്യ ഒരു മാതൃകയാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പരിഷ്‌കാരങ്ങൾ വരുത്താൻ അയൽ രാജ്യങ്ങളെയും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ഓർഗനൈസേഷൻ ഫോർ കോ-ഓപ്പറേഷൻ ആന്റ് ഡെവലപ്‌മെന്റ് റിപ്പോർട്ട് പ്രകാരം സഹായ വികസന മേഖലയിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്താണെന്നും ധനമന്ത്രി പറഞ്ഞു.
 

Tags

Latest News