Sorry, you need to enable JavaScript to visit this website.

ലക്ഷത്തിലേറെ ദിര്‍ഹം വിലയുള്ള വാച്ച്, യുവതിയെ ഞെട്ടിച്ച് ദുബായ് പോലീസ്

ദുബായ്- ഒരു വര്‍ഷം മുമ്പ് നഷ്ടമായെന്നു കരുതിയ വിലകൂടിയ വാച്ച് തിരികെ ലഭിച്ചത് വിശ്വസിക്കാനാകാതെ യു.എ.ഇയിലെത്തിയ വിനോദ സഞ്ചാരി. കഴിഞ്ഞ സന്ദര്‍ശനത്തിനിടെ 1,10,000 ദിര്‍ഹം വിലമതിക്കുന്ന  വാച്ച് നഷ്ടപ്പെട്ട കിര്‍ഗിസ് വിനോദസഞ്ചാരി തന്റെ ആഡംബര വാച്ച് തിരികെ ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒരു വര്‍ഷം മുമ്പ് അത് കാണാതായപ്പോള്‍ കിര്‍ഗിസ് യുവതി ഒരു പരാതി പോലും ഫയല്‍ ചെയ്തിരുന്നുമില്ല.

വീണ്ടും ദുബായ് നഗരത്തിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ദുബായ് പോലീസിന്റെ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഡിപ്പാര്‍ട്ട്‌മെന്റ് വാച്ച് തിരികെ നല്‍കിയത്.നേരത്തെ ഇവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍നിന്നാണ് വാച്ച് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെതന്ന് ദുബായ് പോലീസിന്റെ കിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം പറയുന്നു.

വാഹനാപകടത്തില്‍ പെട്ടതിന് ശേഷമാണ് യുവതി മാതൃരാജ്യത്തേക്ക് മടങ്ങിയിരുന്നത്. വാച്ച് നഷ്ടമായത് അറിഞ്ഞിരുന്നുവെങ്കിലും എവിടെയെങ്കിലും കളഞ്ഞുപോയതാകുമെന്നാണ് കരുതിയത്.  അതുകൊണ്ടുതന്നെ ദുബായ് പോലീസിനെ അറിയിച്ചതുമില്ല.
കിര്‍ഗിസ് അതിഥികളില്‍ ഒരാള്‍ മറന്നു പോയതാണെന്ന് അറിയിച്ചാണ് ഹോട്ടല്‍ അധികൃതര്‍ വാച്ച് തങ്ങളെ ഏല്‍പിച്ചതെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ ജമാല്‍ സാലി അല്‍ ജല്ലാഫ് പറഞ്ഞു.

ഹോട്ടല്‍ രജിസ്‌ട്രേഷനില്‍ നല്‍കിയിരുന്നത് ട്രാവല്‍ ഏജന്‍സിയുടെ നമ്പറായതിനാല്‍ ഉടനടി ഉടമയെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. കൂടുതല്‍ അന്വേഷണത്തില്‍ കോണ്‍ടാക്റ്റ് വിവരങ്ങള്‍ ലഭിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഫോണ്‍ നമ്പറിലൂടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

പിന്നീട് ദുബായ് പോലീസ് വാച്ച് സൂക്ഷിക്കുകയും പ്രത്യേകം രേഖപ്പെടുത്തിവെക്കുകയുമായിരുന്നു. ഇതുവഴി കിര്‍ഗിസ് ടൂറിസ്റ്റ് തിരികെ വന്നപ്പോള്‍ വാച്ച് കൈമാറാന്‍ കഴിഞ്ഞു. തന്റെ വിലയേറിയ വാച്ച് തിരികെ ലഭിച്ച കിര്‍ഗിസ് വനിത അത്യധികം സന്തോഷിക്കുകയും ദുബായ് പോലീസിന് നന്ദി അറിയിക്കുകയും ചെയ്തു.

വിനോദസഞ്ചാരികളുടെയും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും സന്തോഷവുമാണ് ദുബായ് പോലീസിനെ സംബന്ധിച്ചിടത്തോളം പ്രഥമ പരിഗണനയെന്ന് മേജര്‍ ജനറല്‍ അല്‍ ജല്ലാഫ് പറഞ്ഞു.

സൗദിയിൽ കാർഷിക മേഖലയിൽ മൂന്നു ശതമാനം വളർച്ച

റിയാദ്- കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ സൗദിയിൽ കാർഷിക മേഖല 3.1 ശതമാനം വളർച്ച കൈവരിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. മൂന്നാം പാദത്തിൽ കാർഷിക മേഖലയിലെ മൊത്തം ആഭ്യന്തരോൽപാദനം 16.4 ബില്യൺ റിയാലായി ഉയർന്നു. 2021 മൂന്നാം പാദത്തെ അപേക്ഷിച്ച് 48.6 കോടി റിയാൽ കൂടുതലാണിത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മൂന്നാം പാദത്തിൽ കാർഷിക മേഖലാ വളർച്ച സർവകാല റെക്കോർഡ് ആണ്. കാർഷിക മേഖലയിലെ മൊത്തം ആഭ്യന്തരോൽപാദനം 2021 മൂന്നാം പാദത്തിൽ 15.9 ബില്യൺ റിയാലും 2020 മൂന്നാം പാദത്തിൽ 15.6 ബില്യൺ റിയാലും 2019 മൂന്നാം പാദത്തിൽ 15.4 ബില്യൺ റിയാലുമായിരുന്നു.
കാർഷിക നയത്തിനും വിഷൻ 2030 പദ്ധതിക്കും അനുസൃതമായി ഭക്ഷ്യസുരക്ഷ കൈവരിക്കാൻ ഉന്നമിട്ട് ചില കാർഷികോൽപന്നങ്ങളുടെ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. 2022 മൂന്നാം പാദത്തിൽ പെട്രോളിതര ആഭ്യന്തരോൽപാദനത്തിൽ കാർഷിക മേഖലാ സംഭാവന 5.4 ശതമാനവും രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ കാർഷിക മേഖലാ സംഭാവന 2.3 ശതമാനവുമാണ്. കഴിഞ്ഞ വർഷം കന്നുകാലി വളർത്തലും മത്സ്യബന്ധനവും തേൻ ഉൽപാദനവും അടക്കം കാർഷിക മേഖലയിലെ ആകെ ആഭ്യന്തരോൽപാദനം 62 ബില്യൺ റിയാലിനും 64 ബില്യൺ റിയാലിനും ഇടയിലാണെന്നാണ് കണക്കാക്കുന്നത്. ഇത് സർവകാല റെക്കോർഡ് ആണ്.
കാർഷിക മേഖലാ ആഭ്യന്തരോൽപാദനം 2021 ൽ 61.8 ബില്യൺ റിയാലായിരുന്നു. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് 1.6 ബില്യൺ റിയാൽ കൂടുതലാണിത്. 2021 ൽ കാർഷിക മേഖലയിൽ 2.6 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. എട്ടു വർഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വളർച്ചയായിരുന്നു അത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News